ട്രെയിനുകളെല്ലാം ഫുള്‍, ടിക്കറ്റ് കിട്ടാനില്ല; വന്ദേഭാരതിന് 2.7 കോടി രൂപ വരുമാനം
ജനശതാബ്ദി ട്രെയിനിനും വരുന്ന നാലു ദിവസത്തേക്കു ടിക്കറ്റില്ല
അവധിക്കാലമായതിനാല്‍ സംസ്ഥാനത്തോടുന്ന ട്രെയിനുകളിലൊന്നിലും ടിക്കറ്റ് കിട്ടാനില്ല. മിക്ക ട്രെയിനുകളും ഒരാഴ്ച്ച മുമ്പേ റിസര്‍വേഷന്‍ ഫുള്‍ ആണ്. അതേസമയം ചില ട്രെയിനുകള്‍ റദ്ദ് ചെയ്തതും അവധിക്കാലം പ്രമാണിച്ച് പുതിയ ട്രെയിന്‍ അനുവദിക്കാത്തതുമാണ് ടിക്കറ്റ് ലഭിക്കാത്തതിന്റെ പ്രധാന കാരണം.
നിലവില്‍ മിക്ക ട്രെയിനുകളിലും റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റിലേക്ക് ജനറല്‍ ടിക്കറ്റ് എടുത്തവര്‍ ഇടിച്ചുകയറുന്നുമുണ്ട്. ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ കയറാന്‍ പോലും സ്ഥലമില്ലാത്തതിനാലാണു യാത്രക്കാര്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട്മെന്റുകളിലേക്ക് ഇടിച്ചുകയറുന്നത്.
വന്ദേഭാരതിന് 2.7 കോടി
യാത്രക്കാരുടെ തിരക്കു മൂലം വന്ദേഭാരത് ട്രെയിന്‍ 6 ദിവസം കൊണ്ട് ടിക്കറ്റിനത്തില്‍ 2.7 കോടി രൂപ നേടി. ഏപ്രില്‍ 28 മുതല്‍ മേയ് 3 വരെയുള്ള കണക്കാണിത്. തിരുവനന്തപുരം- കാസര്‍കോട് റൂട്ടിലും കാസര്‍കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തേക്കുമാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഈ കാലയളവില്‍ 31,412 ബുക്കിംഗ് ലഭിച്ചു. 27,000 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തു. 1,128 സീറ്റുകളുള്ള ട്രെയിനില്‍ എക്സിക്യൂട്ടീവ് ക്ലാസില്‍ സഞ്ചരിക്കാനാണ് യാത്രക്കാര്‍ കൂടുതല്‍.
മേയ് 14 വരെയുള്ള ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തു കഴിഞ്ഞതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് കൂടുതല്‍ വരുമാനം ഇത് 1.17 കോടി രൂപയാണ്. തിരുവനന്തപുരം-കാസര്‍കോട് ട്രിപ്പിന് 1.10 കോടി രൂപയും. ജനശതാബ്ദി ട്രെയിനിനും വരുന്ന നാലു ദിവസത്തേക്കു ടിക്കറ്റില്ല.