ഫോണില്‍ സ്പാം കോളുകള്‍ കൊണ്ട് പൊറുതി മുട്ടിയോ? പരിഹാരവുമായി എയര്‍ടെല്‍, ജിയോയും ബി.എസ്.എന്‍.എല്ലും ടാറ്റയുമായി ഒന്നിച്ചേക്കും

സ്പാം കോളുകളുടെ പ്രശ്നം പരിഹരിക്കുന്നതിൽ ഏകീകൃത സമീപനം ആവശ്യമാണെന്നാണ് എയര്‍ടെല്‍

Update:2024-09-13 14:08 IST

Image Courtesy: Canva

മൊബൈല്‍ ഉപയോക്താക്കള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സ്പാം കോളുകള്‍. ബിസിനസ് ഓഫറുകളും സഹായാഭ്യര്‍ഥനകളുമാണ് പ്രധാനമായും സ്പാം കോളായി ഫോണിലേക്ക് എത്തുന്നത്. തിരക്കിനിടയില്‍ ഈ കോളുകള്‍ ഉപയോക്താക്കള്‍ക്ക് വല്ലാത്ത പൊല്ലാപ്പാണ്.

എയര്‍ടെല്‍ ആവശ്യപ്പെടുന്നത്

ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം എന്ന നിലയില്‍ ആദ്യ ചുവടു വെച്ചിരിക്കുകയാണ് എയര്‍ടെല്‍. എയർടെൽ സി.ഇ.ഒ ഗോപാല്‍ വിത്തല്‍ രാജ്യത്തെ എല്ലാ പ്രമുഖ ടെലികോം ഓപ്പറേറ്റർമാരുടെ മേധാവികൾക്കും ഇതുസംബന്ധിച്ച് കത്തയച്ചു. സ്പാം കോളുകളുടെ പ്രശ്നം പരിഹരിക്കുന്നതിൽ ഏകീകൃത സമീപനം ആവശ്യമാണെന്നാണ് 
വിത്തല്‍
 ആവശ്യപ്പെട്ടിരിക്കുന്നത്.
റിലയൻസ് ജിയോ, ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (ബി.എസ്.എൻ.എൽ), ടാറ്റ ടെലിസർവീസസ്, വൊഡാഫോണ്‍ ഐഡിയ (വി.ഐ) എന്നിവയുടെ സി.ഇ.ഒമാർക്കാണ് വിറ്റൽ കത്ത് അയച്ചിരിക്കുന്നത്.
പ്രശ്ന പരിഹാരത്തിനായി എയർടെൽ ഈ ദിശയില്‍ ആദ്യ ചുവടുവെപ്പ് നടത്താൻ തയ്യാറാണ്. ഉപയോക്താക്കള്‍ക്ക് സ്പാം കോളുകൾ നടത്തുന്ന ഏജന്‍സികളെ ഫിൽട്ടർ ചെയ്യുന്നതിനുള്ള ഒരു മാർഗമെന്ന നിലയില്‍ സ്പാമര്‍മാരുടെ പേരും, അവരുടെ സജീവ നമ്പറുകളും ഉൾപ്പെടുന്ന ഡാറ്റ പ്രതിമാസ അടിസ്ഥാനത്തിൽ പങ്കിടണമെന്നാണ് വിത്തല്‍ മറ്റു കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ട്രായ് ഇടപെടല്‍

സ്പാം കോളുകൾ തടയാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) സജീവമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. സ്‌പാം കോളുകൾ ചെയ്യുന്ന നമ്പറുകൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും പരാതികൾ ഫയൽ ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന TRAI DND ആപ്പ് ഗൂഗിള്‍ ആപ്പ് സ്റ്റോറിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ടെലി മാർക്കറ്റർമാരിൽ നിന്നോ സ്പാമര്‍മാരില്‍ നിന്നോ വരുന്ന എല്ലാ വോയ്‌സ് അധിഷ്‌ഠിത പ്രമോഷണൽ കോളുകളും നിർത്താൻ ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാരോട് ട്രായ് നിർദ്ദേശിച്ചിട്ടുണ്ട്.
ടെലികോം ഓപ്പറേറ്റർമാർ യോജിച്ച് ഇത്തരത്തിലുളള 50 സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ പെടുത്തിയതായും ഉപഭോക്താക്കൾക്ക് സ്പാം കോളുകൾ ചെയ്യുന്ന 2.75 ലക്ഷത്തിലധികം മൊബൈൽ നമ്പറുകൾ വിച്ഛേദിച്ചതായും ട്രായ് ഈ മാസമാദ്യം അറിയിച്ചിരുന്നു.
Tags:    

Similar News