സാങ്കേതികവിദ്യ നിങ്ങളുടെ തൊഴിലിന്റെ രക്ഷകനോ വില്ലനോ?

ഫിനാന്‍സ്, ഐ.ടി., സോഫ്റ്റ്‌വെയര്‍, ആരോഗ്യ സംരക്ഷണം, ഉല്‍പ്പാദന മേഖലകളിലെ പ്രൊഫഷണലുകളാണ് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത്

Update:2023-09-16 14:15 IST

Image : Canva

സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തില്‍ നിങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുമോ? അതോ സാങ്കേതികവിദ്യ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണോ ചെയ്യുക? ഇനി വരുന്നകാലം കമ്പനികള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന തൊഴില്‍ വൈദഗ്ധ്യം ഏതായിരിക്കും?

വ്യവസായ, സേവന മേഖലകള്‍ അതിവേഗം പുതിയ സാങ്കേതികവിദ്യകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വിദഗ്ധരും തൊഴിലാളികളും ഉന്നയിക്കുന്ന പ്രസക്തമായ ചോദ്യങ്ങളാണിത്. തൊഴില്‍ നൈപുണ്യം തുടര്‍ച്ചയായി വര്‍ധിപ്പിച്ചില്ലെങ്കില്‍ സാങ്കേതികവിദ്യ ആ തൊഴില്‍ കവര്‍ന്നെടുക്കുമെന്ന് നാലില്‍ മൂന്ന് ഇന്ത്യക്കാരും ഭയക്കുന്നുണ്ടെന്നാണ് ഒരു ഗവേഷണ ഏജന്‍സിയുടെ സമീപകാല പഠനം കണ്ടെത്തിയത്.
ഫിനാന്‍സ്, ഐ.ടി., സോഫ്റ്റ്‌വെയര്‍, ആരോഗ്യ സംരക്ഷണം, ഉല്‍പ്പാദന മേഖലകള്‍ എന്നിവയില്‍ നിന്നുള്ള പ്രൊഫഷണലുകളാണ് ഏറ്റവും കൂടുതല്‍ ആശങ്കപ്പെടുന്നത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍
നിയമം, സാമ്പത്തിക സേവനങ്ങള്‍, വിദ്യാഭ്യാസം, മരുന്ന് തുടങ്ങിയ മേഖലകള്‍ക്കൊപ്പം മാനുഫാക്ചറിംഗ്, ക്ലറിക്കല്‍, റീറ്റെയ്ല്‍ ജോലി എന്നിവയ്ക്കും സാങ്കേതികവിദ്യയുടെ കടന്നുവരവ് പ്രശ്നം സൃഷ്ടിക്കുമെന്നാണ് എം.ഐ.ടിയിലെ അക്കാദമിക് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഡേറ്റ അനലറ്റിക്സ്, നിര്‍മിതബുദ്ധി (എ.ഐ) എന്നിവ കൂടുതല്‍ പ്രൊഫഷണലുകളെ ആവശ്യമുള്ള മേഖലകളായിരിക്കുന്നു. തുടര്‍പഠനത്തിന് സഹായിച്ചാല്‍ തൊഴിലാളികള്‍ തൊഴിലുടമകളോട് വിശ്വസ്തതയും കൂറും കാട്ടുമെന്നാണ് തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ സാങ്കേതികവിദ്യയുടെ കടന്നുവരവ് മൂലം ഇല്ലാതാകുന്നതിനേക്കാള്‍ കുറഞ്ഞത് 1.2 കോടി തൊഴിലവസരങ്ങളെങ്കിലും 2025ഓടെ കൂടുതല്‍ സൃഷ്ടിക്കപ്പെടുമെന്ന് ലോക സാമ്പത്തിക ഫോറം കണക്കുകൂട്ടുന്നു. നിര്‍മിതബുദ്ധി 2025ഓടെ ലോകത്ത് 8.5 കോടി തൊഴിലുകള്‍ ഇല്ലാതാക്കും. അതേസമയം 9.7 കോടി പുതിയ ജോലി സൃഷ്ടിക്കുകയും ചെയ്യുമെന്നും അവര്‍ പറയുന്നു. ഓട്ടോമേഷന്‍ കൊണ്ട് സമൂഹത്തിന് ഗുണമാണ് ലഭിക്കുക എന്നര്‍ത്ഥം.
സ്ത്രീകള്‍ക്ക് തിരിച്ചടിയോ?
അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ അഭിപ്രായത്തില്‍ നിര്‍മിതബുദ്ധി, ചുമതലകള്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതിനു പകരം ചില ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ തൊഴില്‍ ഇല്ലാതാക്കുന്നതിനേക്കാള്‍ കൂടുതല്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലും സ്ത്രീകള്‍ക്കിടയിലുമാണ് സാങ്കേതികവിദ്യയുടെ ആഘാതം കൂടുതലായി ഉണ്ടാവുകയെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു. ക്ലറിക്കല്‍ ജോലികളില്‍ പ്രത്യേകിച്ചും ഉയര്‍ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ സ്ത്രീകളാണ് കൂടുതലാണ് എന്നതു കൊണ്ടുതന്നെ അവരെയാകും ഇത് കൂടുതല്‍ ബാധിക്കുക.
ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ മൊത്തം തൊഴിലിന്റെ 5.5 ശതമാനത്തില്‍ മാത്രമേ ഓട്ടോമേഷന്‍ നടക്കുന്നുള്ളൂവെന്നും പഠനം പറയുന്നു. അതേസമയം കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലാവട്ടെ ഇതിന്റെ വ്യാപ്തി ഒരു ശതമാനത്തിലും താഴെയാണ്.
വേണം ആജീവനാന്ത പഠനം
ഉചിതമായ നയങ്ങളിലൂടെ ഈ മാറ്റം സുഗമമാക്കേണ്ടതുണ്ടെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന പറയുന്നു. നൈപുണ്യ പരിശീലനവും ആവശ്യമായ സാമൂഹ്യ പരിരക്ഷയും മാറ്റം കൈകാര്യം ചെയ്യുന്നതിന് ആവശ്യമാണ്. ആവശ്യമായ നൈപുണ്യത്തിന് അനുസരിച്ച് തയാറാക്കിയ പഠന വികസന പരിപാടികള്‍ ഈ മേഖലയിലുള്ള തൊഴിലാളികളുടെ നൈപുണ്യം വര്‍ധിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും സഹായകരമാകും.
കൂടുതല്‍ വൈദഗ്ധ്യം നേടാനും ഓട്ടോമേഷനെ അതിജീവിക്കാനും ശ്രമിക്കുന്ന പ്രൊഫഷണലുകള്‍ ഒരു കാര്യം മനസിലാക്കുന്നത് നന്നായിരിക്കും. തൊഴില്‍ കൂടുതല്‍ വൈദഗ്ധ്യം ആവശ്യപ്പെടുകയും അതനുസരിച്ചുള്ള ആളുകളുടെ കുറവ് ഉണ്ടാകുകയും ചെയ്യുമ്പോള്‍ വേതനം വര്‍ധിക്കും. അതുകൊണ്ടാണ് പ്ലംബര്‍മാരേക്കാള്‍ കൂടുതല്‍ പൈലറ്റുമാര്‍ സമ്പാദിക്കുന്നത്. ആജീവനാന്ത പഠനം ആവശ്യമായി വരുന്ന നാളുകളാണ് ഇനിയുള്ള കാലം.

(This article was originally published in Dhanam Magazine September 15th issue)

Tags:    

Similar News