മത്സരിച്ച് നിരക്ക് കൂട്ടല്‍ ; ജിയോക്ക് പിന്നാലെ എയര്‍ടെല്‍ - വര്‍ധന 21 ശതമാനം വരെ
കമ്പനികളുടെ ചോദ്യം: ദിവസം 10 രൂപയെങ്കിലും കിട്ടേണ്ടേ !
ജൂലൈ മൂന്ന് മുതല്‍ മൊബൈല്‍ നിരക്കുകളില്‍ 10 മുതല്‍ 21 ശതമാനം വരെ വര്‍ധന പ്രഖ്യാപിച്ച് ഭാരതി എയര്‍ടെല്‍. എതിരാളികളായ റിലയന്‍സ് ജിയോ നിരക്ക് കൂട്ടി മണിക്കൂറുകള്‍ക്കുള്ളിലാണ് എയര്‍ടെല്ലിന്റെയും തീരുമാനം. മറ്റൊരു ടെലികോം ഓപറേറ്ററായ വോഡഫോണ്‍-ഐഡിയയും അധികം വൈകാതെ നിരക്ക് വര്‍ധന പ്രഖ്യാപിക്കും. ഇതോടെ ഇന്ത്യയില്‍ ഫോണ്‍വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും ചെലവേറിയതാകും.
ഒരു ഉപയോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം (Avarage revenue per user -ARPU) 300 രൂപയാക്കി നിലനിറുത്തേണ്ടത് ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റര്‍മാരുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്ലിന്റെ തീരുമാനം. നിലവില്‍ ഒരാളില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 181.7 രൂപയാണെന്നാണ് കണക്ക്. ഉപയോക്താക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ കുറഞ്ഞ നിരക്കിലാണ് വര്‍ധനവെന്നും എയര്‍ടെല്‍ വിശദീകരിക്കുന്നു.
പരിധിയില്ലാതെ കോളുകളും ഇന്റര്‍നെറ്റും ലഭിക്കുന്ന പ്ലാനുകളില്‍ വലിയ മാറ്റമാണ് എയര്‍ടെല്‍ വരുത്തിയത്. നിരക്ക് വര്‍ധന ഇങ്ങനെ; പുതിയ നിരക്ക് , ബ്രാക്കറ്റില്‍ പഴയ നിരക്ക് - 199(179), 509 (455), 1999 (1799). 479 രൂപയുടെ ഡെയിലി പ്ലാന്‍ 579 രൂപയാക്കി, 20.8 ശതമാനം വര്‍ധന. നേരത്തെ 265 രൂപയുണ്ടായിരുന്ന ഡെയിലി പ്ലാന്‍ ഇപ്പോള്‍ 299 രൂപയായി. 299ന്റെ പ്ലാന്‍ 349 രൂപയും 359ന്റെ പ്ലാന്‍ 409 രൂപയും 399ന്റേത് 449 രൂപയുമായി കൂട്ടി. 19 രൂപയുടെ ഒരു ജി.ബി ഡെയിലി ഡാറ്റ ആഡ് ഓണ്‍ പ്ലാന്‍ 22 രൂപയാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്‌പെക്ട്രം ലേലത്തിന് പിന്നാലെയാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചത്.
കുടുംബ ബജറ്റ് മാറും
അതേസമയം, മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ തീരുമാനം ഇന്ത്യയിലെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 21 ശതമാനം വരെ താരിഫ് വര്‍ധിച്ചത് മൂലം കോള്‍, ഇന്റര്‍നെറ്റ് ഉപയോഗത്തിന് കൂടുതല്‍ പണം മാറ്റിവയ്‌ക്കേണ്ടി വരും. ഇത് സാധാരണക്കാരുടെ ബജറ്റ് തെറ്റിക്കും. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും മൊബൈല്‍ കണക്ഷന്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും.
ചെറുകിട സംരംഭകരെയും തീരുമാനം സാരമായി ബാധിക്കും. മൊബൈല്‍ വിളികള്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗത്തിനും കൂടുതല്‍ പണം മാറ്റി വയ്‌ക്കേണ്ടി വരുന്നത് കമ്പനിയുടെ പ്രവര്‍ത്തന ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. ഇത് വിപണിയില്‍ മത്സരിക്കാനുള്ള സംരംഭകന്റെ കഴിവിനെ ബാധിക്കുമെന്നും വിദഗ്ധര്‍ വിശദീകരിക്കുന്നു.