അന്തരിച്ച ടാറ്റ സണ്‍സ് മുന്‍ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ ജീവിതത്തെക്കുറിച്ച് 7 കാര്യങ്ങള്‍

മിസ്ത്രിക്ക് ടാറ്റ സണ്‍സില്‍ നിന്നും പുറത്തുപോകേണ്ടി വന്നതെന്തുകൊണ്ടായിരുന്നു? രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായെത്തിയിട്ടും അപ്രതീക്ഷിതമായി പടിയിറക്കം, കോടീശ്വരനായ മിസ്ത്രിയുടെ മരണവും അസ്വഭാവികം

Update: 2022-09-06 07:10 GMT

ടാറ്റ സണ്‍സ് (Tata Sons) മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ (Cyrus Mistry) മരണവാര്‍ത്ത ഇക്കഴിഞ്ഞ ദിവസമാണ് ഞെട്ടലോടെ കേട്ടത്.അമിതവേഗതയില്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടായിരുന്നു മരണം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അദ്ദേഹവും സുഹൃത്തുക്കളും.

പകട സമയത്ത് വാഹനത്തില്‍ മിസ്ത്രിയെ കൂടാതെ മൂന്നുപേര്‍ കൂടിയുണ്ടായിരുന്നു. മിസ്ത്രി ഉള്‍പ്പെടെ രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മരിച്ച മറ്റൊരാള്‍ ജഹാംഗീര്‍ ബിന്‍ഷാ പണ്ടോളാണ്. ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലിലെ ഡോക്ടര്‍ അനഹിത പണ്ടോള്‍, ജെഎം ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡാരിയസ് പണ്ടോള്‍ എന്നിവരാണ് പരിക്കേറ്റവര്‍. മിസ്ത്രിയുള്‍പ്പെടെ ഉള്ളവര്‍ മദ്യപിച്ചിരുന്നതായും ഓവര്‍ടേക്ക് നടത്തിയതായുമൊക്കെ മരണ വാര്‍ത്തയ്ക്ക് പിന്നാലെ മറ്റു ചില വാര്‍ത്തകളും പുറത്തുവന്നിരുന്നു.
അമ്പത്തിനാലാം വയസ്സില്‍ മിസ്ത്രി ഓര്‍മയാകുമ്പോള്‍ മിസ്ത്രിയുടെ ജീവിതത്തിലെ 7 കാര്യങ്ങള്‍:
1. ടാറ്റസണ്‍സ് തലവനായിരുന്ന സൈറസ് പല്ലോന്‍ജി മിസ്ത്രി ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ (Shapoorji Pallonji) തലവനായ പല്ലോന്‍ജി മിസ്ത്രിയുടെ ഇളയ മകനായിരുന്നു. ലണ്ടനിലെ ഇംപീരിയല്‍ കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിരുദവും, ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടിയ മിസ്ത്രി രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായത് ഏറെ നാടകീയമായി.
2. ടാറ്റ ചെയര്‍മാന് വേണ്ടിയുള്ള 15 മാസത്തോളം നീണ്ട തിരച്ചില്‍ നടത്തിയ അഞ്ചംഗ സെലക്ഷന്‍ ടീം തെരഞ്ഞെടുത്ത ടാറ്റ സണ്‍സ് ചെയര്‍മാന്‍ ആയിരുന്നു. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 2012 ഡിസംബറില്‍ ആണ് അദ്ദേഹം ചെയര്‍മാനായി ചുമതലയേറ്റത്.
3. ടാറ്റ സണ്‍സിന്റെ ആറാമത്തെ ചെയര്‍മാനായിരുന്നു സൈറസ് മിസ്ത്രി. രത്തന്‍ ടാറ്റയുടെ സഹോദരനായ നോയല്‍ ടാറ്റയുടെ ഭാര്യാ സഹോദരനായിരുന്നു സൈറസ് മിസ്ത്രി.
4.ഫാര്‍ബ്സ് പ്രകാരം 7.6 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള കോടീശ്വരനായ മിസ്ത്രിയുടെ പിതാവാണ് മകനെ ടാറ്റയുടെ തലപ്പത്തെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ചത്.
5.ടാറ്റ സണ്‍സിന്റെ 18.4 ശതമാനം ഓഹരികള്‍ സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് വഴി കൈവശം വച്ചിരുന്ന അദ്ദേഹം ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമ കൂടിയാണ്. എന്നാല്‍ രത്തന്‍ ടാറ്റയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നു 2016 ഒക്ടോബറിലാണ് മിസ്ത്രി ടാറ്റയില്‍ നിന്നു പുത്തായത്.
6. 2016 ഡിസംബറില്‍ മിസ്ത്രി കുടുംബത്തിന്റെ പിന്തുണയുള്ള സൈറസ് ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡും, സ്റ്റെര്‍ലിംഗ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ പ്രൈവറ്റ് ലിമിറ്റഡും വഴി ടാറ്റ സണ്‍സിന്റെ കെടുകാര്യസ്ഥത ആരോപിച്ച് നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. 2017 ഫെബ്രുവരിയില്‍ ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സിന്റെ ബോര്‍ഡില്‍ നിന്ന് മിസ്ത്രിയെ നീക്കി.
7. നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സൈറസ് മിസ്ത്രി നല്‍കിയ പുനഃപരിശോധനാ ഹര്‍ജി ഈ വര്‍ഷം മേയില്‍ സുപ്രീം കോടതി തള്ളിയിരുന്നു. സൈറസ് മിസ്ത്രിയെ പുറത്താക്കിയ 2021 ലെ വിധി പുനഃപരിശോധിക്കണമെന്ന എസ്പി ഗ്രൂപ്പിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു.


ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel



Tags:    

Similar News