ഇനി വായ്പയ്ക്കായി അലയേണ്ട, വിരല്‍ത്തുമ്പില്‍ ലോണ്‍ ലഭ്യമാക്കാന്‍ പോര്‍ട്ടലുമായി റിസര്‍വ് ബാങ്ക്

വായ്പയെടുക്കുന്നവര്‍ക്കും കൊടുക്കുന്നവര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കുന്നതാണ് യു.എല്‍.ഐ

Update:2024-08-27 15:36 IST

Image Courtesy: Canva, RBI

വായ്പ അതിവേഗത്തില്‍ ലഭ്യമാക്കുന്നതിനായി പുതിയ സംവിധാനവുമായി റിസര്‍വ് ബാങ്ക്. യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യു.പി.ഐ) മാതൃകയില്‍ യൂണിഫൈഡ് ലെന്‍ഡിംഗ് ഇന്റര്‍ഫെയ്‌സ് (യു.എല്‍.ഐ) ആരംഭിക്കുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചിരിക്കുന്നത്. വായ്പയ്ക്കായി ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്നതാണ് ആര്‍.ബി.ഐയുടെ പുതിയ തീരുമാനം.

എന്താണ് യു.എല്‍.ഐ

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ക്രെഡിറ്റ് വിശകലന ഏജന്‍സികള്‍ എന്നിവരുടെ കൈവശമുള്ള വിവരങ്ങള്‍ ഡിജിറ്റലായി വിലയിരുത്തി അതിവേഗം വായ്പ അനുവദിക്കുന്ന രീതിയാണ് ഡിജിറ്റല്‍ ലെന്‍ഡിംഗ് ഇന്റര്‍ഫെയ്‌സ്.
പരീക്ഷണാടിസ്ഥാനത്തില്‍ ഈ പദ്ധതി രണ്ട് സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം ആരംഭിച്ചിരുന്നു. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് രാജ്യവ്യാപകമായി നടപ്പിലാക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. വായ്പ ലഭിക്കാനെടുക്കുന്ന സമയം, ഗ്രാമീണ-കാര്‍ഷികമേഖലയില്‍ കൂടുതല്‍ എളുപ്പത്തില്‍ വായ്പ എന്നിവയെല്ലാം യു.എല്‍.ഐയിലൂടെ സാധിക്കുമെന്നാണ് ആര്‍.ബി.ഐയുടെ കണക്കുകൂട്ടല്‍.

വായ്പദായകര്‍ക്കും സൗകര്യം

വായ്പ നല്‍കുന്ന അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഗുണം ചെയ്യുന്നതാണ് പുതിയ പരിഷ്‌കാരം. ഉപയോക്താക്കളുടെ സാമ്പത്തിക സ്ഥിതിവിവര കണക്കുകള്‍, ഭൂമിയുടെ വിവരങ്ങള്‍ എന്നിവ വായ്പാദാതാക്കള്‍ക്ക് ലഭ്യമാകും. വായ്പ ലഭ്യമാക്കാനെടുക്കുന്ന വലിയ സമയദൈര്‍ഘ്യം ഒഴിവാക്കാന്‍ ഇതുവഴി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സാധിക്കുന്നു.
2023 ഓഗസ്റ്റിലായിരുന്നു പുതിയ പദ്ധതിയുടെ പരീക്ഷണം ആരംഭിക്കുന്നത്. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പ, ക്ഷീരമേഖലയിലെ വായ്പ, എം.എസ്.എം.ഇ വായ്പ, ഭവന വായ്പ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരീക്ഷണം. യു.എല്‍.ഐയുടെ ദുരുപയോഗം തടയാന്‍ എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷാ സംവിധാനവും ഒരുക്കുമെന്നാണ് വിവരം.
Tags:    

Similar News