ഡിജിറ്റൽ സേവനങ്ങൾക്ക് ഊന്നൽ, ഈ എൻ.ബി.എഫ്.സി ഓഹരി മുന്നേറാം

വായ്‌പ വിതരണത്തിലും കൈകാര്യം ചെയ്യുന്ന ആസ്തിയിലും മികച്ച വളർച്ച കൈവരിച്ച് പൂനവാല ഫിൻകോർപ്

Update:2023-07-05 13:06 IST
Image : Canva

പൂനവാല ഫിനാൻസ്, മാഗ്മ ഫിൻകോർപ് എന്നിവയുടെ ലയനത്തോടെ സ്ഥാപിതമായ എൻ.ബി.എഫ്.സിയാണ് പൂനവാല ഫിൻകോർപ്. 2021-22 മുതൽ 2022-23 കാലയളവിൽ വായ്‌പ വിതരണത്തിൽ 155%, കൈകാര്യം ചെയ്യുന്ന ആസ്തിയിൽ 26% എന്നിങ്ങനെ വർധന രേഖപ്പെടുത്തി (16,100 കോടി രൂപ). ഈ സാഹചര്യത്തിൽ ഓഹരിയിൽ മുന്നേറ്റം ഉണ്ടാകുമെന്ന് കരുതുന്നു, വിശദാംശങ്ങൾ നോക്കാം.

1. മൊത്തം വായ്‌പകളിൽ 28% ബിസിനസ് വായ്‌പകളും ഉപയോഗിച്ച കാർ വാങ്ങാനുള്ള വായ്‌പ 17% വുമാണ്. സുരക്ഷിതമായ വായ്‌പകൾ 40%, സുരക്ഷിതമല്ലാത്ത വായ്‌പകൾ 60% എന്നിങ്ങനെയാണ് നൽകുന്നത്.

2. ഡിജിറ്റൽ സേവനങ്ങൾക്കും മാർക്കറ്റിങ്ങിനും ഊന്നൽ നൽകുന്ന കമ്പനിയാണ്. 79% സേവനങ്ങളും ഡിജിറ്റലായിട്ടാണ് പൂർത്തീകരിക്കുന്നത്.

3. ഡിജിറ്റൽ സാങ്കേതികതക്ക് ഊന്നൽ നൽകുന്നതിനാൽ അടുത്ത 3-4 വർഷത്തിൽ 2,500 ജീവനക്കാരും 100 ബ്രാഞ്ചുകളുമായി അനായാസം പ്രവർത്തിക്കാൻ സാധിക്കുമെന്ന് കമ്പനി കരുതുന്നു. നിലവിൽ 115 ബ്രാഞ്ചുകൾ ഉണ്ട് . ബ്രാഞ്ച് എംപ്ലോയി ലൈറ്റ് മാതൃകയിലാണ് പ്രവർത്തിക്കുന്നത്.

4 . ക്രിസിലിന്റെ AAA റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. മൊത്തം നിഷ്ക്രിയ ആസ്തി 1.44 ശതമാനമായി കുറഞ്ഞു. റിസർവ് ബാങ്ക് പലിശ നിരക്കുകൾ വർധിപ്പിച്ചത് കടം എടുക്കൽ ചെലവ് 7.9 ശതമാനമായി വർധിച്ചു. എങ്കിലും അറ്റ പലിശ മാർജിൻ 11.3 ശതമാനമായി ഉയർത്താൻ സാധിച്ചു.

5. കുറഞ്ഞ പ്രവർത്തന ചെലവ്, കുറഞ്ഞ ഫണ്ട് ചെലവ് ബിസിനസ് മാതൃകയാണ് കമ്പനി പിന്തുടരുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ വായ്‌പ വിതരണത്തിൽ 153% വർധന രേഖപ്പെടുത്തി, എന്നാൽ ജീവനക്കാരുടെ എണ്ണം 53% കുറച്ചു. മാർച്ച് 2022 ൽ 5,184 ജീവനക്കാർ ഉണ്ടായിരുന്ന സ്ഥാനത്ത് 2023 മാർച്ചിൽ ജീവനക്കാരുടെ എണ്ണം 2,452 ആയി കുറഞ്ഞു.

2022-23 മുതൽ 2025-26 വരെയുള്ള കാലയളവിൽ വായ്‌പ വിതരണത്തിൽ 31% വർധനവ്, കൈകാര്യം ചെയ്യുന്ന ആസ്തികളുടെ വളർച്ച 37% എന്നിങ്ങനെ കൈവരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സഹോദര സ്ഥാപനമായ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പണ ലഭ്യത ധനകാര്യ ബിസിനസ് വളർച്ചക്ക് സഹായകരമാകും.

നിക്ഷേപകർക്കുള്ള നിർദേശം -വാങ്ങുക (Buy)

 ലക്ഷ്യ വില -430 രൂപ

നിലവിൽ- 360 രൂപ

Stock Recommendation by Emkay Research 

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News