ഐപിഒ ആവേശത്തിൽ സെരോധയുടെ വെബ്‌സൈറ്റ് തകര്‍ന്നു

നിക്ഷേപക രോഷം പുകയുന്നു

Update: 2021-01-21 06:24 GMT

ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പറേഷന്റേയും ഇന്‍ഡിഗോ പെയിന്റിന്റേയും ഐപിഒകള്‍ നിക്ഷേപകര്‍ ആവേശപൂര്‍വം ഏറ്റെടുത്തപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബ്രോക്കിങ് സ്ഥാപനമായ സെരോധയുടെ വെബ്‌സൈറ്റ് തകര്‍ന്നു.

ബുധനാഴ്ച്ച വിപണിയുടെ തിരക്കേറിയ സമയത്ത് ധാരാളം പേര്‍ ഒരേ സമയം ഐപിഒ ബുക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഭവം. നിക്ഷേപകര്‍ പലതവണ ശ്രമിച്ചശേഷമാണ് വിജയകരമായി ബുക്കിങ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്.

ഇതേതുടര്‍ന്ന് രോഷാകുലരായ നിക്ഷേപകര്‍ ട്വിറ്ററില്‍ കമ്പനിക്ക് എതിരെ തിരിഞ്ഞു. ഐപിഒകളില്‍ നിന്നും തങ്ങളെ സെരോധ തടയുകയാണെന്ന് അവര്‍ ആരോപിച്ചു. മൂന്ന് മില്ല്യണ്‍ ഉപയോക്താക്കളുള്ള സെരോധയാണ് രാജ്യത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ബ്രോക്കിങ് വ്യാപാരത്തിന്റെ സിംഹഭാഗവും കൈയാളുന്നത്.

കമ്പനിയുടെ സംവിധാനം ചെറിയതോതില്‍ ഡൗണ്‍ ആയെന്നും എന്നാല്‍ പൂര്‍ണമായും തകര്‍ന്നില്ലെന്നും സെരോധയുടെ സിഇഒ നിധിന്‍ കാമത്ത് ഇക്കണോമിക്‌സ് ടൈംസിനോട് പറഞ്ഞു.

ഇന്ത്യന്‍ റെയില്‍വേ ഫൈനാന്‍സ് കോര്‍പറേഷന്റെ 4,634 കോടി രൂപയുടെ ഐപിഒയാണ് ബുധനാഴ്ച്ച പൂര്‍ത്തിയായത്. ഇന്‍ഡിഗോ പെയിന്റിന്റേത് 1000 കോടി രൂപയുടേതും. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍ഡിഗോ പെയിന്റിന്റെ സബ്‌സ്‌ക്രിഷന്‍ പൂര്‍ത്തിയായി. ഫൈനാന്‍സ് കോര്‍പറേഷന്റെ ഓഫര്‍ ചെയ്ത് മൂല്യത്തേക്കാള്‍ മൂന്നിരട്ടിയുടെ സബ്‌സ്‌ക്രിപ്ഷനാണ് ലഭിച്ചത്.

ഈ കമ്പനികളുടെ ആരോഗ്യകരമായ ധനസ്ഥിതിയും വളര്‍ച്ചയും കാരണം ഇരു ഐപിഒകള്‍ക്കും പ്രിയമേറി.


Tags:    

Similar News