സോളാര്‍ വൈദ്യുതി ഉല്‍പ്പാദനം: പ്രതിവര്‍ഷം 500 മെഗാവാട്ട് യൂണിറ്റ് പിന്നിട്ട് അസറ്റ് ഹോംസ്

അസറ്റ് ഹോംസിന്റെ പദ്ധതികളില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്ന ഏഴാമത്തേതാണ് അസറ്റ് ലെഗ്രാന്‍ഡെ

Update:2022-12-05 17:00 IST

സോളാര്‍ പവര്‍ പ്ലാന്റിന്റെ പാനലുകള്‍  കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ വീക്ഷിക്കുന്നു. അപ്പാര്‍ട്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി വാസുദേവന്‍, പ്രസിഡന്റ് എസ് ജയകുമാര്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ആന്റണി പൈനുത്തറ, അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. എന്നിവര്‍ സമീപം 

അസറ്റ് ഹോംസിന്റെ കൊച്ചി കടവന്ത്രയിലെ അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ അസറ്റ് ലെഗ്രാന്‍ഡെയില്‍ പുതുതായി സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റ് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അസറ്റ് ഹോംസിന്റെ പദ്ധതികളില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുന്ന ഏഴാമത്തേതാണ് അസറ്റ് ലെഗ്രാന്‍ഡെ എന്നറിയുന്നതില്‍ ഏറെ ആഹ്ലാദമുണ്ടെന്ന് മേയര്‍ പറഞ്ഞു. 54 കിലോവാട്ട് ഉല്‍പ്പാദനശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റാണ് അസറ്റ് ലെഗ്രാന്‍ഡേയിലേതെന്ന് ചടങ്ങില്‍ സംസാരിച്ച അപ്പാര്‍ട്മെന്റ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍ര് എസ് ജയകുമാര്‍ പറഞ്ഞു.

ലിഫ്റ്റ്, ലൈറ്റുകള്‍, വാട്ടര്‍ പമ്പ് തുടങ്ങി അസറ്റ് ലെഗ്രാന്‍ഡെയുടെ കോമണ്‍ ഏരിയകളില്‍ ഉണ്ടാകുന്ന എല്ലാ ഊര്‍ജആവശ്യങ്ങളും ഈ സോളാര്‍ പ്ലാന്റ് നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അസറ്റ് ഹോംസ് പദ്ധതികളില്‍ സ്ഥാപിച്ചിരിക്കുന്ന സോളാര്‍ പവര്‍ പ്ലാന്റുകളുടെ മൊത്തം ഉല്‍പ്പാദനശേഷി പ്രതിവര്‍ഷം 500 മെഗാവാട്ട് യൂണിറ്റ് പിന്നിട്ടുവെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ കുമാര്‍ വി. പറഞ്ഞു.
അപ്പാര്‍ട്ടുമെന്റ് ഉടമകള്‍ക്കുണ്ടാകാന്‍ പോകുന്ന മികച്ച സാമ്പത്തികലാഭത്തിനുപരി പരിസ്ഥിതിക്ക് നല്‍കുന്ന വലിയ സംഭാവനയാണ് സോളാര്‍ പവര്‍ പ്ലാന്റുകളിലൂടെ അസറ്റ് ഹോംസ് ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ പുതിയ പദ്ധതികളിലെല്ലാം ചുരുങ്ങിയത് 50-60 കിലോവാട്ട് ശേഷിയുള്ള സോളാര്‍ പവര്‍ പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. മാസം തോറും ഓരോ പദ്ധതിയിലും ചുരുങ്ങിയത് 10 മെഗാവാട്ട് യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിച്ച് ഉടമകള്‍ക്ക് ശരാശരി ഒരു ലക്ഷം രൂപയുടെയെങ്കിലും ആദായം നല്‍കാന്‍ ഓരോ പദ്ധതിയിലേയും സോളാര്‍ പവര്‍ പ്ലാന്റുകള്‍്ക്ക് കഴിയും.
അസറ്റ് ലെഗ്രാന്‍ഡെയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ആന്റണി പൈനുത്തറ, റെന്‍ക്യു പവര്‍ സൊലൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ തോമസ് എം ടി, അപ്പാര്‍ട്മെന്റ് ഓണേഴ്സ് പ്രസിഡന്റ് എസ് ജയകുമാര്‍, സെക്രട്ടറി ജോണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
35 ലക്ഷം രൂപ ചെലവിലാണ് അസോസിയേഷന്‍ ഈ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. നാലു വര്‍ഷം കൊണ്ട് ഇതിനായി മുടക്കിയ നിക്ഷേപം തിരികെ ലഭിക്കുമെന്നാണ് കണക്കാക്കുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച അസോസിയേഷന്‍ പ്രസിഡന്റ് പറഞ്ഞു.



Tags:    

Similar News