ജിയോയേക്കാള്‍ നിരക്ക് കുറവ്; ബി.എസ്.എന്‍.എല്‍ രണ്ടും കല്‍പ്പിച്ച്, 750 രൂപയുടെ വ്യത്യാസം
ഇന്ത്യയിലെ ഏതു മൊബൈല്‍ നെറ്റ്‌വർക്കിലേക്കും സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 100 എസ്.എം.എസും പ്ലാനിന്റെ ഭാഗമായി ലഭിക്കും
സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് കൂട്ടിയതിനു പിന്നാലെ ഒട്ടേറെ പേരാണ് ബി.എസ്.എന്‍.എല്ലിലേക്ക് പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന പുതിയ റീചാർജ് പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്.
പ്ലാനിന്റെ പ്രത്യേകതകള്‍
160 ദിവസത്തെ അതായത് 5 മാസത്തില്‍ കൂടുതല്‍ വാലിഡിറ്റിയുളള റീചാര്‍ജ് പ്ലാനാണ് ഇത്. പ്രതിദിനം 2 ജി.ബി ഡാറ്റയാണ് ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നത്. 160 ദിവസത്തിനുള്ളിൽ ആകെ 320 ജിബി ഡാറ്റയാണ് ലഭിക്കുക. ഇന്ത്യയിലെ ഏതു മൊബൈല്‍ നെറ്റ്‌വർക്കിലേക്കും സൗജന്യ അൺലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 100 എസ്.എം.എസും പ്ലാനിന്റെ ആകര്‍ഷണങ്ങളാണ്.
പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിമാസ പ്ലാനിന് റിലയന്‍സ് ജിയോ ഈടാക്കുന്നത് 349 രൂപയാണ്. എന്നാല്‍ ഇതേ ആനുകൂല്യങ്ങളുമായി ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിരിക്കുന്ന പ്ലാനില്‍ മാസം ഏകദേശം 199 രൂപ മാത്രമാണ് ചെലവ് വരിക. അതായത് പ്രതിമാസം 150 രൂപയുടെ വ്യത്യാസം.
5 മാസത്തേക്ക് 997 രൂപയാണ് ഈ ബി.എസ്.എന്‍.എല്‍ പ്ലാനില്‍ നല്‍കേണ്ടത്. അതേസമയം ജിയോ പ്ലാനില്‍ 5 മാസത്തേക്ക് 1,745 രൂപയാണ് വേണ്ടി വരിക. ഏകദേശം 750 രൂപയുടെ വ്യത്യാസമാണ് ഇത്.
അതേസമയം, BSNL 4G സേവനങ്ങൾ ഒക്ടോബർ 15 ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനുളള ഒരുക്കങ്ങളാണ് നടത്തുന്നത്. ഏകദേശം 25,000 4ജി ടവറുകള്‍ ഇതിനോടകം സ്ഥാപിച്ച് കമ്പനി ഇതിനകം വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. സമീപ ഭാവിയിൽ തന്നെ 5ജി ട്രയലുകൾ ആരംഭിക്കാനും കമ്പനി തയ്യാറെടുക്കുകയാണ്.
395 ദിവസത്തെ പ്ലാനും അവതരിപ്പിച്ചു
395 ദിവസത്തെ വാലിഡിറ്റിയുളള ദീര്‍ഘകാല റീചാർജ് പ്ലാനും ബി.എസ്.എൻ.എല്‍ അവതരിപ്പിച്ചിട്ടുണ്ട്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഉൾപ്പെടെ ഒരു സ്വകാര്യ ടെലികോം ദാതാവും നിലവിൽ ഒരു വർഷത്തിലധികം കാലാവധിയുള്ള റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നില്ല. 2,399 രൂപ നിരക്കിലാണ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യവ്യാപകമായി സൗജന്യ റോമിംഗും പ്രതിദിനം 100 സൗജന്യ എസ്എംഎസും പ്ലാനിൽ ഉൾപ്പെടുന്നു. പ്രതിദിനമുളള 2 ജിബി ഡാറ്റാ പരിധി കഴിഞ്ഞാല്‍ ഉപയോക്താക്കൾക്ക് 40 kbps വേഗതയിൽ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സേവനവും പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.