പുതിയ മരുന്നുകളുമായി അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റം, ഈ ഫാര്‍മ ഓഹരി 28% ഉയര്‍ച്ച നേടാം
വരുമാനത്തില്‍ 10% വര്‍ധനവ്, അപസ്മാരത്തിനുള്ള മരുന്നിന് അംഗീകാരം ലഭിക്കുന്ന ഏക കമ്പനിയായി മാറാനും സാധ്യതകൾ
പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സൈഡസ് ലൈഫ് സയന്‍സസ് (Zydus Lifesciences Ltd) നേരത്തെ കാഡില ഹെല്‍ത്ത് കെയര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ 20 വര്‍ഷ കാലയളവില്‍ 335 മരുന്നുകള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ പുറത്തിറക്കാന്‍ അനുമതി ലഭിച്ചു. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ഇന്ത്യന്‍ ഫാര്‍മ വ്യവസായത്തില്‍ 4 മത്തെ സ്ഥാനമാണ്.
2022-ലും ചില മരുന്നുകള്‍ ആദ്യമായി അമേരിക്കന്‍ വിപണിയില്‍ വില്‍ക്കാന്‍ അനുമതി നേടിയിട്ടുണ്ട്. അപസ്മാരത്തിനും, കടുത്ത തലവേദനക്കും (migraine) ഉള്ള ടോപ്പിറമേറ്റ് (Topiramate) എന്ന മരുന്ന് പുറത്തിറക്കാന്‍ കഴിയുന്ന ഒരേ ഇന്ത്യന്‍ കമ്പനിയാകും സൈഡസ്. ഈ മരുന്ന് വില്‍ക്കുന്നതിലൂടെ 488 ദശലക്ഷം ഡോളര്‍ വാര്‍ഷിക വിറ്റുവരവ് നേടാന്‍ സാധിക്കും.
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 10 % വര്‍ധിച്ച് 4130 കോടി രൂപയായി. ഇന്ത്യന്‍, യു എസ് വിപണിയില്‍ ഇരട്ട അക്ക വളര്‍ച്ച നേടാന്‍ കഴിഞ്ഞു. അറ്റാദായം 520 കോടി രൂപയായി. ഹൃദ്രോഗം, ഗൈനക്കോളജി, ശ്വാസകോശ, ഗ്യാസ്ട്രോ വിഭാഗത്തില്‍ പെട്ട മരുന്നുകളുടെ വിപണനത്തില്‍ മികച്ച വളര്‍ച്ച നേടാന്‍ കഴിഞ്ഞു.
കണ്‍സ്യൂമര്‍ വെല്‍നെസ് ബിസിനസില്‍ 12 % വളര്‍ച്ച നേടി 420 കോടി രൂപയായി. ഗ്ലൂക്കോണ്‍ -ഡി (Glucon-D) നൈസില്‍ (Nycil), എവെര്‍യൂത്ത് (Everyuth) എന്നി ബ്രാന്‍ഡുകളാണ് ഈ വിഭാഗത്തില്‍ വളര്‍ച്ചയെ സഹായിക്കുന്നത്.
ഫോര്‍മുലേഷന്‍സ് (Formulations) ബിസിനസ് ഇന്ത്യയിലും അമേരിക്കയിലും ഉയര്‍ന്നു വരുന്ന വിപണികളിലും മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 1100 കോടി രൂപയാണ് ഗവേഷണത്തിനും വികസനത്തിനും ചെലവാക്കുന്നത്. അതില്‍ മൂന്നില്‍ രണ്ടു ഭാഗം ജനറിക്‌സ് (generics), ബയോ സിമിലാര്‍സ് (biosimilars) എന്നി വിഭാഗത്തിലാണ് ചെലവാകുന്നത്. പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 11.67 % നിന്ന് 32.86 ശതമാനമായി ഉയരും. ഡിസംബര്‍ മൂന്നാം വാരം മുതല്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്-409 രൂപയില്‍ നിന്ന് 432 രൂപ വരെ ഉയര്‍ന്നു.
അര്‍ബുദത്തിന് എതിരായിട്ട് ഉജ്വിര (Ujvira) എന്ന കുത്തി വെയ്പ് 2021 ല്‍ പുറത്തിറക്കി. ശക്തമായ ഗവേഷണ അടിത്തറയാണ് ഇത് സാധ്യമാക്കുന്നത്. ഗുജറാത്തിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ ഉള്ള ഉല്‍പ്പാദന കേന്ദ്രം കയറ്റുമതിക്കുള്ള ഗുണമേന്മ പരീക്ഷണങ്ങള്‍ കടക്കാന്‍ സാധിച്ചിട്ടുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -554 രൂപ
നിലവില്‍ - 436 രൂപ
(Stock Recommendation by Systematix Institutional Equities)