ഓഹരി വിപണിയിൽ വീണ്ടും താഴ്ച

വീണ്ടും താഴ്ന്ന തുടക്കം. സെൻസെക്സ് 49,000 നു താഴെയിറങ്ങി. നിഫ്റ്റി 14,800-നു കീഴേക്കു നീങ്ങി

Update:2021-05-12 10:58 IST

അമേരിക്കൻ ഓഹരി സൂചികകളെ താഴേക്കു വലിച്ച വിലക്കയറ്റപ്പേടി ഏഷ്യൻ വിപണികളെയും ബാധിച്ചു. രാവിലെ ഉണർവോടെ തുടങ്ങിയ നിക്കൈ പിന്നീട് ഒന്നര ശതമാനം ഇടിഞ്ഞു.

ബാങ്ക് ഓഹരികൾ ഇന്നും താഴോട്ടു പോയി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി ബാങ്ക് സൂചിക ഒരു ശതമാനം താഴെയാണ്.
തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ ഒന്നിനു തന്നെ തുടങ്ങുമെന്നും ഈ വർഷം ശരാശരി മഴ ലഭിക്കുമെന്നുമുള്ള അറിവ് കാർഷിക ഓഹരികൾക്കു വില കൂട്ടി. കാവേരി സീഡ്സ് ഓഹരി വില അഞ്ചു ദിവസം കൊണ്ട് 30 ശതമാനം ഉയർന്നു. ഇന്നും വില കൂടി.
2020-21-ൽ നല്ല കാലവർഷം മൂലം കൃഷിയും വിളവും റിക്കാർഡായിരുന്നു. ഇന്ത്യ ലോക ഭക്ഷ്യധാന്യ വിപണിയിൽ ഗോതമ്പ്, അരി, പഞ്ചസാര തുടങ്ങിയവയുടെ കയറ്റുമതിയിൽ വലിയ പങ്ക് നേടുകയും ചെയ്തു.
ഇരുമ്പയിര് വില ഉയർത്തിയ എൻഎംഡിസി യുടെ ഓഹരി വില നാലു ശതമാനത്തോളം ഉയർന്നു.
മാംഗനീസ് അയിര് ഖനനം ചെയ്യുന്ന എംഒഐഎലിൻ്റെ ഓഹരി വില ഒരു മാസം കൊണ്ട് 25 ശതമാനം കയറി. ഇപ്പോഴും കയറ്റത്തിലാണ്.
കുറേ ദിവസങ്ങൾക്കു ശേഷം ഹിൻഡാൽകോ ഇന്നു താഴേക്കു നീങ്ങി.
സ്വർണ വില രാജ്യാന്തര വിപണിയിൽ ഔൺസിന് 1826.6 ഡോളർ വരെ താണിട്ട് 1830 ലേക്കു കയറി. കേരളത്തിൽ പവന് 160 രൂപ താണ് 35,600 രൂപയായി.
ഡോളർ ഇന്നും കരുത്തു കാണിച്ചു.16 പൈസ കയറി 73.50 രൂപയിലാണു ഡോളർ വ്യാപാരം തുടങ്ങിയത്. പിന്നീട് അൽപം താണു.


Tags:    

Similar News