അറ്റാദായത്തില്‍ 274 ശതമാനം വര്‍ധന, ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത് അഞ്ച് ശതമാനം

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് ശതമാനത്തിന്റെ ഉയര്‍ച്ച മാത്രമാണ് ഈ ഓഹരിയിലുണ്ടായത്

Update: 2022-05-20 09:27 GMT

മാര്‍ച്ച് പാദത്തിലെ ഫലപ്രഖ്യാപനത്തിന് പിന്നാലെ ഓഹരി വിപണിയില്‍ മുന്നേറി അശോക് ലെയ്ലാന്റ് ലിമിറ്റഡ്്. 2022 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തിലെ അറ്റാദായത്തില്‍ 274 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയത്. 901.4 കോടി രൂപ. കഴിഞ്ഞ കാലയളവിലെ പാദത്തില്‍ ഇത് 273.74 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 7,000.49 കോടി രൂപയില്‍ നിന്ന് ഉയര്‍ന്ന് 8744.29 കോടി രൂപയായി.

അതേസമയം, മികച്ച ത്രൈമാസ ഫലം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അശോക് ലെയ്ലാന്റിന്റെ ഓഹരികള്‍ ഇന്ന് വിപണിയില്‍ മുന്നേറി. രാവിലെ ഏഴ് ശതമാനം ഉയര്‍ന്ന അശോക് ലെയ്‌ലന്റ് നിലവില്‍ (20-05-2022, 2.30) അഞ്ച് ശതമാനം ഉയര്‍ച്ചയോടെ 129.15 രൂപയിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രണ്ട് ശതമാനത്തിന്റെ ഉയര്‍ച്ച മാത്രമാണ് ഈ ഓഹരിയിലുണ്ടായത്.
അശോക് ലെയ്ലാന്റ് ഇന്ത്യയിലെ വാണിജ്യ വാഹനങ്ങളുടെ രണ്ടാമത്തെ വലിയ നിര്‍മാതാക്കളാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളും ട്രക്കുകളുടെ പത്താമത്തെ വലിയ നിര്‍മാതാക്കളുമാണ് അശോക് ലെയ്‌ലാന്റ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അശോക് ലെയ്ലാന്റ് ഹിന്ദുജ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 1948-ല്‍ അശോക് മോട്ടോഴ്സ് എന്ന പേരില്‍ സ്ഥാപിതമായ ഇത് 1955-ലാണ് അശോക് ലെയ്ലാന്റായി പേര് മാറ്റിയത്.


Tags:    

Similar News