ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍, 23 മെയ് 2022 (Round up)

കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്.ട്രൂ എലമെന്റ്‌സിലെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി മാരികോ. ഈഥര്‍ ഐപിഒ നാളെ തുറക്കും. ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആപ്പിള്‍.സംസ്ഥാനത്ത് സ്വര്‍ണവില കൂടി. വ്യാപാരാന്ത്യത്തില്‍ ചുവപ്പ് തൊട്ടു, വിപണിയില്‍ നേരിയ ഇടിവ്. ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2022-05-23 19:30 IST
കര്‍ണാടകയില്‍ 2,000 കോടി രൂപയുടെ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്
കര്‍ണാടകയില്‍ 2000 കോടി രൂപയുടെ നിക്ഷേപവുമായി അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ്. കാര്‍ഷിക കയറ്റുമതിക്കായി നാല് ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും സ്ഥാപിക്കുന്നതിനായി ഏകദേശം 2000 കോടി രൂപ നിക്ഷേപിക്കാന്‍ കര്‍ണാടക സര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു.
ദാവോസില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മായി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫ് അലി എന്നിവരുടെ സാന്നിധ്യത്തില്‍ വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി ഇവി രമണ റെഡ്ഡിയും ലുലു ഡയറക്ടര്‍ എവി അനന്ത് റാമും ഒപ്പുവച്ച ധാരണാപത്രം പ്രകാരം ഈ സാമ്പത്തിക വര്‍ഷം മുതല്‍ നിക്ഷേപം ആരംഭിക്കും.
ട്രൂ എലമെന്റ്‌സിലെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി മാരികോ
ഹെല്‍ത്ത് ഫുഡ് ബ്രാന്‍ഡായ ട്രൂ എലമെന്റ്‌സിന്റെ 54 ശതമാനം ഓഹരികള്‍ സ്വന്തമാക്കാനൊരുങ്ങി മാരികോ ലിമിറ്റഡ്. എന്നാല്‍ എത്ര തുകയ്ക്കാണ് ഓഹരികള്‍ വാങ്ങുന്നതെന്ന് കമ്പനി വ്യക്തമാക്കിയില്ല. പാരച്യൂട്ട്, സഫോള ഓയ്ല്‍ എന്നിവയുടെ നിര്‍മാതാക്കളായ മാരികോ ലിമിറ്റഡ് പണമിടപാടിലൂടെയാണ് ഓഹരികള്‍ സ്വന്തമാക്കിയത്. ഹെല്‍ത്ത് ഫുഡ് ബ്രാന്‍ഡായ ട്രൂ എലമെന്റ്‌സ് 2022 സാമ്പത്തിക വര്‍ഷത്തില്‍ 54 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയത്. അവരുടെ പോര്‍ട്ട്ഫോളിയോയില്‍ ഓട്സ്, ക്വിനോവ, മ്യൂസ്ലി, ഗ്രാനോള, ഫ്‌ലെക്സ് തുടങ്ങിയ വെസ്‌റ്റേണ്‍ ഭക്ഷണങ്ങളും ഉപ്പുമാ, ദോശ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രഭാതഭക്ഷണങ്ങളുമാണ് വിതരണം ചെയ്യുന്നത്.
ഈഥര്‍ ഐപിഒ നാളെ തുറക്കും
സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് നിര്‍മാതാക്കളായ ഈഥറിന്റെ പ്രാഥമിക ഓഹരി വില്‍പ്പന നാളെ തുറക്കും. ഒരു ഓഹരിക്ക് 610-642 രൂപയാണ് പ്രൈസ് ബാന്‍ഡായി നിശ്ചയിച്ചിരിക്കുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയിലൂടെ 627 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും നിലവിലുള്ള ഷെയര്‍ഹോള്‍ഡര്‍മാരുടെയും പ്രൊമോട്ടര്‍മാരുടെയും 181.04 കോടി രൂപയുടെ 28.2 ലക്ഷം വരെയുള്ള ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്‌ലുമാണ് ഉള്‍പ്പെടുന്നത്.
മെയ് 26ന് അവസാനിക്കുന്ന ഐപിഒയില്‍ നിക്ഷേപകര്‍ക്ക് 23 ഇക്വിറ്റി ഷെയറുകള്‍ക്കായും അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാവുന്നതാണ്.
ഇന്ത്യയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി ആപ്പിള്‍
ചൈനയിലെ കോവിഡ് വ്യാപനത്തിന്റെയും നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തില്‍ ഇന്ത്യയടക്കമുള്ള ഉല്‍പ്പാദനകേന്ദ്രങ്ങളിലെ പ്രവര്‍ത്തനം ശക്തമാക്കാനൊരുങ്ങി ആപ്പിള്‍. വാള്‍സ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യയും വിയറ്റ്‌നാമും ചൈനയ്ക്ക് ബദല്‍ ഓപ്ഷനായി ആപ്പിള്‍ കണക്കാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് ലാപ്‌ടോപ്പ് എന്നിവയുള്‍പ്പെടെ 90 ശതമാനത്തിലധികം ആപ്പിള്‍ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയില്‍ നിന്നാണ്.
ചൈനയുടെ കോവിഡ് വിരുദ്ധ നയത്തിന്റെ ഭാഗമായി ഷാങ്ഹായിലും മറ്റ് നഗരങ്ങളിലും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പല പാശ്ചാത്യ കമ്പനികളുടെയും വിതരണ ശൃംഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. പുതിയ കോവിഡ് തരംഗം നിലവിലെ പാദത്തില്‍ 8 ബില്യണ്‍ യുഎസ് ഡോളറിന്റെ വില്‍പ്പനയെ ബാധിക്കുമെന്ന് ഏപ്രിലില്‍ ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയിലെ കോവിഡ് വ്യാപനവും നിയന്ത്രണവും കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ആപ്പിളിനെ അതിന്റെ എക്സിക്യൂട്ടീവുകളെയും എഞ്ചിനീയര്‍മാരെയും രാജ്യത്തേക്ക് അയയ്ക്കുന്നതില്‍ തടഞ്ഞിരുന്നു.
സംസ്ഥാനത്ത് സ്വര്‍ണവില കൂടി
കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്ന് ദിവസം ഉയര്‍ന്നതിന് ശേഷം ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. അതേസമയം 840 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ ഉണ്ടായത്.
ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,720 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4715 രൂപയായി. 10 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കഴിഞ്ഞ ദിവസങ്ങളായി ചാഞ്ചാട്ടത്തിലാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3895 രൂപയാണ് ഇന്ന്.
വ്യാപാരാന്ത്യത്തില്‍ ചുവപ്പ് തൊട്ടു, വിപണിയില്‍ നേരിയ ഇടിവ്
നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ വ്യാപാരാന്ത്യത്തില്‍ ചുവപ്പ് തൊട്ടു ഓഹരി വിപണി. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി തുടങ്ങിയ സൂചിക ഹെവിവെയ്റ്റുകളുടെ വില്‍പ്പനയില്‍ വിപണികള്‍ സെഷന്റെ അവസാന ഘട്ടത്തില്‍ കുത്തനെ താഴ്ന്നു. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 38 പോയ്ന്റ് അല്ലെങ്കില്‍ 0.07 ശതമാനം ഇടിഞ്ഞ് 54,289 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുഘട്ടത്തില്‍ സെന്‍സെക്‌സ് 54,931 എന്ന ഉയര്‍ന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റി 50 സൂചിക 51.5 പോയിന്റ് അഥവാ 0.3 ശതമാനം ഇടിഞ്ഞ് 16,215 ല്‍ ക്ലോസ് ചെയ്തു. ഒരുഘട്ടത്തില്‍ സൂചിക 16,415 എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി.
സ്റ്റീല്‍ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി ചുങ്കം കുറച്ചതിന് പിന്നാലെ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍ എന്നിവ യഥാക്രമം 13 ശതമാനവും 12 ശതമാനവും ഇടിഞ്ഞു. മിക്കവാറും എല്ലാ പ്രധാന സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്കും (സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉള്‍പ്പെടെ) സര്‍ക്കാര്‍ 15 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിട്ടുണ്ട്. ഓഹരി വിപണി നേരിയ ഇടിവിന് സാക്ഷ്യം വഹിച്ചപ്പോള്‍ 11 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ് (1 ശതമാനം), എഫ്എസിടി (2.03 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.026 ശതമാനം) എന്നിവയാണ് ഇന്ന് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.


Tags:    

Similar News