സംശയാസ്പദമായ ഇടപാടുകള്‍, കോവിഡ് വ്യാപനം: ഓഹരി നിക്ഷേപകര്‍ സൂക്ഷിച്ചില്ലെങ്കില്‍ കൈപൊള്ളും

Update: 2020-10-03 12:20 GMT

കഴിഞ്ഞ ആറുമാസമായി രാജ്യത്തെ പ്രമുഖ ബ്രോക്കിംഗ് കമ്പനികളുടെ എസ് ടി ആര്‍ (സംശയാസ്പദമായ ഇടപാടുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട്) ഫയലിംഗ് കുറഞ്ഞിരിക്കുന്നതും കോവിഡ് വ്യാപനവും ഓഹരി നിക്ഷേപകര്‍ക്ക് സൃഷ്ടിക്കുന്നത് പുതിയ ആശങ്കകള്‍. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്‍പെങ്ങുമില്ലാത്ത വിധം നിക്ഷേപകര്‍ സജീവമായി രംഗത്തുണ്ട്. സെന്‍ട്രല്‍ ഡിപ്പോസറ്ററി സര്‍വീസസ് (ഇന്ത്യ) ലിമിറ്റഡ് - സിഡിഎസ്എല്‍ ലെ നിക്ഷേപ എക്കൗണ്ടുകളുടെ വര്‍ധന പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. മാര്‍ച്ചില്‍ 2.12 കോടിയായിരുന്നു എക്കൗണ്ടുകളുടെ എണ്ണമെങ്കില്‍ ഓഗസ്റ്റില്‍ അത് 2.5 കോടിയായി. അതായത്, ഓരോ മാസവും ശരാശരി 7.6 ലക്ഷം പുതിയ എക്കൗണ്ടാണ് തുറന്നിരിക്കുന്നത്.

അതിനിടെ, രാജ്യത്തെ പ്രമുഖ ബ്രോക്കിംഗ് കമ്പനികള്‍ സമര്‍പ്പിക്കേണ്ട എസ് ടി ആറുകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. അതായത്, ബ്രോക്കിംഗ് കമ്പനികള്‍ തങ്ങളുടെ ഇടപാടുകാരിലെ സംശയാസ്പദമായ നീക്കങ്ങള്‍ മറച്ചുവെയ്ക്കുന്നുണ്ടെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് - ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടി വരും

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുത്തനെ ഇടിഞ്ഞ ഓഹരി സൂചികകള്‍ ഇപ്പോള്‍ ഏറ്റവും താഴ്ന്ന തലത്തില്‍ നിന്ന് കുത്തനെ ഉയര്‍ന്ന് മുന്നേറിയിരിക്കുകയാണ്. ഇതിന് പിന്നില്‍ പല കാരണങ്ങളുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പടെ വിവിധ ലോക രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകള്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ഭാഗമായി വിപണിയിലുണ്ടായ ധനലഭ്യത, ഇതര നിക്ഷേപ മാര്‍ഗങ്ങളെ അപേക്ഷിച്ച് ഓഹരി നിക്ഷേപത്തിന് ലഭിച്ച സ്വീകാര്യത, റീറ്റെയ്ല്‍ നിക്ഷേപകരുടെ ഉയര്‍ന്ന പ്രാതിനിധ്യം എന്നിവയെല്ലാം പ്രധാന ഘടകങ്ങളാണ്.

അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പുതുതായി ഉത്തേജക പാക്കേജുകള്‍ അവതരിപ്പിക്കുമെന്ന പ്രതീക്ഷയും വിപണിക്കുണ്ട്. അതിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് പോസിറ്റീവായത് വിപണിയില്‍ ചലനം സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയിലെ കോവിഡ് കേസുകളും മരണ നിരക്കും കൂടുകയാണ്.

അതിനിടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വിന്റെ ചില സൂചനകള്‍ കാണുന്നതും ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്.

എന്നാല്‍ കോവിഡിനെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തും വരെ രോഗഭീതി നിലനില്‍ക്കുക തന്നെ ചെയ്യും. രാജ്യത്ത് അണ്‍ലോക്കിംഗ് പുരോഗമിക്കുന്നുണ്ടെങ്കിലും പ്രാദേശിക തലത്തില്‍ പലയിടത്തും കണ്ടെയ്ന്‍മെന്റ് സോണുകളും അടച്ചിടലും വ്യാപകമാണ്. ഇത് രാജ്യത്തെ ബിസിനസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കമ്പനികളുടെ പ്രകടനത്തെ തീര്‍ച്ചയായും ഇത് സ്വാധീനിക്കും.

കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളെല്ലാം സപ്ലൈ വര്‍ധിപ്പിക്കാനുള്ളതായിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ കൈകളിലേക്ക് പണം എത്തിച്ച് ഡിമാന്റ് ഉയര്‍ത്താന്‍ അവ മതിയായില്ലെന്ന വാദം നിലനില്‍ക്കുന്നുണ്ട്. ഇതിന് ഉതകുന്ന പാക്കേജ് പ്രഖ്യാപിക്കുമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും അതിനെ സംബന്ധിച്ച് വ്യക്തമായ ചിത്രം ഇപ്പോഴുമില്ല. ഡിമാന്റ് വര്‍ധിക്കാത്ത സാഹചര്യത്തില്‍ കമ്പനികളുടെ വരുമാനവും കൂടില്ല. രാജ്യത്തിന്റെ പൊതുവായ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റം ഇല്ലാതെയാണ് വിപണി മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ തിരുത്തല്‍ ആസന്നമാണെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവെയ്ക്കുന്നുണ്ട്.

വിപണിയില്‍ തിരുത്തല്‍ സൂചന ലഭിച്ചാല്‍, സംശയാസ്പദമായ വിധത്തില്‍ വന്‍തോതില്‍ പണം നിക്ഷേപിച്ചവരാകും ആദ്യം പിന്‍വലിക്കുക. സാധാരണ നിക്ഷേപകര്‍ ഇക്കാര്യം മുന്‍കൂട്ടി അറിയാതെ വന്നാല്‍ അവരുടെ കൈ പൊള്ളുക തന്നെ ചെയ്യും.

ന്യായമായ നേട്ടം കിട്ടിയാല്‍ നിക്ഷേപകര്‍ അതെടുത്ത് പിന്‍വാങ്ങി, വിപണിയുടെ പിന്നീടുള്ള ഇടിവില്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന ശൈലി പിന്തുടരുകയാണ് വേണ്ടതെന്ന ഉപദേശവും വിദഗ്ധര്‍ നല്‍കുന്നുണ്ട്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയും കോവിഡ് വ്യാപനവും കമ്പനികളുടെ പ്രകടനവും എല്ലാം കണക്കിലെടുത്ത് സൂക്ഷിച്ച് നീക്കങ്ങള്‍ നടത്താന്‍ നിക്ഷേപകര്‍ തയ്യാറാകണം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News