കയറ്റം തുടര്‍ന്ന് ധനലക്ഷ്മി ബാങ്ക് ഓഹരികള്‍; കാരണം ഇതാണ്

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 16 കോടി രൂപയായിരുന്നു ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം;

Update:2022-12-13 11:55 IST

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനലക്ഷ്മി ബാങ്കിന്റെ ഓഹരികള്‍ ഇന്നും ഉയരുകയാണ്. വ്യാപാരം തുടങ്ങി 11 മണി  കഴിയുമ്പോഴേക്കും ഓഹരി വില 13 ശതമാനത്തോളം ഉയര്‍ന്ന് 23.30 രൂപയിലെത്തി. കഴിഞ്ഞ വെള്ളിയാഴ്ച 18.60 രൂപയില്‍ ക്ലോസ് ചെയ്ത ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ ഇന്നലെ 20.45 രൂപയിലെത്തിയരുന്നു.

5 ദിവസത്തിനിടെ 23 ശതമാനത്തോളം ഉയര്‍ച്ചയാണ് ഓഹരി വിലയിലുണ്ടായത്. കഴിഞ്ഞ ആറുമാസത്തെ കണക്കുകളില്‍ 90 ശതമാനത്തിലധികം നേട്ടമാണ് ഓഹരികള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത്. 2010ല്‍ 190 രൂപയ്ക്ക് മുകളിലെത്തിയ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് കൂപ്പുകുത്തുകയായിരുന്നു.

ഓഹരി വില ഉയരാനുള്ള കാരണം

ഈ മാസം ആദ്യം 300 കോടി രൂപ സമാഹരിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം ലഭിച്ചിരുന്നു. നോണ്‍-കണ്‍വര്‍ട്ടബിള്‍ ഡിബഞ്ചേഴ്‌സിലൂടെയാണ് (NCDs) ബാങ്ക് തുക സമാഹരിക്കുന്നത്. ഈ പ്രഖ്യാപനമാണ് ഓഹരി വിപണിയില്‍ ബാങ്കിന് നേട്ടമുണ്ടാക്കിയത്. ധനലക്ഷ്മി ബാങ്കിനെ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് ഡല്‍ഹി ആസ്ഥാനമായ ധന്‍വര്‍ഷ ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു.

ഓഹരി ഒന്നിന് 11.85 രൂപ നിരക്കില്‍ 300 കോടിയാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ധന്‍വര്‍ഷ ഗ്രൂപ്പ് മുന്നോട്ട് വെച്ച ഓഫര്‍. ധന്‍വര്‍ഷയെ കൂടാതെ രാജ്യത്തെ പല പ്രമുഖ സ്ഥാപനങ്ങളും ധനലക്ഷ്മിയെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതായാണ് മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഇതും നിക്ഷേപകര്‍ക്ക് ബാങ്കിന്റെ ഓഹരികളില്‍ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നല്‍കി. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് വലിയ നഷ്ടം വരുത്തിയ ഓഹരികളില്‍ ഒന്നാണ് ധനലക്ഷ്മിയുടേത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ 16 കോടി രൂപയായിരുന്നു ധനലക്ഷ്മി ബാങ്കിന്റെ അറ്റാദായം. നിക്ഷേപങ്ങള്‍ 7 ശതമാനം ഉയര്‍ന്ന്12,748 കോടിയിലെത്തി. 262.50 കോടിയായിരുന്നു ഇക്കാലയളവില്‍ ബാങ്കിന്റെ പലിശ വരുമാനം. രവി പിള്ള, എം എ യൂസഫലി, സി കെ ഗോപിനാഥന്‍ തുടങ്ങി പ്രമുഖരായ മലയാളികളാണ് ഇന്ന് ബാങ്കിന്റെ പ്രധാന ഓഹരിയുടമകള്‍. മാത്രമല്ല, മൊത്തം ഓഹരിയുടമകളില്‍ 35 ശതമാനവും മലയാളികളാണ്.

Tags:    

Similar News