ധാരാവി പുതുക്കി പണിയാന്‍ അദാനി ഗ്രൂപ്പ്

20,000 കോടി രൂപയുടേതാണ് ധാരാവി പുനരുദ്ധാരണ പദ്ധതി

Update:2022-11-30 12:21 IST

ലോകത്തെ ഏറ്റവും വലിയ ചേരിപ്രദേശമായി അറിയപ്പെടുന്ന ധാരാവി പുതുക്കിപ്പണിയാനുള്ള കരാര്‍ സ്വന്തമാക്കി അദാനി ഗ്രൂപ്പ്. ധാരാവി പുനരുദ്ധാരണ പദ്ധതിയുടെ കരാറിനായി 50,70 കോടി രൂപയുടെ ബിഡ് ആണ് അദാനി സമര്‍പ്പിച്ചത്. അവസാന റൗണ്ടിലേക്ക് യോഗ്യത നേടിയ ഡിഎല്‍എഫ് പദ്ധതിക്കായി നല്‍കിയത് 2,205 കോടി രൂപയുടെ ബിഡ് ആണ്. തുടര്‍ന്ന് ഉയര്‍ന്ന ബിഡ് സമര്‍പ്പിച്ച അദാനി ഗ്രൂപ്പിന് കരാര്‍ ലഭിക്കുകയായിരുന്നു.

20,000 കോടി രൂപയുടേതാണ് ധാരാവി പുനരുദ്ധാരണ പദ്ധതി. ആദ്യഘട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന തുക മുടക്കാന്‍ തയ്യാറുള്ള കമ്പനിക്ക് കരാര്‍ നല്‍കാനായിരുന്നു മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകരാം ലഭിക്കുന്നതോടെ അദാനി ഗ്രൂപ്പിന് പദ്ധതിയുമായി ബന്ധപ്പെട്ട ജോലികള്‍ ആരംഭിക്കാം. അടിസ്ഥാന സൗകര്യ വികസം, പുനരധിവാസം പുനര്‍നിര്‍മാണം ഉള്‍പ്പെടെ അടങ്ങുന്നതാണ് പദ്ധതി.

ഏഴ് വര്‍ഷമാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ അദാനി ഗ്രൂപ്പിന് ലഭിക്കുക. പദ്ധതിക്കായി ഒരു പ്രത്യേക ഉപസ്ഥാപനവും അദാനി ഗ്രൂപ്പ് രൂപീകരിക്കണം. 2019ലും അദാനി ഗ്രൂപ്പ് ഈ പദ്ധതിക്കായി ശ്രമിച്ചിരുന്നു. അന്ന് ദുബായി അസ്ഥാനമായ സെക്ക്‌ലിങ്ക് ടെക്‌നോളജീസിനാണ് കരാര്‍ ലഭിച്ചത്. എന്നാല്‍ റെയില്‍വേ ഭൂമി ഉള്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് കരാര്‍ കമ്പനിക്ക് നല്‍കിയില്ല.

2000ന്റെ തുടക്കം മുതല്‍ ചര്‍ച്ചയിലുള്ളതാണ് പുനരുദ്ധാരണ ധാരാവി പദ്ധതി. ഒരു ദശലക്ഷത്തോളം ജനസംഖ്യയുള്ള പ്രദേശമാണ് ധാരാവി. 2000 ജനുവരിക്ക് മുമ്പ് ധാരാവിയില്‍ താമസമാക്കിയവര്‍ക്ക് പദ്ധതിയുടെ ഭാഗമായി സൗജന്യമായി 300 ചതുരശ്രയടി വിസ്തീര്‍ണമുള്ള പാര്‍പ്പിടങ്ങള്‍ ലഭിക്കും. 2000-11 കാലയളവില്‍ ധാരാവിയില്‍ താമസമാക്കിയവരില്‍ നിന്ന് വീടിനായി സര്‍ക്കാര്‍ പണം ഈടാക്കും.

Tags:    

Similar News