ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഓസ്‌ട്രേലിയന്‍ ഇരുട്ടടി; പൊള്ളും, പഠനം

'അനിയന്ത്രിത' കുടിയേറ്റത്തില്‍ തദ്ദേശീയര്‍ അസ്വസ്ഥര്‍; കുടിയേറ്റം പകുതിയാക്കി കുറക്കാന്‍ സര്‍ക്കാര്‍

Update: 2024-07-01 11:43 GMT

Image: Canva

വിദ്യാര്‍ത്ഥി വീസയില്‍ ഓസ്‌ട്രേലിയയിലേക്ക് പോകാന്‍ തയാറെടുത്തിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി സര്‍ക്കാരിന്റെ പുതിയ തീരുമാനം. വിദ്യാര്‍ത്ഥി വീസയുടെ ഫീസ് 125 ശതമാനമാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മുമ്പ് 59,245 രൂപ (710 ഡോളര്‍) ആയിരുന്ന വീസ ഫീ 1,33,510 രൂപയിലേക്ക് (1,600 ഡോളര്‍) ആണ് ഉയര്‍ത്തിയത്. തീരുമാനം ജൂലൈ ഒന്നുമുതല്‍ നിലവില്‍ വന്നു. ഒറ്റയടിക്ക് 74,265 രൂപയാണ് കൂട്ടിയത്.
വിദ്യാര്‍ത്ഥി വീസയില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ഫീ കൂട്ടിയത്. പുതിയ വര്‍ധനയോടെ യു.എസ്, കാനഡ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ ചെലവേറിയതാകും ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര. സന്ദര്‍ശക വീസയും താല്‍ക്കാലിക ബിരുദ വീസയുമുള്ളവരെ ഓണ്‍ഷോര്‍ സ്റ്റുഡന്റ് വീസയ്ക്ക് അപേക്ഷിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.
കുടിയേറ്റം നിയന്ത്രിക്കാന്‍
അനിയന്ത്രിതമായ കുടിയേറ്റം മൂലം ഓസ്‌ട്രേലിയയില്‍ തദ്ദേശീയര്‍ അസ്വസ്ഥരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് നിരക്ക് കൂട്ടിയത്. സെപ്റ്റംബര്‍ 30 വരെയുള്ള ഒരു വര്‍ഷം ഓസ്‌ട്രേലിയയിലേക്ക് 5.5 ലക്ഷം കുടിയേറ്റക്കാര്‍ എത്തിയതായാണ് കണക്ക്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധന.
വിദേശ വിദ്യാര്‍ത്ഥികള്‍ അക്കൗണ്ടില്‍ കാണിക്കേണ്ട തുകയിലും വര്‍ധനയുണ്ട്. മേയ് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. 29,710 ഓസ്ട്രേലിയന്‍ ഡോളര്‍ (16.36 ലക്ഷം രൂപ) സമ്പാദ്യമുള്ളവര്‍ക്കാണ് വീസയ്ക്ക് അര്‍ഹതയുണ്ടാകുക.
കഴിഞ്ഞ ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് തുക ഉയര്‍ത്തുന്നത്. കഴിഞ്ഞ ഒക്ടോബോറിലാണ് 21,041 ഓസ്ട്രേലിയന്‍ ഡോളറില്‍ നിന്ന് 24,505 ഡോളറായി ഉയര്‍ത്തിയത്. യാത്ര, കോഴ്സ് ഫീസ്, ജീവിത ചെലവുകള്‍ എന്നിവയ്ക്ക് ആവശ്യമായ പണം ഉറപ്പു വരുത്തുന്നതിനാണ് അക്കൗണ്ടില്‍ തുക കാണിക്കുന്നത്.
ഓസ്ട്രേലിയയുടെ പ്രധാന വരുമാന സ്രോതസുകളിലൊന്നാണ് വിദേശ വിദ്യാഭ്യാസം. വിദേശ വിദ്യാര്‍ത്ഥികളുടെ അനിയന്ത്രിതമായ ഒഴുക്കുണ്ടായത് ഓസ്ട്രേലിയയില്‍ വാടക ചെലവുകള്‍ കുതിച്ചുയരാന്‍ ഇടയാക്കിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റം പകുതിയായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
Tags:    

Similar News