40% വാര്‍ഷിക വളര്‍ച്ച പ്രതീക്ഷിച്ച് സൊമാറ്റോ, ഓഹരി 22% വരെ മുന്നേറാം

ഏകീകൃത വരുമാനം 70.9% വര്‍ധിച്ച് 2,416 കോടി രൂപയായി. ലാഭകരമല്ലാത്ത ചെറു ഭക്ഷണശാലകള്‍ സൊമാറ്റോയില്‍ നിന്ന് പുറത്തായി

Update: 2023-08-10 10:33 GMT

ഇന്ത്യ ഉള്‍പ്പടെ 24 രാജ്യങ്ങളില്‍ ഭക്ഷ്യ വിതരണം നടത്തുന്ന സൊമാറ്റോ (Zomato Ltd) 2023 -24 ജൂണ്‍ പാദത്തില്‍ വരുമാനത്തിലും അറ്റാദായത്തിലും മികച്ച വളര്‍ച്ച കൈവരിച്ചത് കൊണ്ട് ഓഹരിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, വിശദാംശങ്ങള്‍ അറിയാം:

1. 2023-24 ജൂണ്‍ പാദത്തിലെ സൊമാറ്റോയുടെ വരുമാനം 70.9% വര്‍ധിച്ച് 2,416 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാന (EBITDA ) നഷ്ടം 48 കോടി രൂപയായി കുറഞ്ഞു (മുന്‍പ് 307 കോടി രൂപ), അറ്റാദായം ആദ്യമായി പോസിറ്റീവായി (രണ്ടു കോടി രൂപ). ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള ചെലവുകള്‍ 3.1% കുറഞ്ഞതും കമ്പനിയുടെ സാമ്പത്തിക നില മെച്ചപ്പെടുത്തി.

2. ഇന്ത്യന്‍ ഭക്ഷ്യ ഓര്‍ഡര്‍-വിതരണ ബിസിനസ് 18.5% വര്‍ധിച്ച് 1,742 കോടി രൂപയായി. സീസണല്‍ ഓര്‍ഡറുകള്‍ അനുകൂലമായതും, സൊമാറ്റോ ഗോള്‍ഡ് മെമ്പര്‍ഷിപ്പ് കൂടിയതും കമ്പനിക്ക് നേട്ടമായി. ഭക്ഷ്യ വിതരണ ബിസിനസില്‍ ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ സാധിച്ചു.

3. സൊമാറ്റോ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നത് കൊണ്ട് വരും വര്‍ഷങ്ങളില്‍ 40% വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

4. വരും പാദങ്ങളില്‍ EBITDA മാര്‍ജിന്‍ 4-5 % കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

പലചരക്ക് സാധനങ്ങള്‍ ഭക്ഷണ ശാലകള്‍ക്ക് എത്തിക്കുന്ന ഹൈപ്പര്‍ പ്യുവര്‍ ബിസിനസ് മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. വരുമാനം 126% വര്‍ധിച്ച് 617 കോടി രൂപയായി. ബ്ലിങ്ക്ഇറ്റ് എന്ന ക്വിക്ക് കോമേഴ്സ് ബിസിനസ് 384 കോടി രൂപ വരുമാനം നേടി.

5. ഭക്ഷ്യ വിതരണ ബിസിനസിന് ഇനിയും വളര്‍ച്ചാ സാധ്യത ഉണ്ട്. സൊമാറ്റോയുടെ പ്രവര്‍ത്തനവും, ലാഭക്ഷമതയും മെച്ചപ്പെടുത്താന്‍ വിപണിയില്‍ അവസരങ്ങളുണ്ട്.

6. ശരാശരി ഓര്‍ഡര്‍ മൂല്യം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ചെറിയ, ലാഭകരമല്ലാത്ത ഭക്ഷണ ശാലകള്‍ സൊമാറ്റോയില്‍ നിന്ന് പുറത്തായി. തുടര്‍ന്നും ശരാശരി ഓര്‍ഡര്‍ തുക വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില- 114 രൂപ

നിലവില്‍- 94 രൂപ

(Stock Recommendation by Geojit Financial Services).

#stock recommendation #Zomato Ltd

Tags:    

Similar News