ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 12, 2022

എഥോസ് ഐപിഒ 18ന് തുറക്കും. ബാറ്ററി കമ്പനി ആരംഭിക്കാനൊരുങ്ങി ടാറ്റ. ശമ്പള വര്‍ധനവ് 8.13 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട്. കരകയറാതെ സൂചികകള്‍; ഇടിഞ്ഞത് രണ്ടു ശതമാനത്തിലേറെ. ആയിരം കോടിയുടെ നിക്ഷേപവുമായി കനറാ ബാങ്ക്. ആപ്പിളിനെ കടത്തിവെട്ടി സൗദി അരാംകോ; ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി. ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍.

Update:2022-05-12 19:30 IST
എഥോസ് ഐപിഒ 18ന് തുറക്കും
ആഡംബര, പ്രീമിയം വാച്ച് റീട്ടെയ്ലറായ എഥോസിന്റെ പ്രാഥമിക ഓഹരി വില്‍പ്പന മെയ് 18ന് തുറക്കും. ഐപിഒയിലൂടെ 472 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ഓഹരിക്ക് 836-878 രൂപ പ്രൈസ് ബാന്‍ഡാണ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് ദിവസത്തെ പ്രാഥമിക ഓഹരി വില്‍പ്പന 20 ന് അവസാനിക്കുമെന്ന് കമ്പനി അറിയിച്ചു.
375 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1,108,037 ഇക്വിറ്റി ഷെയറുകളുടെ ഓഫര്‍ ഫോര്‍ സെയ്ലും അടങ്ങുന്നതാണ് ഐപിഒ.
ബാറ്ററി കമ്പനി ആരംഭിക്കാനൊരുങ്ങി ടാറ്റ
ഇവി രംഗത്ത് സ്വന്തമായി ബാറ്ററി കമ്പനി സ്ഥാപിച്ച് വിപ്ലവകരമായ നീക്കത്തിന് ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിലും വിദേശത്തും ഒരു ബാറ്ററി കമ്പനി ആരംഭിക്കുന്നതിനുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കുകയാണെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ''ടെലികോം ഗിയര്‍ സൃഷ്ടിക്കുന്നതിനായി ഞങ്ങള്‍ ഒരു 5ജി കമ്പനി ആരംഭിച്ചു. ഇന്ത്യയിലും വിദേശത്തും ഞങ്ങളുടെ ബാറ്ററി കമ്പനി അവതരിപ്പിക്കുന്നതിനുള്ള ബ്ലൂപ്രിന്റ് ഞങ്ങള്‍ തയ്യാറാക്കുന്നു'' എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം, ബാറ്ററി കമ്പനിയുടെ വിശദാംശങ്ങള്‍ അദ്ദേഹം വ്യക്തമാക്കിയില്ല.
ശമ്പള വര്‍ധനവ് 8.13 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട്
കോവിഡ് പ്രതിസന്ധിയില്‍നിന്ന് കരകയറിയതിനാല്‍ ഈ വര്‍ഷത്തെ ശരാശരി ശമ്പള വര്‍ദ്ധനവ് ഏകദേശം 8.13 ശതമാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ടീംലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ വര്‍ഷം എല്ലാ മേഖലകളില്‍ നിന്നുമുള്ള ഭൂരിഭാഗം തൊഴില്‍ മേഖലകളും ശമ്പള വര്‍ധനക്കായി പരിഗണിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ശമ്പള വര്‍ധനവ് 8.13 ശതമാനമായി ഉയരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കരകയറാതെ സൂചികകള്‍; ഇടിഞ്ഞത് രണ്ടു ശതമാനത്തിലേറെ
തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്സ് 1158.08 പോയ്ന്റ് ഇടിഞ്ഞ് 52,930.31 പോയ്ന്റിലും നിഫ്റ്റി 359.10 പോയ്ന്റ് ഇടിഞ്ഞ് 15808 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. വര്‍ധിച്ചു വരുന്ന ഇന്ധനവില, യുദ്ധം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ ആശങ്കകള്‍ക്കൊപ്പം ദുര്‍ബലമായ ആഗോള വിപണിയും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി. 747 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2542 ഓഹരികളുടെ വിലിയിടിഞ്ഞു. 84 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഭൂരിഭാഗം കേരള കമ്പനി ഓഹരികളുടെയും വില ഇന്ന് ഇടിഞ്ഞു. സ്‌കൂബി ഡേ ഗാര്‍മന്റ്സ് (9.47 ശതമാനം), ഇന്‍ഡിട്രേഡ് (2 ശതമാനം), കെഎസ്ഇ (1.05 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.51 ശതമാനം), കൊച്ചിന്‍ ഷിപ്പ യാര്‍ഡ് (0.28 ശതമാനം) എന്നീ അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്.
ആയിരം കോടിയുടെ നിക്ഷേപവുമായി കനറാ ബാങ്ക്
സൂപ്പര്‍ ആപ്പ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ബാങ്കിംഗ് ഇക്കോസിസ്റ്റം നിര്‍മിക്കുന്നതിന് വന്‍ പദ്ധതികളുമായി പൊതുമേഖലാ ബാങ്കായ കനറാ ബാങ്ക്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബെംഗളൂരു ആസ്ഥാനമായുള്ള ബാങ്ക് അതിന്റെ സൂപ്പര്‍ ആപ്പ് അടുത്ത മാസം അവതരിപ്പിക്കും. സൂപ്പര്‍ ആപ്പിന് ഇതുവരെ പേര് നല്‍കിയിട്ടില്ല. 262 ഫീച്ചേഴ്സുകളുമായാണ് സൂപ്പര്‍ ആപ്പ് എത്തുക. പ്രവര്‍ത്തനത്തെക്കുറിച്ചും എളുപ്പത്തിലുള്ള ഉപയോഗത്തെക്കുറിച്ചും ഫീഡ്ബാക്ക് ലഭിക്കുന്നതിന് സൂപ്പര്‍-ആപ്പ് ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലാണ്.
ആപ്പിളിനെ കടത്തിവെട്ടി സൗദി അരാംകോ; ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനി
ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനി എന്ന ആപ്പിളിന്റെ സ്ഥാനത്തെ തട്ടിത്തെറിപ്പിച്ച് സൗദി അറേബ്യന്‍ നാഷണല്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കമ്പനി (സൗദി അരാംകോ- Saudi Aramco) ഒന്നാമതെത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദകരായ അരാംകോയുടെ മൂല്യം മെയ് 11 ബുധനാഴ്ചയിലെ വിപണി അടിസ്ഥാനത്തില്‍ 2.42 ട്രില്യണ്‍ ഡോളറാണ്.



Tags:    

Similar News