പ്രിയം യുഎസിനോട്; 2021ല്‍ പൗരത്വം ഉപേക്ഷിച്ചത് 1.6 ലക്ഷം ഇന്ത്യക്കാര്‍

ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 2015-21 കാലയളവില്‍ 9.24 ലക്ഷം പേരാണ് മറ്റ് രാജ്യങ്ങളിലെ പൗരത്വം നേടിയത്.

Update:2022-07-20 13:00 IST

2021ല്‍ 1.63 ലക്ഷം ഇന്ത്യക്കാര്‍ പൗരത്വം ഉപേക്ഷിച്ചെന്ന് (Renounced Indian Citizenship) കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

2015-21 കാലയളവില്‍ 9.24 ലക്ഷം പേരാണ് ഇന്ത്യന്‍ പൗരത്വം വേണ്ടെന്ന് വെച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ (2019-21) പൗരത്വം ഉപേക്ഷിച്ച 3.92 ലക്ഷം പേരില്‍ 43 ശതമാനം ആളുകളും യുഎസ് പൗരത്വമാണ് സ്വീകരിച്ചത്. കാനഡ. ഓസ്‌ട്രേലിയ, യുകെ എന്നിവയാണ് പിന്നാലെ. 2020ല്‍ 85,256 പേരും 2019ല്‍ 1.44 ലക്ഷം പേരുമാണ് പൗരത്വം ഉപേക്ഷിച്ചത്.

നിക്ഷേപത്തിന് പകരം പൗരത്വം നല്‍കുന്ന സെന്റ്.കിറ്റ്‌സ് ആന്‍ഡ് നേവിസ് ഉള്‍പ്പടെ നികുതി ഇളവുകള്‍ ലഭിക്കുന്ന ലക്‌സംബര്‍ഗ്,   കേയ്മന്‍ ദ്വീപ്, പനാമ, ബഹമാസ്, മാള്‍ട്ട, ടര്‍ക്ക്‌സ് ആന്‍ കൈക്കോസ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലേക്കും ഇന്ത്യക്കാര്‍ കുടിയേറി. ഇന്ത്യയില്‍ നിന്ന് കടന്ന വജ്രവ്യാപാരി മെഹുല്‍ ചോക്‌സി 2017ല്‍ ആന്റിഗ്വാ പൗരത്വം ആണ് നേടിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് ആളുകള്‍ പൗരത്വം ഉപേക്ഷിച്ചതെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

Tags:    

Similar News