ഒരു ബുള്‍ തരംഗത്തിന്റെ പാരമ്യമല്ല, ഇത് തുടക്കം, ബിപിസിഎല്‍ വില്‍പ്പനയും ലക്ഷ്യം കാണാനിടയില്ല, കൈയ്യെത്തും ദൂരെ കോവിഡ് വാക്‌സിന്‍ ;

ഫൈസറിനു പിന്നാലെ മോഡേണയും കോവിഡ് വാക്‌സിന്‍ വിജയകഥയുമായി രംഗത്ത്, ധനലക്ഷ്മി ബാങ്കില്‍ അനിശ്ചിതത്വം തുടരുന്നു; ഉയരങ്ങളില്‍ കരുതലോടെ നീങ്ങുക, താഴ്ചയില്‍ വാങ്ങുക

Update: 2020-11-17 02:41 GMT

വിദേശ പണമൊഴുക്കു തുടരുകയാണ്. അമേരിക്കയിലെ ഡൗ ജോണ്‍സ് സൂചിക 30,000-ലേക്ക് അടുക്കുന്നു. ജപ്പാനിലെ നിക്കൈ 29 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. കമ്പനികളുടെ രണ്ടാം പാദ റിസല്‍ട്ട് പ്രതീക്ഷയിലേറെ മെച്ചം. സാമ്പത്തിക വളര്‍ച്ചയിലേക്ക് പ്രതീക്ഷിച്ചതിലും നേരത്തെ രാജ്യം തിരിച്ചെത്തുമെന്നു പരക്കെ വിലയിരുത്തല്‍.

ഒരു ബുള്‍ തരംഗത്തിന്റെ പാരമ്യമല്ല, തുടക്കം മാത്രമാണിതെന്നു പറയാന്‍ ജുന്‍ജുന്‍വാലമാരും സമീര്‍ അറോറമാരും രംഗത്ത്. ഇന്നും വിപണി നല്ല ഉയര്‍ച്ചയില്‍ വ്യാപാരം തുടങ്ങും. മുഹൂര്‍ത്ത വ്യാപാരത്തിലെ ക്ലോസിംഗിലും ഉയരത്തിലേക്ക് എസ് ജി എക്‌സ് നിഫ്റ്റി എത്തിയിട്ടുണ്ട്.

എന്നാല്‍ വിപണിയില്‍ കരുതലോടെ നീങ്ങേണ്ട സമയമാണിതെന്ന് സാങ്കേതിക വിശകലനക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിഫ്റ്റിക്ക് 12,850-12,900-ലെ തടസം മറികടക്കാനാകുന്നില്ലെങ്കില്‍ ലാഭമെടുക്കലിന്റെ സമ്മര്‍ദം കൂടുമെന്ന് അവര്‍ പറയുന്നു. താഴ്ചയില്‍ വാങ്ങുക എന്ന വ്യാപാരതന്ത്രമാണ് അവര്‍ നിര്‍ദേശിക്കുന്നത്.


* * * * * * * *

വീണ്ടും കോവിഡ് വാക്‌സിന്‍

ഫൈസറിനു പിന്നാലെ മോഡേണ എന്ന അമേരിക്കന്‍ കമ്പനിയും കോവിഡ് വാക്‌സിന്‍ വിജയകഥയുമായി രംഗത്ത്. മാസച്യുസെറ്റി സിലുള്ള ഈ കമ്പനിയും മെസഞ്ചര്‍ ആര്‍ എന്‍ എ ഉപയോഗിച്ചുള്ള വാക്‌സിനാണു നിര്‍മിക്കുന്നത്. മൂന്നാം ഘട്ട പരീക്ഷണത്തില്‍ 94.5 ശതമാനം ഫലപ്രാപ്തി കണ്ടെന്നാണ് അവകാശവാദം. 30,000 പേരില്‍ പരീക്ഷണം നടത്തിയപ്പോള്‍ അഞ്ചു പേരിലേ രോഗം ഉണ്ടായുള്ളൂ.

യു എസ് ഗവണ്മെന്റിന്റെ ധനസഹായത്തിലായിരുന്നു മോഡേണയുടെ ഗവേഷണം. മൈനസ് 70 ഡിഗ്രിയില്‍ സൂക്ഷിക്കേണ്ടതാണ് ഇവരുടെ വാക്‌സിനും.

ഫൈസര്‍, മോഡേണ വാക്‌സിനുകള്‍ വളരെ വില കൂടിയവയാണ്. അവ വികസ്വര - അവികസിത രാജ്യങ്ങള്‍ക്ക് താങ്ങാവുന്നവയല്ല. എന്നാല്‍ കോവിഡിനു വാക്‌സിന്‍ ലഭ്യമാകും എന്ന വിശ്വാസം വളര്‍ത്താന്‍ ഈ പ്രഖ്യാപനങ്ങള്‍ സഹായിക്കും.

ഈ വാക്‌സിന്‍ വാങ്ങാന്‍ ഇന്ത്യ ചര്‍ച്ച നടത്തിവരികയാണ്. വാക്‌സിന്‍ പ്രതീക്ഷ യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും ഓഹരിസൂചികകളെ ഉയര്‍ത്തി. ഇതിന്റെ ആവേശം ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും ഉണ്ടാകും.


* * * * * * * *


ബിപിസിഎല്‍ വാങ്ങാന്‍ വമ്പന്മാരില്ല

ബിപിസിഎല്‍ വില്‍പ്പന നീക്കത്തില്‍ ഗവണ്മെന്റിനു ലക്ഷ്യം നേടാന്‍ പറ്റിയേക്കില്ല. റിലയന്‍സ്, സൗദി അരാംകോ , ഫ്രഞ്ച് ടോട്ടല്‍, ബ്രിട്ടീഷ് പെട്രോളിയം തുടങ്ങിയ വമ്പന്‍ കമ്പനികളൊന്നും താല്‍പര്യപത്രം സമര്‍പ്പിച്ചില്ല. മാലിന്യമുണ്ടാക്കാത്ത ഇന്ധനങ്ങളിലാണ് ഇനി ശ്രദ്ധിക്കുക എന്നാണ് റിലയന്‍സ് ഈയിടെ പറഞ്ഞത്. പെട്രോളിയത്തിന്റെ കാലം കഴിയാറായി എന്നാണ് അംബാനിയുടെ വിലയിരുത്തല്‍. വമ്പന്മാര്‍ ഇല്ലെങ്കില്‍ ബിപിസിഎലിനു മതിയായ വില കിട്ടാനിടയില്ല. വില്‍പ്പനയ്ക്കു ശേഷം കമ്പനിയുടെ വികസന സാധ്യതയും മങ്ങും.


* * * * * * * *

ധനലക്ഷ്മി ബാങ്കില്‍ അനിശ്ചിതത്വം

ധനലക്ഷ്മി ബാങ്കിന്റെ സാരഥ്യം സംബന്ധിച്ചു റിസര്‍വ് ബാങ്കും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുമോ എന്ന ആശങ്ക വളരുന്നു. ഓഹരി ഉടമകള്‍ തള്ളിപ്പറഞ്ഞ സുനില്‍ ഗൂര്‍ ബക് സാനിയെ എം ഡി - സിഇഒ സ്ഥാനത്തു തിരികെ കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് ശ്രമിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ വേറേ ആളെ ശിപാര്‍ശ ചെയ്യാനാണു ബോര്‍ഡ് ശ്രമിക്കുന്നത്. കമ്പനി നിയമപ്രകാരം ഓഹരി ഉടമകള്‍ നിരസിച്ചയാളെ വീണ്ടും വയ്ക്കുന്നതിനെ ബോര്‍ഡ് എതിര്‍ക്കുന്നു. എന്നാല്‍ കമ്പനി നിയമത്തിനുപരിയാണു ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റ് എന്നു റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

* * * * * * * *


ക്രൂഡ് ഉണര്‍വില്‍


കോവിഡ് വാക്‌സിന്‍ പ്രത്യാശ ക്രൂഡ് ഓയ്ല്‍ വിലയിലും ഉണര്‍വുണ്ടാക്കി. വെള്ളിയാഴ്ച 42 ഡോളറിലായിരുന്ന ബ്രെന്റ് ഇനം ക്രൂഡ് ഇന്നു രാവിലെ 44 ഡോളറിനു മുകളിലായി.

സ്വര്‍ണ വില ചെറിയ തോതില്‍ കയറുകയാണ്. ഔണ്‍സിന് 1890 ഡോളറിനു മുകളിലാണ് ഇന്നു രാവിലെ.

ഡോളര്‍ നേരിയ താഴ്ച കാണിക്കുന്നുണ്ട്. 74.60 രൂപയിലാണു കഴിഞ്ഞയാഴ്ച ക്ലോസ് ചെയ്തത്.


* * * * * * * *

മൊത്തവിലയും മേലോട്ടു തന്നെ

മൊത്തവില സൂചിക (ഡബ്‌ള്യു പി ഐ) ആധാരമാക്കിയുള്ള വിലക്കയറ്റം തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ധിച്ചു. ഒക്ടോബറിലെ 1.48 ശതമാനം വിലക്കയറ്റം എട്ടു മാസത്തിനിടയിലെ ഏറ്റവും കൂടിയ നിരക്കാണ്. സെപ്റ്റംബറില്‍ 1.32 ശതമാനം ആയിരുന്നു വിലക്കയറ്റം. ഓഗസ്റ്റില്‍ 0.16 ശതമാനം എന്ന പ്രാരംഭ കണക്ക് 0.41 ശതമാനമായി ഉയര്‍ത്തി.

ഭക്ഷ്യ - ഇന്ധന വിലക്കയറ്റം ഒഴികെയുള്ള കാതല്‍ വിലക്കയറ്റം സെപ്റ്റംബറിലെ ഒന്നില്‍ നിന്ന് 1.7 ശതമാനമായി ഉയര്‍ന്നു. ഇതു ഗൗരവമേറിയ കാര്യമാണ്. ഫാക്ടറി ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തോത് സെപ്റ്റംബറിലെ 1.61 ശതമാനത്തില്‍ നിന്ന് 2.12 ശതമാനത്തിലേക്കു കയറി. ഭക്ഷ്യ വിലക്കയറ്റം 8.17 ശതമാനത്തില്‍ നിന്ന് 6.37 ശതമാനത്തിലേക്കു താണെങ്കിലും ആശ്വാസകരമായ തോതിലായിട്ടില്ല. ഇന്ധന-വൈദ്യുതി നിരക്കുകളില്‍ 10.95 ശതമാനം കുറവു വന്നതാണു സൂചിക താഴാന്‍ പ്രധാന കാരണം. ഇന്ധന വില കൂടുമ്പോള്‍ വിലക്കയറ്റത്തോത് പരിധി വിട്ടു കയറുമെന്ന മുന്നറിയിപ്പും ഇതിലുണ്ട്.

ചില്ലറ വിലക്കയറ്റം ആറു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതായ 7.61 ശതമാനത്തിലാണ്. പച്ചക്കറികളും ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളാണു ചില്ലറ വില കയറ്റുന്നത്.

വരും മാസങ്ങളില്‍ വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുമെങ്കിലും ചെറുതല്ലാത്ത ചാഞ്ചാട്ടവും ഉണ്ടാകും. 2020 ആദ്യമാസങ്ങളില്‍ വിലക്കയറ്റം കയറിയിറങ്ങിയതാണ് ഇതിനു കാരണം.


* * * * * * * *

ഇന്നത്തെ വാക്ക്  : നിക്കൈ

ജപ്പാനിലെ ഏറ്റവും പ്രധാന ഓഹരി വിപണി സൂചിക. ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 225 പ്രധാന കമ്പനികളുടെ വില നിലവാരവും വ്യാപാര വ്യാപ്തവും ശ്രദ്ധിച്ചു തയാറാക്കുന്നതാണു സൂചിക. 1950 മുതല്‍ നിഹോണ്‍ കൈസായ് ഷിംബുണ്‍ (ദ നിക്കൈ) എന്ന പത്രമാണ് ഇതു തയാറാക്കുന്നത്. 1989 ഡിസംബറില്‍ 38,957.44 വരെ എത്തിയ നിക്കൈ 2009 മാര്‍ച്ചില്‍ 7054.98 വരെ താണു. 81.9 ശതമാനം ഇടിവ്. ഇന്നലെ സൂചിക 26,000 നടുത്തെത്തി.

Tags:    

Similar News