ഒറ്റയടിക്ക് ഉയര്‍ന്നത് 6400 രൂപ, ടയര്‍ കമ്പനിയുടെ ഓഹരിവില വീണ്ടും ഒരു ലക്ഷത്തിനരികെ
ആറ് മാസത്തിനിടെ ഓഹരിവിലയില്‍ 35.29 ശതമാനത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്
വിപണിയില്‍ ഓഹരി വിലയില്‍ ഒന്നാമനായ എംആര്‍എഫ് ഇന്ന് ഒറ്റയടിക്ക് ഉയര്‍ന്നത് 6,400 രൂപയിലധികം. ഇന്ന് 7.47 ശതമാനം അഥവാ 6,427 രൂപ ഉയര്‍ന്ന ഓഹരി 92,498.75 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 52 ആഴ്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്നനിലയും ഇതാണ്. 5 ദിവസത്തിനിടെ 8.5 ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 35.29 ശതമാനത്തിന്റെയും നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. അതായത്, ആറ് മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വിലയിലുണ്ടായത് 24,128 രൂപയുടെ വര്‍ധന.
നച്ചുറല്‍ റബര്‍, കാര്‍ബണ്‍ ബ്ലാക്ക്, മറ്റ് ക്രൂഡ് അധിഷ്ഠിത ഡെറിവേറ്റീവുകള്‍ എന്നിവയുള്‍പ്പെടെ അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതാണ് ടയര്‍ നിര്‍മാതാക്കളുടെ ഓഹരി വില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. പ്രകൃതിദത്ത റബ്ബറിന്റെയും സിന്തറ്റിക് റബ്ബറിന്റെയും വിലകള്‍ സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. ബ്രെന്റ് ക്രൂഡ് ഓയില്‍ വില കുറഞ്ഞു. നേരത്തെ, എംആര്‍എഫിന്റെ ഓഹരിവില 92,000 കടന്ന് മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് ഇടിവിലേക്ക് വീഴുകയായിരുന്നു.
ഇന്ത്യയിലെ ടയര്‍ ഉല്‍പ്പാദനത്തിന്റെ 90 ശതമാനവും നിയന്ത്രിക്കുന്നത് എംആര്‍എഫ് ഉള്‍പ്പെടെയുള്ള അഞ്ച് ടയര്‍ കമ്പനികളാണ്.