രാജ്യത്തെ ഏറ്റവും വലിയ വൈന്‍ നിര്‍മാതാക്കളും ഓഹരി വിപണിയിലേക്ക്!

പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 1200- 1400 കോടി രൂപ വരെ സമാഹരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്

Update:2022-06-01 19:00 IST

രാജ്യത്തെ ഏറ്റവും വലിയ വൈന്‍ നിര്‍മാതാക്കളായ സുല വൈന്‍യാര്‍ഡ്സ് (Sula Vineyards) ഓഹരി വിപണിയില്‍ ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതിനുമുന്നോടിയായി പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കായി കരട് രേഖകള്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക് (SEBI) ഉടന്‍ സമര്‍പ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 1200 - 1400 കോടി രൂപ വരെയായിരിക്കും വൈന്‍ നിര്‍മാതാക്കള്‍ ഐപിഒയിലൂടെ സമാഹരിക്കുക.

കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിഎല്‍എസ്എ, ഐഐഎഫ്എല്‍ എന്നിവയെ ഐപിഒയുടെ ബാങ്കര്‍മാരായി നിയമിച്ചിട്ടുണ്ട്. വെര്‍ലിന്‍വെസ്റ്റ്, എവര്‍‌സ്റ്റോണ്‍ ക്യാപിറ്റല്‍, വിസ്വൈറസ്, സാമ ക്യാപിറ്റല്‍, ഡിഎസ്ജി കണ്‍സ്യൂമര്‍ പാര്‍ട്ണേഴ്സ് എന്നിവയുള്‍പ്പെടെ വിവിധ സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും സ്ഥാപന നിക്ഷേപകര്‍ക്കും പങ്കാളിത്തമുള്ള കമ്പനിയാണ് സുല വൈന്‍യാര്‍ഡ്സ്.
1999ല്‍ ആദ്യത്തെ വൈനറി സ്ഥാപിച്ച വൈന്‍ നിര്‍മാതാവിന് 13-ലധികം ബ്രാന്‍ഡുകളാണുള്ളത്. 24 സംസ്ഥാനങ്ങളിലായാണ് ഇവയുടെ വില്‍പ്പന. 2,000 ഏക്കറിലധികം മുന്തിരിത്തോട്ടങ്ങളും വൈന്‍ നിര്‍മാതാക്കളുടെ കീഴിലുണ്ട്. അവയില്‍ ഭൂരിഭാഗവും നാസിക്, ദക്ഷിണ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലാണ്. കണക്കകുള്‍ പ്രകാരം 2009-ല്‍ 33 ശതമാനമായിരുന്ന ഇന്ത്യന്‍ വൈന്‍ വിപണിയില്‍ സുല വൈന്‍യാര്‍ഡ്സിന്റെ വിഹിതമെങ്കില്‍ 2020 ല്‍ അത് 52 ശതമാനമായി ഉയര്‍ന്നു.


Tags:    

Similar News