4ജി സേവനമെത്തിച്ച് ബി.എസ്.എന്‍.എല്‍, ചൂരല്‍ മലയില്‍ ആകെയുണ്ടായിരുന്ന മൊബൈല്‍ ടവറും കമ്പനിയുടേത്

ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി എയര്‍ടെല്ലും ജിയോയും വിയും

Update:2024-08-01 16:53 IST
വയനാട് ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയിലും പ്രദേശത്തും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ 4ജി സേവനമെത്തിച്ച് ബി.എസ്.എന്‍.എല്‍. വൈദ്യുതിയില്ലാത്ത സമയത്തും പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തില്‍ ഡീസല്‍ ജനറേറ്ററുകളും ഇവിടെയെത്തിച്ചിട്ടുണ്ട്. ബി.എസ്.എന്‍.എല്ലിന് പുറമെ എയര്‍ടെല്‍, ജിയോ എന്നിവരും പ്രദേശത്ത് വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബി.എസ്.എന്‍.എല്‍
ചൂരല്‍മല പ്രദേശത്തുള്ള ഏക മൊബൈല്‍ ടവര്‍ ബി.എസ്.എന്‍.എല്ലിന്റേത് മാത്രമായിരുന്നു. പ്രദേശത്ത് ജിയോ സേവനങ്ങള്‍ നല്‍കിയിരുന്നത് ഈ ടവറിലൂടെയായിരുന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അധിക സജ്ജീകരണങ്ങള്‍ പ്രദേശത്ത് ബി.എസ്.എന്‍.എല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കി. കൂടുതല്‍ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ശേഷി കൂട്ടുകയും ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ 4ജിയിലേക്ക് മാറ്റുകയും ചെയ്തു.
ജിയോയുടെ രണ്ടാം ടവര്‍
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടത് പ്രകാരം പ്രദേശത്ത് ജിയോ തങ്ങളുടെ രണ്ടാമത്തെ ടവറും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ കവറേജ് ലഭിച്ചത് ദുരിതമനുഭവിക്കുന്നവരെയും രക്ഷാപ്രവര്‍ത്തകരെയും ദുരന്ത നിവാരണ സംഘങ്ങളെയും വളരെയധികം സഹായിക്കുമെന്ന് കമ്പനി അറിയിച്ചു.
സൗജന്യ ഇന്റര്‍നെറ്റുമായി എയര്‍ടെല്‍
ദുരന്ത ബാധിതര്‍ക്കായി മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്.എം.എസ്, ടോക്ക് ടൈം എന്നിവ നല്‍കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. പ്രീ പെയിഡ് പാക്കേജിന്റെ കാലാവധി കഴിഞ്ഞവര്‍ക്കും ഈ ഓഫര്‍ ലഭിക്കും. പോസ്റ്റ് പെയിഡ് ഉപയോക്താക്കള്‍ക്ക് ബില്ലടക്കാന്‍ സാവകാശവും അനുവദിച്ചു. ഇതിന് പുറമെ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററും ആരംഭിച്ചു. ദുരിത ബാധിതര്‍ക്കായി ഇവിടെയെത്തിക്കുന്ന സാധനങ്ങള്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറും.

അധിക ഡേറ്റയുമായി വി

പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടുന്നത് തുടരുന്നതിനും വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനുമായി ഏഴ് ദിവസത്തേക്ക് പ്രതിദിനം 1 ജിബി മൊബൈല്‍ ഡാറ്റ സൗജന്യമായി വി ലഭ്യമാക്കി. അധിക ഡാറ്റ ഓട്ടോമാറ്റിക്കായി ക്രെഡിറ്റ് ആകും.പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ അവസാന തീയതി 10 ദിവസത്തേക്ക് നീട്ടി നല്‍കിയിട്ടുമുണ്ട്.
വയനാട്ടില്‍ ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിനായി വിവിധ സാമഗ്രികള്‍ ശേഖരിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ കേരളത്തിലെ എല്ലാ വി സ്റ്റോറുകളിലും ലഭ്യമാക്കിയിട്ടുണ്ട്.

Tags:    

Similar News