സമ്പന്നര്‍ നിക്ഷേപിക്കുന്നത് ഇവിടെയാണ്?

Update: 2019-08-30 09:19 GMT

നമുക്കറിയാം, മുമ്പ് വന്‍നേട്ടം തന്ന പല നിക്ഷേപപദ്ധതികളും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒട്ടും തന്നെ ആകര്‍ഷകമല്ല. സാമ്പത്തിക പ്രതിസന്ധി വന്‍കിട സ്ഥാപനങ്ങളെപ്പോലും പിടിച്ചുലച്ചിരിക്കുകയാണ്. വരുംകാലങ്ങളില്‍ ഓഹരിവിപണി, മ്യൂച്വല്‍ ഫണ്ട് മേഖലകള്‍ എത്തരത്തിലുള്ള പ്രകടനം കാഴ്ചവെക്കുമെന്ന് വിദഗ്ധര്‍ക്ക് പോലും പറയാനാകുന്നില്ല. ഈ സാഹചര്യത്തില്‍ എവിടെ നിക്ഷേപിച്ചാല്‍ നേട്ടമുണ്ടാക്കാനാകും എന്ന കാര്യത്തില്‍ സാധാരണക്കാരായ നിക്ഷേപകര്‍ ആശയക്കുഴപ്പത്തിലാണ്. 

ഇന്ത്യയിലെ HNIs (ഹൈ നെറ്റ്-വര്‍ത്ത്-ഇന്‍ഡിവീച്വല്‍സ്) എവിടെയാണ് ഈ സാഹചര്യത്തില്‍ നിക്ഷേപിക്കുന്നത്? സാമ്പത്തികമാന്ദ്യം ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തിയിരിക്കുന്ന മേഖലകളിലൊന്നായ റിയല്‍ എസ്റ്റേറ്റ് ആണ് അതിസമ്പന്നര്‍ തങ്ങളുടെ വ്യക്തിഗത നിക്ഷേപത്തിന് സുരക്ഷിതമായ മേഖലയായി കാണുന്നത്. ഈയിടെ നടന്ന പഠനത്തിലാണ് കണ്ടെത്തല്‍. അടുത്ത മൂന്ന് വര്‍ഷം ഈ ട്രെന്‍ഡ് തുടരുമെന്ന് ഹുറൂണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം അതിസമ്പന്നരും തങ്ങള്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് പറയുന്നു. 20 ശതമാനം പേര്‍ മാത്രമേ തങ്ങള്‍ റിയാല്‍റ്റിയിലുള്ള നിക്ഷേപം കുറയ്ക്കുമെന്ന് പറഞ്ഞിട്ടുള്ളു. 

റിയല്‍ എസ്‌റ്റേറ്റ് കഴിഞ്ഞാല്‍ അതിസമ്പന്നര്‍ ഏറ്റവും സുരക്ഷിതമായി കാണുന്ന നിക്ഷേപം സ്വര്‍ണ്ണമാണ്.

റിയല്‍ എസ്‌റ്റേറ്റ് സ്വര്‍ണ്ണവും കഴിഞ്ഞാല്‍ ഓഹരി, സ്ഥിരവരുമാനം കിട്ടുന്ന ഡിപ്പോസിറ്റുകളാണ് സമ്പന്നര്‍ക്ക് പ്രിയം. ആര്‍ട്ട്, ഇന്‍ഷുറന്‍സ്, വിവിധ ഫണ്ടുകള്‍ തുടങ്ങിയവയും വ്യക്തിഗത നിക്ഷേപത്തിനായി ഇവര്‍ തെരഞ്ഞെടുക്കുന്നു. നാലിലൊന്ന് പേര്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഓഹരികളില്‍ നിക്ഷേപിക്കുമെന്ന് പറയുമ്പോള്‍ മറ്റൊരു നാലിലൊന്ന് വിഭാഗം പ്രതീക്ഷ കാണുന്നത് സ്ഥിരനിക്ഷേപത്തിലാണ്. 10 ശതമാനം പേര്‍ ക്രിപ്‌റ്റോകറന്‍സി പോലുള്ള ഡിജിറ്റല്‍ അസറ്റ്‌സ് തെരഞ്ഞെടുക്കുന്നു.

അതിസമ്പന്നരില്‍ മൂന്നിലൊരു വിഭാഗവും ആനന്ദത്തിന് തെരഞ്ഞെടുക്കുന്ന മാര്‍ഗ്ഗം യാത്രയാണ്. രണ്ടാമത്തെ സ്ഥാനം വായനക്കാണ്. മൂന്നാമത്തേത് കുടുംബത്തിനായി സമയം മാറ്റിവെക്കുന്നതാണ്. 

Similar News