അഞ്ച് മാസത്തിനിടെ 106 ശതമാനത്തിന്റെ നേട്ടം, ഈ കേരള കമ്പനിയുടെ ഓഹരിവില ഇനിയും ഉയരുമോ?

2021-22 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 107.25 ശതമാനം വര്‍ധനവാണ് കമ്പനി നേടിയത്

Update: 2022-05-25 05:36 GMT

ഓഹരി വിപണിയിലെ അസാധാരണ വളര്‍ച്ചകള്‍ നിക്ഷേപകര്‍ക്ക് എന്നും പ്രചോദനമാണ്, പ്രത്യേകിച്ച് വിപണി അനിശ്ചിതത്വത്തില്‍ നീങ്ങുമ്പോള്‍. കാരണം, ഓഹരി വിപണി (Stock Market) ചാഞ്ചാട്ടത്തിലാകുമ്പോള്‍ മികച്ച റിട്ടേണുകള്‍ നല്‍കുന്ന കമ്പനികള്‍ വളരെ കുറവായിരിക്കുമെന്നത് തന്നെ. എന്നാല്‍, ഓഹരി വിപണിയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടത്തിനിടയിലും അഞ്ച് മാസത്തിനിടെ നൂറ് ശതമാനത്തിലധികം നേട്ടം സമ്മാനിച്ചൊരു കേരള കമ്പനിയുണ്ട്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വര്‍ ലിമിറ്റഡ് (Kings Infra Ventures Limited).

അഞ്ച് മാസത്തിനിടെ, 106 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്. അതായത് 2022 ല്‍ മാത്രം ഓഹരി വില 37 രൂപയിലധികം വര്‍ധിച്ച് 34.95 ല്‍ നിന്ന് 72.00 രൂപയായി ഉയര്‍ന്നു. മാര്‍ച്ച് നാലിന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 87.95 രൂപ എന്ന തോതിലും ഈ കമ്പനിയുടെ ഓഹരി വിലയെത്തിയിരുന്നു. ഒരു വര്‍ഷത്തിനിടെ മാത്രം 127 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വര്‍ ലിമിറ്റഡിന്റെ ഓഹരി വില ജനുവരി 14 മുതലാണ് ഉയര്‍ന്നു തുടങ്ങിയത്. അഞ്ച് വര്‍ഷത്തിനിടെ 516 ശതമാനത്തിന്റെ വളര്‍ച്ചയും ഈ ഓഹരി നേടി.
അക്വാകള്‍ച്ചര്‍ കമ്പനിയായ കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വര്‍ ലിമിറ്റഡ് അക്വാകള്‍ച്ചര്‍ ഫാമിംഗ്, സീഫുഡ് പ്രോസസിംഗ് തുടങ്ങിയ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ 107.25 ശതമാനം വര്‍ധനവാണ് കമ്പനി നേടിയത്. കഴിഞ്ഞവര്‍ഷം 1.42 കോടി രൂപയായിരുന്ന അറ്റാദായം ഇപ്രാവശ്യം 2.95 കോടി രൂപയായി.
കയറ്റുമതി, വാണിജ്യ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടായെങ്കിലും, അക്വാകള്‍ച്ചര്‍ മേഖലയില്‍ കൈവരിച്ച വളര്‍ച്ചയാണ് കമ്പനിക്ക് ഇത്രയും നേട്ടമുണ്ടാക്കിയതെന്ന് കിംഗ്സ് ഇന്‍ഫ്ര ചെയര്‍മാനും എംഡിയുമായ ഷാജി ബേബി ജോണ്‍ പറഞ്ഞു. ലോജിസ്റ്റിക്സ് തടസ്സങ്ങള്‍, കണ്ടെയ്നര്‍ ക്ഷാമം, ഉക്രെയ്ന്‍ യുദ്ധം, ശ്രീലങ്കന്‍ പ്രശ്നം തുടങ്ങിയ പ്രതിസന്ധികളെ കമ്പനിക്ക് മറികടക്കാനായി. ചൈനീസ് വിപണിയെ കൂടുതല്‍ ആശ്രയിക്കാതിരുന്നതും മികച്ച നേട്ടത്തിന് സഹായിച്ചുവെന്ന് ഷാജി ബേബി ജോണ്‍ പറഞ്ഞു.
കമ്പനിയുടെ നാലാംപാദ വരുമാനം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 22.67 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 2021-22 ല്‍ 8.14 ശതമാനം വരുമാന വര്‍ധനയുണ്ടായി. നികുതിക്കും, പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 4.10 കോടിയില്‍ നിന്ന് 6.41 കോടിയായും വര്‍ധിച്ചു.
80 ഗ്രാം വരെ തൂടക്കമുള്ള എല്‍ വാനമൈ ചെമ്മീനുകളെ വളര്‍ത്തുന്ന സാങ്കേതിക വിദ്യയിലൂടെയാണ് അക്വാകള്‍ച്ചര്‍ രംഗത്ത് കിംഗ്സ് ഇന്‍ഫ്ര വന്‍ കുതിച്ചുചാട്ടമുണ്ടാക്കിയത്. കിംഗ്സ് ഇന്‍ഫ്രയുടെ സബ്സിഡിയറികളായ സിസ്റ്റ360, മേരികള്‍ച്ചര്‍ ടെക്പാര്‍ക്ക് എന്നിവയുടെ രൂപീകരണവും പദ്ധതിയിട്ട പോലെ മുന്നേറുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News