ഈ ടാറ്റ ഗ്രൂപ്പ് ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയത് ഇരട്ടി നേട്ടം

വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ കമ്പനിയുടെ ഓഹരി വില 1,820 രൂപയില്‍ നിന്ന് 1,858 രൂപയെന്ന റെക്കോഡില്‍ എത്തിയിരുന്നു

Update:2023-08-27 14:00 IST

ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ടെലികോം കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 105% ശതമാനം നേട്ടവുമായി നിക്ഷേപകരുടെ ആസ്തി ഇരട്ടിയാക്കിയിരിക്കുകയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരികൾ. വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍  1,820 രൂപയില്‍ നിന്ന് 1,858 രൂപയെന്ന റെക്കോഡില്‍ എത്തിയിരുന്നു. ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മൊത്തം മൂല്യം നിലവിൽ  51,636 കോടി രൂപയാണ്. 

ഉയർച്ചയ്ക്ക് പിന്നിൽ 

1,75,000 കടപത്രങ്ങള്‍ വഴി 1,750 കോടി രൂപ സമാഹരിക്കാനുള്ള കമ്പനിയുടെ നീക്കമാണ് ഈ മള്‍ട്ടി ബാഗര്‍ ഓഹരിയെ റെക്കോഡിലെത്തിച്ചത്. കൂടാതെ അടുത്തിടെ കമ്പനി  മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍മാരെ ശാക്തീകരിക്കുന്ന ഗ്ലോബല്‍ ക്ലൗഡ് ബേസ്ഡ് 5 ജി റോമിംഗ് ലബോറട്ടറി അവതരിപ്പിച്ചിരുന്നു. ഇതും ഓഹരി വിപണിയിലൊരു പോസിറ്റീവ് സെന്റിമെന്റ്‌സുണ്ടാക്കി.
ലാര്‍ജ് ക്യാപ് വിഭാഗത്തില്‍ വരുന്ന ഈ ഓഹരി ഒരു വര്‍ഷക്കാലയളവില്‍ 55.57% നേട്ടമാണ് ഉണ്ടാക്കിയത് ഈ വര്‍ഷം ഇതു വരെ നല്‍കിയത് 37.51% നേട്ടവും. വെള്ളിയാഴ്ചത്തെ ക്ലോസിങ് അനുസരിച്ച ഓഹരി വില 1,811.80 രൂപയാണ്.
രേഖ ജുന്‍ജുന്‍വാലയ്ക്ക് നിക്ഷേപം 

പ്രമുഖ നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പങ്കാളിയായ രേഖ ജുന്‍ജുന്‍വാല ജൂണ്‍ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സില്‍ ഓഹരി വിഹിതം ഉയര്‍ത്തിയിരുന്നു. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് നല്‍കിയിരിക്കുന്ന ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് 1.34 ലക്ഷം ഓഹരികളാണ് പുതുതായി വാങ്ങിയിരിക്കുന്നത്. ഇതോടെ രേഖയുടെ മൊത്തം നിക്ഷേപ വിഹിതം 1.84 ശതമാനമായി.

ടാറ്റ കമ്മ്യൂണിക്കേഷന്‍സിന്റെ ഭൂരിഭാഗം ഓഹരികളും പ്രമോട്ടര്‍മാരുടെ കൈയിലാണ്. 41.4 ശതമാനമാണ് പൊതുഓഹരി ഉടമകള്‍ക്കുള്ളത്. ഇതില്‍ തന്നെ 9.95 ശതമാനം ഓഹരികള്‍ മ്യൂച്വല്‍ഫണ്ടുകള്‍ക്കും 16.63 ശതമാനം വിദേശ നിക്ഷേപകര്‍ക്കുമുണ്ട്.

ആഗോള ടെലികമ്മ്യൂണിക്കേഷന്‍സ് സേവന കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. വോയ്സ്, ഡേറ്റ, ക്ലൗഡ് കംപ്യൂട്ടിംഗ് തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. ജൂണ്‍ 2023ല്‍ അവസാനിച്ച ആദ്യ പാദത്തില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സ് ലാഭം 29.8% ഇടിഞ്ഞ് 381.7 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ സമാനകാലയളവില്‍ ഇത് 544.8 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ വരുമാനം 17.1 ശതമാനം വളര്‍ച്ചയോടെ 3,912 കോടി രൂപയായി. 

(Equity investing is subject to market risk. Always do your own research or consult a financial expert before investing. Past performance is not an indicative of future returns)

Tags:    

Similar News