ഇതെന്ത് മാജിക്? രണ്ട് വര്‍ഷം കൊണ്ട് അദാനി കമ്പനി സമ്മാനിച്ചത് 3600 ശതമാനം നേട്ടം

ഒരു വര്‍ഷത്തിനിടെ 196 ശതമാനത്തിന്റെ വളര്‍ച്ചയാണ് അദാനി കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്

Update: 2022-07-13 05:14 GMT

ഓഹരി വിപണിയില്‍ അത്ഭുതകരമായ നേട്ടം സമ്മാനിച്ച് ഏവരെയും ഞെട്ടിച്ചൊരു കമ്പനിയാണ് അദാനി ഗ്രീന്‍ എനര്‍ജി (Adani Green Energy). 2018 ല്‍ 29.45 രൂപയോടെ ലിസ്റ്റ് ചെയ്ത കമ്പനി 7,300 ശതമാനത്തിലധികം നേട്ടമാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. എന്നാലിതാ, സമാനമായി രണ്ട് വര്‍ഷത്തിനുള്ളില്‍ 3600 ശതമാനത്തിന്റെ വളര്‍ച്ച നേടി വീണ്ടും നിക്ഷേപകരെ ലക്ഷപ്രഭുവാക്കി മാറ്റിയിരിക്കുകയാണ് അദാനി ഗ്രൂപ്പിലെ തന്നെ കമ്പനിയായ അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് (എടിജിഎല്‍). അഞ്ച് ദിവസത്തിനിടെ 8.30 ശതമാനത്തോളം ഉയര്‍ന്ന അദാനി ടോട്ടല്‍ ഗ്യാസിന്റെ ഓഹരി വില 2020 മാര്‍ച്ച് 30ന് ശേഷമാണ് ഈ നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അന്ന് 76.70 രൂപയായിരുന്നു അദാനി ടോട്ടല്‍ ഗ്യാസിന്റെ ഒരു ഓഹരിയുടെ വില.

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 8.30 ശതമാനത്തോളം ഉയര്‍ന്ന അദാനി ടോട്ടല്‍ ഗ്യാസ് (Adani Total Gas) ഇന്ന് (13-07-2022, 10.10) 2,737.00 രൂപയിലാണ് വിപണിയില്‍ വ്യാപാരം നടത്തുന്നത്. അതിനിടെ ഇന്നലെ 2828 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലും അദാനി ടോട്ടല്‍ ഗ്യാസ് എത്തിയിരുന്നു. ആറ് മാസത്തിനിടെ ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 11 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ അദാനി ടോട്ടല്‍ ഗ്യാസ് (Adani Total Gas) 50 ശതമാനത്തിലധികം കുതിച്ചു. ഒരു വര്‍ഷത്തിനിടെ 196 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി കണ്ടു.
വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക (റസിഡന്‍ഷ്യല്‍) ഉപഭോക്താക്കള്‍ക്കായി പൈപ്പ് നാച്ചുറല്‍ ഗ്യാസും (പിഎന്‍ജി) ഗതാഗത മേഖലയിലേക്ക് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസും (സിഎന്‍ജി) വിതരണം ചെയ്യുന്നതിനായി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ (സിജിഡി) നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്വകാര്യ കമ്പനികളിലൊന്നാണ് അദാനി ടോട്ടല്‍ ഗ്യാസ്. ഈ കമ്പനിക്ക് രാജ്യത്തെ 33 പ്രധാന ഭാഗങ്ങളില്‍ സാന്നിധ്യമുണ്ട്. നേരത്തെ, 2020 ഫെബ്രുവരിയില്‍ കമ്പനിയുടെ ഇക്വിറ്റി മൂലധനത്തിന്റെ 37.4 ശതമാനം ലോകത്തിലെ രണ്ടാമത്തെ വലിയ ലിക്വിഡ് നാച്ചുറല്‍ ഗ്യാസ് (എല്‍എന്‍ജി) സ്വകാര്യ കമ്പനിയായ ടോട്ടല്‍ എനര്‍ജിസ് ഹോള്‍ഡിംഗ്‌സ് എസ്എഎസ് സ്വന്തമാക്കിയിരുന്നു.
ഇലക്ട്രിക് വാഹന (Electric Vehicles) രംഗത്തും ചുവടുവയ്ക്കാനുള്ള നീക്കവും അദാനി ടോട്ടല്‍ ഗ്യാസ് നടത്തുന്നുണ്ട്. ആദ്യഘട്ടത്തില്‍ പ്രധാന നഗരവിപണികളില്‍ 1500 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ (ഇവിസി) സ്ഥാപിക്കാനാണ് എടിജിഎല്‍ ഉദ്ദേശിക്കുന്നത്.



Tags:    

Similar News