മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നിക്ഷേപത്തില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ വേണ്ടത്ര പഠനത്തോടെയുള്ള നിക്ഷേപമാണ് ആവശ്യം
വിദഗ്ധരായ സ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന ധന നിധിയാണ് മ്യൂച്വല്‍ ഫണ്ട്. പൊതുവായ നിക്ഷേപ ലക്ഷ്യമുള്ള പലരില്‍ നിന്നായി ശേഖരിക്കുന്ന പണം ഓഹരികളിലും കടപ്പത്രങ്ങളിലും സെക്യൂരിറ്റികളിലും ധന വിപണിയിലെ ഇതര ഉല്‍പന്നങ്ങളിലും നിക്ഷേപിക്കുന്നു.
ഇന്ത്യയിലെ ജന പ്രിയ നിക്ഷേപ സംവിധാനമായിത്തീര്‍ന്നിട്ടുണ്ട് മ്യൂച്വല്‍ ഫണ്ട്. 500 രൂപ പോലും എസ്‌ഐപിയിലൂടെ നിക്ഷേപിച്ച് നിങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപകനാകാം എന്നതാണ് ഇതിന്റെ ഗുണവശം. എന്നാല്‍ നല്ല ലാഭം കിട്ടണമെങ്കില്‍ വിപണിയിലെ അസ്ഥിരതകളെക്കുറിച്ചൊന്നും ഉല്‍ക്കണ്ഠപ്പെടാതെ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കണം.
ആദ്യമായി നിക്ഷേപിക്കുന്നവര്‍ അംഗീകൃത മ്യൂച്വല്‍ഫണ്ട് നിക്ഷേപ ഉപദേഷ്ടാക്കളില്‍ നിന്ന് നിര്‍ദ്ദേശം സ്വീകരിച്ചു വേണം അനുയോജ്യമായ പദ്ധതി കണ്ടെത്താന്‍. റിസ്‌കെടുക്കാനുള്ള ഒരാളുടെ കഴിവും എത്ര കാലത്തേക്ക് നിക്ഷേപിക്കാന്‍ കഴിയും എന്നതും നിക്ഷേപ ലക്ഷ്യങ്ങളും അനുസരിച്ചായിരിക്കും അവര്‍ പദ്ധതി നിര്‍ദ്ദേശിക്കുക.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നിങ്ങളെ സഹായിക്കാന്‍ കഴിയുന്ന ചില കാര്യങ്ങളാണ് ചുവടെ-
1. നിക്ഷേപ ലക്ഷ്യം നിര്‍വചിക്കുക: പ്രതിവാര, പ്രതിമാസ, ത്രൈമാസ കാലയളവില്‍ നിക്ഷേപം അനുവദിക്കുന്ന എസ് ഐപി കളാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപം തുടങ്ങാന്‍ ഏറ്റവും നല്ല മാര്‍ഗം. റിയല്‍ എസ്റ്റേറ്റോ ,അവധിക്കാല യാത്രകളോ, വിദ്യാഭ്യാസമോ ,വിവാഹമോ ഏതിനുള്ള പണച്ചിലവാണ് ലക്ഷ്യമെന്ന് ആദ്യം തീരുമാനിക്കണം.
2. മ്യൂച്വല്‍ഫണ്ട് പോര്‍ട്‌ഫോളിയോ വൈവിധ്യവല്‍ക്കരിക്കുക: വിവധ ഓഹരികളിലും കടപ്പത്ര മ്യൂച്വല്‍ ഫണ്ടുകളിലുമായി നിക്ഷേപിക്കുന്നതാണ് നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കാന്‍ ഏറ്റവും നല്ലത്. വിവിധ മേഖലകളിലും ആസ്തി വിഭാഗങ്ങളിലുമായി വൈവിധ്യമാര്‍ന്ന അനേകം മ്യൂച്വല്‍ ഫണ്ട് പദ്ധതികളുണ്ട്.
3. എത്രമാത്രം റിസ്‌കെടുക്കാന്‍ കഴിയുമെന്ന് തീരുമാനിക്കുക: എത്രമാത്രം നഷ്ടം താങ്ങാന്‍ കെല്‍പ്പുണ്ട് എന്നതിനെ ആശ്രയിച്ചാണ് റിസ്‌കെടുക്കാനുള്ള കഴിവ് കണക്കാക്കേണ്ടത്. അതിനനുയോജ്യമായ മ്യൂച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നത് നിക്ഷേപം കൂടുതല്‍ സാര്‍ത്ഥകമാക്കും.
4. ഫണ്ടിന്റെ പ്രകടനം പരിശോധിക്കുക : ഫണ്ടിന്റെ മുന്‍കാല പ്രകടനം, ചിലവിന്റെ അനുപാതം, ആസ്തി നീക്കിയിരിപ്പ്, ഫണ്ട് മാനേജര്‍, പോര്‍ട് ഫോളിയോ ഉള്ളടക്കം, ഫണ്ടിന്റെ വലിപ്പം എന്നീ ഘടകങ്ങളെക്കുറിച്ച് വിശാലമായ ഗവേഷണം ആവശ്യമുണ്ട്.
5. വളര്‍ച്ചയ്ക്കനുസരിച്ച് നിക്ഷേപം വര്‍ധിപ്പിക്കുക : ചെറിയ തുകയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിച്ച ശേഷം വൈദഗ്ധ്യവും വിപണിയെക്കുറിച്ചുള്ള ധാരണയും വര്‍ധിക്കുന്നതിനനുസരിച്ച് ക്രമേണയായി തുക വര്‍ധിപ്പിക്കയാണ് വേണ്ടത്.
6. പോര്‍ട്‌ഫോളിയോ സദാ കാലാനുസൃതമാക്കി നിലനിര്‍ത്തുക: വിപണിയിലെ മാറി വരുന്ന പ്രവണതകള്‍ക്കനുസരിച്ച് പോര്‍ട്‌ഫോളിയോയില്‍ മാറ്റങ്ങള്‍ വരുത്തുകയും പുന:സന്തുലനം ഉറപ്പാക്കുകയും വേണം. സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കനുസരണമായി വേണം ഇതു നിര്‍വഹിക്കേണ്ടത്.
7. ഔദ്യോഗിക അംഗീകാരമുള്ള മിടുക്കരായ ഉപദേഷ്ടാക്കളുടെ സഹായം തേടുക: സാമ്പത്തിക ലക്ഷ്യവും റിസ്‌കെടുക്കനുള്ള കഴിവും കണക്കിലെടുത്ത് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് പദ്ധതി കണ്ടെത്തുന്നതിന് ഒരു ധനകാര്യ വിദഗ്ധന്റെ സഹായം തേടണം.
മ്യൂച്വല്‍ ഫണ്ടുകള്‍ വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കു വിധേയമാണെന്നതിനാല്‍ നിക്ഷേപ ലക്ഷ്യത്തിനനുസരിച്ചുള്ള ശരിയായ ഫണ്ടിന്റെ തെരഞ്ഞെടുപ്പ് സുപ്രധാനമാണ്. നിക്ഷേപത്തില്‍ നിന്ന് വരുമാനമുണ്ടാക്കാന്‍ വേണ്ടത്ര പഠനത്തോടെയുള്ള നിക്ഷേപമാണ് ആവശ്യം.
ലേഖകൻ: അഷിഷ് പട്ടീല്‍
(ഹെഡ്, പ്രൊഡക്ട് ആന്റ് സ്ട്രാറ്റജി,എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്)