ഈ സ്റ്റാര്‍ട്ടപ്പ് കമ്പനിയും ലിസ്റ്റിംഗിന്, രേഖകള്‍ സമര്‍പ്പിച്ചു
നിഖില്‍ കുമാറും ലവ്പ്രീത് മന്നുമാണ് സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സ്ഥാപകര്‍
ക്ലൗഡ് അധിഷ്ഠിത ആര്‍ക്കിടെക്ചറല്‍ ഡിസൈന്‍ സോഫ്റ്റ്വെയര്‍ സ്റ്റാര്‍ട്ടപ്പായ ഇന്‍ഫ്യൂര്‍ണിയ ടെക്നോളജീസ് പ്രാഥമിക ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഇതിന് മുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് മുമ്പാകെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമര്‍പ്പിച്ചു. ഐപിഒയിലൂടെ 38.2 കോടി രൂപ സമാഹരിക്കാനാണ് സ്റ്റാര്‍ട്ടപ്പ് കമ്പനി ലക്ഷ്യമിടുന്നത്.
ഐപിഒയിലൂടെ പൂര്‍ണമായും പുതിയ ഓഹരികളായിരിക്കും കൈമാറുക. ഓഹരികള്‍ ബിഎസ്ഇ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യും. നിഖില്‍ കുമാറും ലവ്പ്രീത് മന്നുമാണ് ഇന്‍ഫുര്‍ണിയയുടെ സ്ഥാപകര്‍. ഇന്‍ഫുര്‍ണിയയില്‍ കുമാറിന് 30.63 ശതമാനം ഓഹരിയും മന്നിന് 20 ശതമാനം ഓഹരിയുമുണ്ട്. മൊത്തത്തില്‍, സ്റ്റാര്‍ട്ടപ്പിലെ പ്രൊമോട്ടര്‍ ഷെയര്‍ഹോള്‍ഡിംഗ് 50.64 ശതമാനമാണ്.
നേരത്തെ, ജനുവരിയില്‍ ബിഎസ്ഇ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരു ഐപിഒയ്ക്ക് പദ്ധതിയിടുന്നതായി ഇന്‍ഫുര്‍ണിയ പറഞ്ഞിരുന്നു.
പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ ബിസിനസ് വിപുലീകരിക്കാനായിരിക്കും വിനിയോഗിക്കുക.