പത്രത്തില്‍ നോട്ടീസ് തിരുകാമോ? തടയാന്‍ നിയമ വഴികളുണ്ടെന്ന് നോട്ടീസ്

അധാര്‍മിക ഏര്‍പ്പാടും അവകാശലംഘനവുമാണെന്ന് പത്രപരസ്യത്തില്‍ മുന്നറിയിപ്പ്

Update:2024-12-13 13:46 IST
രാവിലെ പത്രം മടക്കു നിവര്‍ക്കുമ്പോള്‍ ഉതിര്‍ന്നു വീഴുന്ന ഒരു കൂട്ടം നോട്ടീസുകള്‍. അതില്‍ ദേഷ്യം വരുന്നവരാണ് വായനക്കാരില്‍ അധികവും. നോട്ടീസുകള്‍, ലഘുലേഖകള്‍ തുടങ്ങിയവയൊക്കെ ചുരുട്ടിക്കൂട്ടി ദൂരെക്കളഞ്ഞു വേണം പത്രപാരായണത്തിലേക്ക് കടക്കാന്‍. ഈ പരസ്യങ്ങള്‍ ഏതാണെന്ന് കണ്ണോടിക്കാന്‍ ആരും മെനക്കെടാറില്ല. അഥവാ, അതിന് താല്‍പര്യമോ സമയമോ കാണുകയുമില്ല. പത്രം നിവര്‍ക്കുമ്പോള്‍ നോട്ടീസ് ഉതിര്‍ന്നു വീഴുന്നതിന് പത്രത്തോടും പത്ര ഏജന്റിനോടുമൊക്കെ വായനക്കാരന് കലി തോന്നും. ഏജന്റോ വിതരണക്കാരോ അറിയാതെ പത്രത്തില്‍ ഇത്തരം അനധികൃത വസ്തുക്കള്‍ തിരുകി വെക്കാന്‍ കഴിയുമോ? അതേതായാലും, വായനക്കാരുടെ നീരസം ഏറ്റുവാങ്ങുന്ന സ്ഥിതിയിലാണ് പത്ര ഉടമകള്‍. ഒരേസമയം, നോട്ടീസ് തിരുകുന്നവരെ നിരുത്‌സാഹപ്പെടുത്താനും, വായനക്കാരെ അനുനയിപ്പിക്കാനും, ഏജന്റുമാരെ പിണക്കാതിരിക്കാനും വഴി തേടുകയാണ് പത്രങ്ങള്‍. അതിനൊടുവില്‍ മുന്‍പേജ് പരസ്യം തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

'നിയമവിരുദ്ധം; സിവില്‍, ക്രിമിനല്‍ നടപടി വരും'

ലഘുലേഖയും നോട്ടീസും പരസ്യങ്ങള്‍ പോലെയുള്ള വസ്തുക്കളും പത്രത്തില്‍ വെച്ച് വിതരണം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ഈ പരസ്യത്തില്‍ ഓര്‍മിപ്പിക്കുന്നു. അങ്ങനെ ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും എതിരെയും അവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയും സിവില്‍, ക്രിമിനല്‍ ചട്ടമനുസരിച്ച് നിയമനടപടി സ്വീകരിക്കാന്‍ പത്രമുടമക്കുള്ള അവകാശത്തെക്കുറിച്ചും പരസ്യത്തില്‍ പറയുന്നുണ്ട്.
പത്രത്തിന്റെയും മറ്റു പ്രസിദ്ധീകരണങ്ങളുടെയും താളുകള്‍ക്കിടയില്‍ നോട്ടീസും മറ്റും തിരുകുന്നത് ആ പ്രസിദ്ധീകരണങ്ങളെ തരംതാഴ്ത്തുന്ന അധാര്‍മിക ഏര്‍പ്പാടാണ്. പല വിധ തെറ്റിദ്ധാരണകള്‍ പൊതുജനങ്ങള്‍ക്ക് ഉണ്ടാവുന്നു. ലഘുലേഖയും നോട്ടീസുമൊക്കെ പത്രത്തോടൊപ്പം പ്രത്യക്ഷപ്പെടുന്നത് വായനക്കാര്‍ക്ക് അരോചകമാണ്. പത്രത്തിന്റെ അനുമതി കൂടാതെയുള്ള ഇത്തരം തിരുകല്‍ പത്ര ഉടമയുടെ അവകാശങ്ങള്‍ ലംഘിക്കുന്നതുമാണ്. ഈ നോട്ടീസുകളെ അവഗണിക്കണമെന്ന് പൊതുജനങ്ങളോടും പരസ്യത്തില്‍ അഭ്യര്‍ഥിക്കുന്നു.
Tags:    

Similar News