ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍, 20 മെയ് 2022

30,307 കോടി രൂപ ലാഭവിഹിതം നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി.ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിലെ ഓഹരികള്‍ വിറ്റഴിച്ച് ഐഡിബിഐ ബാങ്ക്. മെട്രോപോളിസ് ഹെല്‍ത്ത് കെയറില്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണും ഫ്‌ലിപ്കാര്‍ട്ടും. ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനവ്, ക്രെഡിറ്റ് ഉയര്‍ന്നത് 10 ശതമാനത്തിലേറെ. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു.വിപണിയില്‍ ആശ്വാസറാലി, സെന്‍സെക്സ് 2.91 ശതമാനം ഉയര്‍ന്നു.ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2022-05-20 19:32 IST
30,307 കോടി രൂപ ലാഭവിഹിതം നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി
കേന്ദ്രസര്‍ക്കാരിന് 30,307 കോടി രൂപയുടെ ലാഭവിഹിതം നല്‍കുന്നതിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. 2021-22 അക്കൗണ്ടിംഗ് വര്‍ഷത്തേക്കുള്ള 30,307 കോടി രൂപ മിച്ചമായി കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ ബോര്‍ഡ് അംഗീകരിച്ചു, അതേസമയം കണ്ടിജന്‍സി റിസ്‌ക് ബഫര്‍ 5.50 ശതമാനമായി നിലനിര്‍ത്താന്‍ തീരുമാനിച്ചതായി ആര്‍ബിഐ പ്രസ്താവനയില്‍ പറഞ്ഞു. വെള്ളിയാഴ്ച ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആര്‍ബിഐയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ 596-ാമത് യോഗത്തിലാണ് ലാഭവിഹിതം സംബന്ധിച്ച തീരുമാനമുണ്ടായത്.
ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിലെ ഓഹരികള്‍ വിറ്റഴിച്ച് ഐഡിബിഐ ബാങ്ക്
സംയുക്ത സംരംഭമായ ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിലെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ ഏജസ് ഇന്‍ഷുറന്‍സ് ഇന്റര്‍നാഷണല്‍ എന്‍വിയുമായി ധാരണയായതായി ഐഡിബിഐ ബാങ്ക് അറിയിച്ചു. 580 കോടി രൂപയ്ക്കാണ് ഓഹരികള്‍ പൂര്‍ണമായും വിറ്റഴിക്കുന്നത്. ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സിലെ 20,00,00,000 ഇക്വിറ്റി ഷെയറുകളാണ് കൈമാറുന്നത്.
മെട്രോപോളിസ് ഹെല്‍ത്ത് കെയറില്‍ നിക്ഷേപത്തിനൊരുങ്ങി ആമസോണും ഫ്‌ലിപ്കാര്‍ട്ടും
ഇന്ത്യയിലും ആഫ്രിക്കയിലും പ്രവര്‍ത്തിക്കുന്ന ലിസ്റ്റഡ് സ്ഥാപനമായ മെട്രോപോളിസ് ഹെല്‍ത്ത് കെയറിന്റെ ഓഹരികള്‍ സ്വന്തമാക്കാന്‍ ആമസോണും ഫ്‌ലിപ്കാര്‍ട്ടും. ഓഹരി വില്‍പ്പനയിലൂടെ 300 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാനാണ് മെട്രോപോളിസ് ലക്ഷ്യമിടുന്നത്. പുതിയ ഓഹരികളിലൂടെയും സെക്കന്ററി ഓഹരികളിലൂടെയും ആവും പണം സമാഹരിക്കുക.
1.1 ബില്യണ്‍ ഡോളറാണ് മെട്രോപോളിസിന്റെ വിപണി മൂല്യം. വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലിപ്കാര്‍ട്ടും അപ്പോളോ ഹോസ്പിറ്റല്‍സും മെട്രോപോളിസുമായി കരാറില്‍ ഒപ്പുവെച്ചു എന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. നിക്ഷേപവുമായി ബന്ധപ്പെട്ട പ്രഥമിക ചര്‍ച്ചകളാണ് ആമസോണ്‍ നടത്തിയത്. മറ്റ് ആഗോള നിക്ഷേപകരും മെട്രോപോളിസിന്റെ ഓഹരികള്‍ വാങ്ങിയേക്കും.
ബാങ്ക് നിക്ഷേപങ്ങളില്‍ വര്‍ധനവ്, ക്രെഡിറ്റ് ഉയര്‍ന്നത് 10 ശതമാനത്തിലേറെ
2022 മെയ് 6 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്ക് വായ്പകളില്‍ വര്‍ധനവെന്ന് ആര്‍ബിഐ. ബാങ്കുകളുടെ ക്രെഡിറ്റ് നിരക്ക് 10.82 ശതമാനം വര്‍ധിച്ച് 120.46 ലക്ഷം കോടി രൂപയായതായാണ് റിസര്‍വ് ബാങ്ക് രേഖകള്‍ പറയുന്നത്. നിക്ഷേപം 9.71 ശതമാനം വര്‍ധിച്ച് 166.95 ലക്ഷം കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്. 2021 മെയ് 7 ന് അവസാനിച്ച രണ്ടാഴ്ചയ്ക്കുള്ളില്‍, ഷെഡ്യൂള്‍ഡ് ബാങ്ക് അഡ്വാന്‍സുകള്‍ 108.70 ലക്ഷം കോടി രൂപയായതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു.
ആകെ ബാങ്ക് നിക്ഷേപം 152.16 ലക്ഷം കോടി രൂപയായതായി മെയ് 6 വരെ വ്യാഴാഴ്ച പുറത്തിറക്കിയ ഞആകയുടെ ഷെഡ്യൂള്‍ഡ് ബാങ്ക് സ്റ്റേറ്റ്മെന്റ് പൊസിഷനില്‍ പറയുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില വര്‍ധിച്ചു
ഇന്ന് സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ഇന്നലെ 160 രൂപയായിരുന്നു വര്‍ധിച്ചത്. ഇന്ന് ഒരു പവന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37360 രൂപയായി.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4670 രൂപയായി. ഇന്നലെ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. മെയ് 17 നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി എന്നാല്‍ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറഞ്ഞു. ശേഷം ഇന്നലെയാണ് സ്വര്‍ണവില ഉയര്‍ന്നത്.
വിപണിയില്‍ ആശ്വാസറാലി, സെന്‍സെക്സ് 2.91 ശതമാനം ഉയര്‍ന്നു
ഇന്നലത്തെ ഇടിവിന് പിന്നാലെ കുതിച്ച് മുന്നേറി ഓഹരി വിപണി. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്സ് 1,534 പോയ്ന്റ് അഥവാ 2.91 ശതമാനം നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 457 പോയ്ന്റ് അഥവാ 2.89 ശതമാനം ഉയര്‍ന്ന് 16,266 ലും ക്ലോസ് ചെയ്തു. വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ കുതിപ്പോടെ നീങ്ങിയ സെന്‍സെക്സ് ചാഞ്ചാട്ടമില്ലാതെയാണ് മുന്നേറിയത്. ഈ ആഴ്ച സെന്‍സെക്സ് സൂചിക 1,024.08 (1.92 ശതമാനം) ഉയര്‍ന്നപ്പോള്‍ നിഫ്റ്റി 379.55 (2.39 ശതമാനം) പോയ്ന്റാണ് കയറിയത്.
സെന്‍സെക്സിലെ 30 ഓഹരികളും നിഫ്റ്റി 50 ലെ 48 ഓഹരികളും ഗ്രീന്‍ സോണില്‍ ക്ലോസ് ചെയ്തു. ഓഹരി വിപണി വലിയൊരു കുതിപ്പിന് സാക്ഷ്യം വഹിച്ചപ്പോള്‍ ഏഴെണ്ണം ഒഴികെ ബാക്കിയെല്ലാ കേരള കമ്പനികളും നേട്ടമുണ്ടാക്കി.


Tags:    

Similar News