ഇനി കൊച്ചി മെട്രോ ടിക്കറ്റ് ഗൂഗിള്‍ മാപ്പ് വഴിയും എടുക്കാം; പുതിയ മാറ്റം ഇങ്ങനെ

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ചാര്‍ജിംഗ് സ്റ്റേഷനുകളും കണ്ടുപിടിക്കാം

Update:2024-07-27 14:03 IST

image credit : kochi metro , namma yatri app

ചെന്നൈ, കൊച്ചി മെട്രോ ട്രെയിന്‍ ടിക്കറ്റുകള്‍ നേരിട്ടെടുക്കാന്‍ സാധിക്കുന്നതടക്കമുള്ള നിരവധി പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ മാപ്പ്. ഫ്‌ളൈഓവറുകള്‍, ഇടുങ്ങിയ റോഡുകള്‍ എന്നിവ തിരിച്ചറിയാനും ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ഇലക്ട്രിക്ക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കണ്ടെത്താനുമുള്ള സംവിധാനവും പുതുതായി ഏര്‍പ്പെടുത്തി. ഇന്ത്യയിലാണ് ആദ്യമായി ഇത് നടപ്പിലാക്കുന്നത്. നേരത്തെ കൊച്ചി മെട്രോ ടിക്കറ്റുകള്‍ ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.
കൊച്ചി മെട്രോ ടിക്കറ്റ്
രാജ്യത്ത് ഡിജിറ്റലൈസ് ചെയ്ത യാത്രാ സൗകര്യം എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കിയതെന്ന് ഗൂഗിള്‍ പറയുന്നു. സര്‍ക്കാര്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് മൊബിലിറ്റി ആപ്പായ നമ്മ യാത്രി എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ ആഴ്ച മുതല്‍ ഉപയോക്താക്കള്‍ക്ക് സേവനം ഉപയോഗിച്ചുതുടങ്ങാം. ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ തന്നെ കൊച്ചി മെട്രോയുടെ ടിക്കറ്റെടുക്കാവുന്ന തരത്തിലാണ് സംവിധാനം. ഇതുവഴി മെട്രോ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറുകളിലെ കാത്തിരിപ്പ് അവസാനിപ്പിക്കാം.
8,000 ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ അറിയാം
ഫ്‌ളൈ ഓവറുകള്‍, ഇടുങ്ങിയ റോഡുകള്‍ എന്നിവ നേരത്തെ അറിയുന്നതിന് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനവും മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ ഇരുചക്ര വാഹനങ്ങള്‍ക്കായുള്ള ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകളും മാപ്പില്‍ അറിയാന്‍ പറ്റും. ഇതിനായി ഇലക്ട്രിക്‌പേ, ഏതര്‍, കസാം, സ്റ്റാറ്റിക് തുടങ്ങിയ കമ്പനികളുമായി ധാരണയിലെത്തി. അടുത്ത അപ്‌ഡേറ്റില്‍ നാലുചക്ര വാഹനങ്ങള്‍ക്കുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ചാര്‍ജിംഗ് സ്ലോട്ടുകളുടെ ലഭ്യത സംബന്ധിച്ച തത്സമയ വിവരങ്ങള്‍ തുടങ്ങിയ കാര്യങ്ങളും അറിയാന്‍ കഴിയും. ഇത്തരം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ..
Tags:    

Similar News