ഓഹരി വിപണിയിലെ 'മിന്നല്‍ കമ്പനി', നിക്ഷേപകരുടെ കാത്തിരിപ്പ് വെറുതെയായില്ല
ഈ കമ്പനിയുടെ ഓഹരി വില നാല് വര്‍ഷത്തിനുള്ളില്‍ 6,860 ശതമാനത്തോളമാണ് ഉയര്‍ന്നത്
നാല് വര്‍ഷം മുമ്പ് ഓഹരി വിപണിയിലേക്ക് കടന്നുവന്ന അദാനി കമ്പനി, പിന്നീട് നാല് വര്‍ഷത്തിനുള്ളില്‍ ഈ കമ്പനി നടത്തിയത് ഏവരെയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ്. അദാനി ഗ്രൂപ്പില്‍ തന്നെ മുന്‍നിരയിലുള്ള അദാനി ഗ്രീന്‍ എനര്‍ജിയാണ് പുതിയ നേട്ടങ്ങള്‍ താണ്ടി നിക്ഷേപകര്‍ക്ക് മികച്ച ലാഭം സമ്മാനിച്ചത്.
2018 ജൂണ്‍ 22ന് 29.45 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ ഓഹരി വില 6,860 ശതമാനത്തോളമാണ് ഉയര്‍ന്നത്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 ന് ശേഷമാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരി വില കുതിക്കാന്‍ തുടങ്ങിയത്.
അതേസമയം, ഈ വര്‍ഷാരംഭം മുതല്‍ മികച്ച പ്രകടനവുമായി അദാനി ഗ്രീന്‍ എനര്‍ജി മുന്നേറ്റ നിരയിലുണ്ട്. ഈ വര്‍ഷം ഇതുവരെയായി, അതായത് ഒന്നരമാസത്തിനിടെ 52 ശതമാനത്തോളമാണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ഓഹരി വില വര്‍ധിച്ചത്.
2022 ജനുവരി മൂന്നിന് 1,346 രൂപയുണ്ടായിരുന്ന ഓഹരി വില 703 രൂപ വര്‍ധിച്ച് ഇന്ന് ഓഹരി വിപണി വ്യാപാരം അവസാനിക്കുമ്പോള്‍ 2,050 രൂപ തൊട്ടു. ഈ കമ്പനിയുടെ എല്ലാകാലത്തെയും ഉയര്‍ന്ന നിലയും ഇതാണ്.
സോളാര്‍ പവര്‍, വിന്‍ഡ് പവര്‍, ഹൈബ്രിഡ് പ്രോജക്ടുകള്‍, സോളാര്‍ പാര്‍ക്കുകള്‍ എന്നിവ വികസിപ്പിക്കുകയും നിര്‍മിക്കുകയും സ്വന്തമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന അദാനി ഗ്രീന്‍ എനര്‍ജിക്ക് തമിഴ്‌നാട്, കര്‍ണാടക, പഞ്ചാബ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സൗരോര്‍ജ്ജ നിലയങ്ങളുണ്ട്.
മധ്യപ്രദേശിലും ഗുജറാത്തിലുമായി കാറ്റാടി വൈദ്യുത നിലയങ്ങളും കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. എസ്ബി എനര്‍ജി ഹോള്‍ഡിംഗ്‌സ് ലിമിറ്റഡ് (എസ്ബി എനര്‍ജി ഇന്ത്യ) ഈ കമ്പനിയുടെ സബ്‌സിഡിയറി സ്ഥാപനമാണ്.