ബാങ്ക് മാനേജരുടെ സമര്‍ത്ഥമായ ഇടപെടല്‍, 79 ലക്ഷം രൂപയുടെ ഡിജിറ്റല്‍ അറസ്റ്റില്‍ നിന്ന് മുന്‍അധ്യാപിക രക്ഷപ്പെട്ടത് ഇങ്ങനെ

വിവിധ നിയമ നിർവ്വഹണ ഏജൻസികളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉദ്യോഗസ്ഥരായി ചമഞ്ഞാണ് പ്രതികള്‍ പണം തട്ടിയെടുക്കുന്നത്.;

Update:2025-01-14 14:14 IST

Image courtesy: Canva

ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ ഭീഷണിപ്പെടുത്തി സൈബര്‍ തട്ടിപ്പിന് ഇരയാക്കുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. 2024 ജനുവരി 1 മുതൽ നവംബർ 15 വരെ ഇന്ത്യയില്‍ ഇത്തരം കുറ്റകൃത്യത്തിലൂടെ തട്ടിയെടുത്ത തുക 2,140.99 കോടി രൂപയാണ്. ഈ കാലയളലില്‍ ഇതുമായി ബന്ധപ്പെട്ട 92,323 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇരകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ഫോണില്‍ വീഡിയോ കോളുകൾ ചെയ്ത് ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ചാണ് കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്തുന്നത്. വിവിധ നിയമ നിർവ്വഹണ ഏജൻസികളുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ഉദ്യോഗസ്ഥരായി ചമഞ്ഞാണ് ഇവര്‍ പണം തട്ടിയെടുക്കുന്നത്.

ബാങ്കിലെത്തിയത് ഭയന്ന്

68 കാരിയായ വിരമിച്ച സ്കൂൾ അധ്യാപികയെ സെൻട്രൽ ഡൽഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌.ബി.ഐ) ബാങ്ക് മാനേജരാണ് ഇത്തരം തട്ടിപ്പില്‍ നിന്ന് രക്ഷിച്ചത്. തട്ടിപ്പ് പ്രതിക്ക് കൈമാറാൻ ഒരുങ്ങിയ 79 ലക്ഷം രൂപയാണ് സമര്‍ത്ഥമായ ഇടപെടല്‍ മൂലം മാനേജര്‍ ഒഴിവാക്കിയത്.
കാനറ ബാങ്കിൽ 300 കോടി രൂപയുടെ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന സ്കൂൾ അധ്യാപികയ്ക്ക് ഡിസംബർ 21 നാണ് പോലീസില്‍ നിന്ന് എന്ന് അവകാശപ്പെട്ട് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നത്. മിനിറ്റുകൾക്കുളളില്‍ ഡൽഹി പോലീസിൻ്റെ ലോഗോ പ്രദർശിപ്പിച്ച വാട്ട്‌സ്ആപ്പ് ഓഡിയോ കോളും അധ്യാപികയ്ക്ക് ലഭിച്ചു. അധ്യാപികയെ പോലീസ് നിരീക്ഷിച്ചു വരികയാണെന്നും എല്ലാ സമ്പാദ്യങ്ങളും അവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളും വെളിപ്പെടുത്തണമെന്നും തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.
20 ലക്ഷം രൂപ ഗുജറാത്തിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടാണ് അധ്യാപിക ബാങ്കില്‍ എത്തിയത്. മുതിർന്ന പൗരന്മാരുടെ സേവിംഗ്സ് സർട്ടിഫിക്കറ്റ് പിന്‍വലിക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ അധ്യാപിക ദേഷ്യപ്പെട്ടത് ബാങ്ക് മാനേജരില്‍ സംശയം സൃഷ്ടിച്ചു. സമ്മര്‍ദ്ദത്തിലായതു പോലെയായിരുന്നു അവരുടെ പെരുമാറ്റം. ഫോണില്‍ ആരോടോ സംസാരിക്കാൻ അവര്‍ പലതവണ പുറത്തിറങ്ങി. 19 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യുന്ന വൗച്ചറിൻ്റെ ഒരു ചിത്രം തെളിവിനായി എടുക്കണമെന്ന് അധ്യാപിക ആവശ്യപ്പെട്ടത് മാനേജര്‍ നിരസിച്ചു.

നിരീക്ഷണത്തിലാണെന്ന് ഭീഷണി

30 ലക്ഷം രൂപയുടെ മറ്റൊരു സേവിംഗ്സ് സ്കീമും 30 ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ടുകളും പിന്‍വലിക്കണമെന്ന ആവശ്യവുമായി ഡിസംബർ 27 ന് അധ്യാപിക വീണ്ടും ബാങ്കില്‍ എത്തി. അവരുടെ കുടുംബത്തിൽ നിന്ന് ആരെങ്കിലും വരാതെ പണം കൈമാറാൻ സാധിക്കില്ലെന്ന് മാനേജര്‍ അറിയിച്ചു. ബാങ്കിന് പുറത്തു നിന്ന് അധ്യാപിക ആരോടോ ഭയന്ന് സംസാരിക്കുന്നത് കണ്ട മാനേജര്‍ ഫോണ്‍ വാങ്ങി മറുവശത്തുളള ആളോട് സംസാരിച്ചപ്പോള്‍ അയാള്‍ കോള്‍ വിച്ഛേദിച്ചു. തുടര്‍ന്ന് അധ്യാപിക ബാങ്കിൻ്റെ ഗേറ്റിന് മുന്നിൽ തളര്‍ന്ന് വീണു.
പണം നല്‍കിയില്ലെങ്കിൽ താൻ അറസ്റ്റിലാകുമെന്ന് അധ്യാപിക ആശങ്കയിലായിരുന്നു. ഡിജിറ്റൽ അറസ്റ്റുകളെക്കുറിച്ച് അടുത്തിടെ നടന്ന ഒരു പരിശീലനത്തില്‍ താന്‍ മനസിലാക്കിയിരുന്നതായി മാനേജര്‍ പറഞ്ഞു. തുടര്‍ന്ന് അധ്യാപികയുടെ മരുമകനെ ബാങ്ക് ഉദ്യോഗസ്ഥര്‍ വിവരം അറിയിക്കുകയും വീട്ടുകാർ പോലീസില്‍ കേസ് രജിസ്റ്റർ ചെയ്യുകയും ആയിരുന്നു.
പച്ചക്കറി വാങ്ങാൻ പുറത്തിറങ്ങാന്‍ പോലും തങ്ങളുടെ അനുവാദം വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പുകാര്‍ ഇരയെ ഭീഷണിപ്പെടുത്തിയത്. പ്രദേശത്തെ റിക്ഷക്കാർ പോലീസിൻ്റെ ഏജൻ്റുമാരാണെന്നും അവര്‍ 24 മണിക്കൂറും നിരീക്ഷണത്തിലാണെന്നും തട്ടിപ്പുകാർ ഇവരെ വിശ്വസിപ്പിച്ചു. മറ്റൊരു ബാങ്ക് അക്കൗണ്ടിൽ നിന്ന് 35 ലക്ഷം രൂപ നേരത്തെ ഇവര്‍ പ്രതികള്‍ക്ക് കൈമാറിയിരുന്നു.
Tags:    

Similar News