വികസന പദ്ധതികളുമായി ടാര്‍സണ്‍സ് പ്രോഡക്ട്‌സ്, ഓഹരിയില്‍ മുന്നേറ്റ സാധ്യത

പശ്ചിമ ബംഗാളില്‍ അഞ്ച് ഉത്പാദന കേന്ദ്രങ്ങള്‍, പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നു

Update:2023-06-28 14:43 IST

Image : Canva

പ്ലാസ്റ്റിക്ക് ലാബ് ഉത്പന്നങ്ങള്‍ നിര്‍മിച്ച് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിപണനം നടത്തുന്ന പ്രമുഖ കമ്പനിയാണ് കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാര്‍സണ്‍സ് പ്രോഡക്ട്‌സ് (Tarsons Products Ltd). വിദ്യാഭാസ/ഗവേഷണ സ്ഥാപനങ്ങള്‍, ഔഷധ കമ്പനികള്‍, ഡയഗ്‌നോസ്റ്റിക്‌സ് ലാബുകള്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ കമ്പനിയുടെ പ്രധാന ഉപയോക്താക്കള്‍. വന്‍ വികസനവുമായി മുന്നോട്ട് പോകുന്ന കമ്പനിയുടെ ഓഹരി മൂല്യം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. കൂടുതല്‍ വിശദാംശങ്ങള്‍ നോക്കാം.

1. ഇന്ത്യയില്‍ പ്ലാസ്റ്റിക്ക് ലാബ് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന മൂന്ന് പ്രമുഖ കമ്പനികളില്‍ ഒന്നാണ് ടാര്‍സണ്‍സ്. കുപ്പികള്‍, പിപ്പറ്റ്, സെന്‍ട്രിഫ്യൂഗ് ട്യൂബുകള്‍, ക്രയോജനിക്ക് വെയര്‍ തുടങ്ങിയ ഉത്പന്നങ്ങളാണ് നിര്‍മിക്കുന്നത്.
2. നിലവില്‍ പശ്ചിമ ബംഗാളില്‍ അഞ്ച് ഉത്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. നിലവിലുള്ള ഉത്പാദന ശേഷിയുടെ രണ്ടിരട്ടിയുള്ള പുതിയ ഉത്പാദന കേന്ദ്രം പഞ്ചലായില്‍ സ്ഥാപിക്കുകയാണ്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ (2023-24) പ്രവര്‍ത്തനം ആരംഭിക്കും. പുതിയ ഉത്പാദന കേന്ദ്രം പ്രധാനമായും സെല്‍ കള്‍ച്ചര്‍ ഉത്പന്നങ്ങളാണ് നിര്‍മിക്കാന്‍ പോകുന്നത്. ഈ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണി 50 കോടി രൂപയും, കയറ്റുമതി വിപണി 270 കോടി രൂപയുമാണ്. സെല്‍ കള്‍ച്ചര്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ് ടാര്‍സണ്‍സ്.
3. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ വരുമാനത്തില്‍ 12 ശതമാനവും ലാഭത്തില്‍ 20 ശതമാനവും സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.
4. ലാബ് ഉത്പന്നങ്ങള്‍ അണുവിമുക്തമാക്കാനുള്ള (സ്റ്റെറിലൈസേഷന്‍) സംവിധാനം അംത എന്ന സ്ഥലത്ത് ആരംഭിക്കുന്നുണ്ട്. ഇറക്കുമതി ചെയ്ത മെഷീനുകള്‍, അത്യാധുനിക സാങ്കേതിക സംവിധാനത്തോടെയാണ് പുതിയ സ്റ്റെറിലൈസേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നത്.
5. 2022-23ല്‍ വരുമാനം 5.85% കുറഞ്ഞ് 283 കോടി രൂപയായി, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (EBITDA) 15% ഇടിഞ്ഞ് 129.8 കോടി രൂപയായി. EBITDA മാര്‍ജിന്‍ 5% കുറഞ്ഞ് 45.8 ശതമാനമായി. അറ്റാദായ മാര്‍ജിന്‍ 33.5 ശതമാനത്തില്‍ നിന്ന് 28.5 ശതമാനമായി.
വികസന പ്രവര്‍ത്തനങ്ങള്‍, ഇന്ത്യയിലും വിദേശ വിപണിയിലും ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം, ലാബ് ഉത്പന്നങ്ങള്‍ക്ക് വര്‍ധിക്കുന്ന ഡിമാന്‍ഡ് എന്നി കാരണങ്ങള്‍ കൊണ്ട് ടാര്‍സണ്‍സ് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില -770 രൂപ
നിലവില്‍ - 606 രൂപ
Stock Recommendation by LKP Securities.

(Equity investing is subject to market risk. Always do your own research before investing)

Tags:    

Similar News