ടെലികോം നിരക്ക് വര്‍ധനവിന് ബി.എസ് എന്‍.എല്‍ പ്രതിക്കൂട്ടില്‍

കഴമ്പുള്ള ആരോപണങ്ങള്‍ക്ക് നടുവില്‍ പൊതുമേഖലാ സ്ഥാപനം

Update:2024-07-04 12:01 IST

Image Courtesy: ril.com, canva

രാജ്യത്തെ ടെലികോം കമ്പനികള്‍ നിരക്ക് കുത്തനെ വര്‍ധിപ്പിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിനെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ട്രേഡ് യൂണിയനുകള്‍ രംഗത്ത്. ബി.എസ്.എന്‍.എല്‍ കൃത്യസമയത്ത് 4ജി, 5ജി സേവനങ്ങള്‍ നടപ്പിലാക്കിയിരുന്നെങ്കില്‍ ഇത്ര വലിയ രീതിയില്‍ നിരക്ക് കൂട്ടാന്‍ സ്വകാര്യ കമ്പനികള്‍ തയാറാകില്ലെന്നാണ് ആരോപണം.
ബി.എസ്.എന്‍.എല്ലിന്റെ റോള്‍
ട്രേഡ് യൂണിയനുകളുടെ ഈ വിമര്‍ശനത്തില്‍ കഴമ്പുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നേരത്തെ അവതരിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പരോക്ഷ നിയന്ത്രണ റോള്‍ ബി.എസ്.എന്‍.എല്ലിന് സ്വന്തമാകുമായിരുന്നു. താരതമ്യേന നിരക്ക് കുറഞ്ഞ ബി.എസ്.എന്‍.എല്ലിനോട് മല്‍സരിച്ച് നിരക്ക് വര്‍ധിപ്പിച്ചാല്‍ സ്വകാര്യ കമ്പനികള്‍ക്കത് തിരിച്ചടിയായേനെ.
4ജി, 5ജി സേവനങ്ങള്‍ വൈകിയതോടെ ബി.എസ്.എന്‍.എല്ലില്‍ നിന്ന് നിരവധി ഉപയോക്താക്കള്‍ മറ്റ് സേവനദാതാക്കളിലേക്ക് ചുവടുമാറ്റി. കൃത്യസമയത്ത് അതിവേഗ സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ ഉപയോക്താക്കള്‍ വിട്ടുപോകില്ലായിരുന്നു.

ബി.എസ്.എന്‍.എല്‍ സേവനങ്ങള്‍ താറുമാറായതോടെ കുറഞ്ഞ നിരക്കില്‍ സേവനം നല്‍കുന്ന വലിയൊരു എതിരാളിയുടെ ഭീഷണി സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ഒഴിവായി. നിലവില്‍ മൂന്ന് കമ്പനികളിലേക്ക് രാജ്യത്തെ ടെലികോം രംഗം മാറിയിരിക്കുകയാണ്. വന്‍കിട കമ്പനികള്‍ക്ക് വിപണിയെ കൈപ്പിടിയിലാക്കാമെന്ന സ്ഥിതിയിലായി കാര്യങ്ങള്‍.
നിരക്ക് എങ്ങനെ നിയന്ത്രിക്കാമായിരുന്നു?
ബി.എസ്.എന്‍.എല്ലിന് മറ്റ് കമ്പനികളോട് മല്‍സരിക്കുന്ന തരത്തില്‍ വിപണിയില്‍ നിലനില്‍ക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പിടിവിട്ട നിരക്ക് വര്‍ധന ഉണ്ടാകില്ലായിരുന്നു. താരതമ്യേന കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ നല്‍കാന്‍ പൊതുമേഖല സ്ഥാപനത്തിന് സാധിക്കും.

കുറഞ്ഞ നിരക്കില്‍ ബി.എസ്.എന്‍.എല്‍ സേവനം കിട്ടുമ്പോള്‍ മറ്റ് സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ മടിച്ചേനെ. നിരക്ക് കൂട്ടിയിരുന്നെങ്കില്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് ഉപയോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് ഒഴുകിയെത്തുന്ന അവസ്ഥയുണ്ടാകുമായിരുന്നു.
ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന് പേടിച്ച് സ്വകാര്യ കമ്പനികള്‍ വലിയ തോതില്‍ നിരക്ക് കൂട്ടാനും തുനിയുമായിരുന്നില്ല. ഇത്തരത്തില്‍ വിപണിയില്‍ വലിയ നിരക്ക് വര്‍ധന തടയുന്ന റോളിലേക്ക് പൊതുമേഖല സ്ഥാപനത്തിന് നിയന്ത്രണം ലഭിക്കുമായിരുന്നുവെന്നാണ് ട്രേഡ് യൂണിയനുകള്‍ പറയുന്നത്.
കൊഴിഞ്ഞുപോക്ക് രൂക്ഷം
ബി.എസ്.എന്‍.എല്ലിന് 2023-24 സാമ്പത്തികവര്‍ഷം 1.8 കോടി ഉപയോക്താക്കളെയാണ് നഷ്ടമായത്. 2024 മാര്‍ച്ചില്‍ മാത്രം 23.54 ലക്ഷം പേരാണ് ജിയോ, എയര്‍ടെല്‍ സേവനദാതാക്കളിലേക്ക് ചുവടുമാറ്റിയത്. മാര്‍ച്ചില്‍ ജിയോയ്ക്ക് 21.43 ലക്ഷം, എയര്‍ടെല്ലിന് 17.5 ലക്ഷം എന്നിങ്ങനെ പുതിയ ഉപയോക്താക്കളെ ലഭിച്ചു. ജിയോയ്ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 20,607 കോടി രൂപയായിരുന്നു അറ്റലാഭം. എയര്‍ടെല്ലിന്റേത് 7,467 കോടി രൂപയും.
Tags:    

Similar News