കൊച്ചി പ്രധാന ഹബ്ബാകും, ഗള്‍ഫ് മലയാളിയുടെ യാത്രാ സ്വപ്നം അടുത്ത വര്‍ഷം ആകാശം തൊടും
നയിക്കാനെത്തുന്നത് വ്യോമയാന രംഗത്ത് 35 വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ഹരീഷ് കുട്ടി
ഗള്‍ഫ് സെക്ടറിലേക്കുള്ള യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് കരുതുന്ന എയര്‍ കേരള സര്‍വീസുകള്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ മൂന്ന് വിമാനങ്ങള്‍ ഉപയോഗിച്ച് കൊച്ചിയിലെ ഹബ്ബില്‍ നിന്നും ഇന്ത്യയിലെ ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലേക്കാകും സര്‍വീസുകള്‍ നടത്തുക. തുടര്‍ന്ന് ജി.സി.സി അടക്കമുള്ള അന്താരാഷ്ട്ര സര്‍വീസുകളും ആരംഭിക്കും. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഹാരിഷ് മുഹമ്മദ് കുട്ടിയെ നിയമിച്ചതായും എയര്‍ കേരള ഉടമകളായ സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ വക്താക്കള്‍ അറിയിച്ചു.
വ്യോമയാന രംഗത്ത് 35 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ളയാളാണ് കുട്ടി. നേരത്തെ ഒമാനിലെ സലാം എയര്‍, ബ്രിട്ടീഷ് ഹാരിഷ്എയര്വേസ്, എയര്‍ അറേബ്യ, വതനിയ എയര്‍വേസ് തുടങ്ങിയ കമ്പനികളില്‍ ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്. സ്‌പൈസ് ജെറ്റ്, ജോര്‍ജിയന്‍ എയര്‍ലൈനായ ഫ്‌ളൈവിസ്ത എന്നീ കമ്പനികളില്‍ ചീഫ് കൊമേഷ്യല്‍ ഓഫീസറായിരുന്നു. 1993ല്‍ ബ്രിട്ടീഷ് എയര്‍വേയസിലായിരുന്നു തുടക്കം.
ദുബൈയിലെ ഒരു കൂട്ടം വ്യവസായികള്‍ ചേര്‍ന്നാണ് സെറ്റ്ഫ്‌ളൈ ഏവിയേഷന്‍ എന്ന കമ്പനി രൂപീകരിക്കുന്നതും മലയാളിയുടെ സ്വപ്‌നമായ എയര്‍കേരളക്ക് തുടക്കമിടുന്നതും. കമ്പനിക്ക് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ജൂലൈയില്‍ ലഭ്യമായിരുന്നു. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ എയര്‍ ഓപ്പറേറ്റേഴ്‌സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ. എ.ടി.ആര്‍ 72-600 ടര്‍ബോപ്രൊപ്പ് ശ്രേണിയിലുള്ള മൂന്ന് വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്താനായി ഉപയോഗിക്കുന്നത്. 78 യാത്രക്കാരെ വരെ പരമാവധി ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന വിമാനങ്ങളാണിവ.അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നതോടെ വിമാനങ്ങളുടെ എണ്ണം 20 ആയി വര്‍ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.