ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍: മെയ് 06, 2022
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്സിലറേറ്റര്‍ പദ്ധതിയുമായി ഓപ്പണ്‍. ടെലികോം കമ്പനികളുടെ വരുമാനത്തില്‍ ഇടിവ്. ഫെഡറല്‍ ബാങ്കിന് 541 കോടി രൂപ അറ്റാദായം. സൊമാറ്റോ ഓഹരികള്‍ എക്കാലത്തെയും ഇടിവില്‍, നിക്ഷേപകര്‍ക്ക് പോയത് 87,800 കോടി രൂപ.സ്വര്‍ണവില കുറഞ്ഞു. സെന്‍സെക്സ് 1.56 ശതമാനം ഇടിഞ്ഞു. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.
ടെലികോം കമ്പനികളുടെ വരുമാനത്തില്‍ ഇടിവ്
ടെലികോം റെഗുലേറ്റര്‍ ട്രായ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021 ഡിസംബര്‍ പാദത്തില്‍ ടെലികോം സേവന ദാതാക്കളുടെ മൊത്ത വരുമാനം 2.64 ശതമാനം ഇടിഞ്ഞ് 69,695 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ ടെലികോം സേവന ദാതാക്കളുടെ (ടിഎസ്പി) മൊത്ത വരുമാനം 71,588 കോടി രൂപയായിരുന്നുവെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ വ്യാഴാഴ്ച പുറത്തിറക്കിയ ത്രൈമാസ പ്രകടന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഫെഡറല്‍ ബാങ്കിന് 541 കോടി രൂപ അറ്റാദായം; 13 % വര്‍ധന
2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 540.54 കോടി രൂപയുടെ അറ്റാദായം. രേഖപ്പെടുത്തി. ഏതെങ്കിലും ഒരു പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തുന്ന ഏറ്റവുമുയര്‍ന്ന അറ്റാദായമാണിത്. മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ അറ്റാദായത്തില്‍ നിന്ന് 13 ശതമാനമാണ് വര്‍ധന. 798.20 കോടി രൂപയാണ് പ്രവര്‍ത്തന ലാഭം. അറ്റ പലിശ വരുമാനം 7.38 ശതമാനം വര്‍ധിച്ച് 1525.21 കോടി രൂപയായി. വിദേശത്തു നിന്നുള്ള റെമിറ്റന്‍സില്‍ ഫെഡറല്‍ ബാങ്കിന്റെ വിപണി വിഹിതം 20.16 ശതമാനമായും വര്‍ധിച്ചു.
കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആക്സിലറേറ്റര്‍ പദ്ധതിയുമായി ഓപ്പണ്‍
കേരളത്തിലെ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്സിലറേറ്റര്‍ പദ്ധതി പ്രഖ്യാപിച്ച് ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് (Open Financial Technologies). ഫിന്‍ടെക്ക് രംഗത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പശ്ചാത്തല സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ ഓപ്പണ്‍ 100 കോടി രൂപ നിക്ഷേപിക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 5 വര്‍ഷം കൊണ്ട് സംസ്ഥാനത്തെ 500 സ്റ്റാര്‍ട്ടപ്പുകള്‍ ഭാഗമാവും.
കേരളത്തില്‍ നിന്ന് യുണീകോണ്‍ പദവിയിലെത്തുന്ന ആദ്യ കമ്പനിയാണ് ഓപ്പണ്‍. ഇന്ത്യയിലെ നൂറാമത്തെ യുണീകോണെന്ന പ്രത്യേകതയും ഓപ്പണിനുണ്ട്. ഒരു ബില്യണ്‍ മൂല്യത്തിലെത്തുന്ന കമ്പനികളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുന്നത്.
ആദ്യ ഘട്ടത്തില്‍ ഫിന്‍ലൈന്‍, ടാക്സ് സ്‌കാന്‍, ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍, പില്‍സ് ബീ എന്നീ അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ ആണ് പദ്ധതിയുടെ ഭാഗമാവുന്നത്. 20 ലക്ഷം രൂപവരെ ഓരോ സ്റ്റാര്‍ട്ടപ്പിനും സഹായം ലഭിക്കും. കൂടാതെ ഓപ്പണിന്റെ ഓഫീസ് സൗകര്യങ്ങളും പ്രത്യേക പരിശീലനങ്ങളും സ്റ്റാര്‍ട്ടപ്പിലെ അംഗങ്ങള്‍ക്ക് നല്‍കും. നിക്ഷേപകരെ കണ്ടെത്താനും ഈ സ്റ്റാര്‍ട്ടപ്പുകളെ ഓപ്പണ്‍ സഹായിക്കും.
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
സംസ്ഥാനത്ത് ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37,680 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ സ്വര്‍ണവില ഇന്നലെ മാത്രമാണ് വര്‍ധിച്ചത്.
14.9 ദശലക്ഷം ഇന്ത്യക്കാര്‍ കോവിഡ് മൂലം മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന
14.9 ദശലക്ഷം ഇന്ത്യക്കാര്‍ കോവിഡോ കോവിഡുമായി ബന്ധപ്പെട്ട അസുഖം മൂലമോ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന (WHO). അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തെ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രതീക്ഷിച്ച തകര്‍ച്ച, സെന്‍സെക്സ് 1.56 ശതമാനം ഇടിഞ്ഞു
പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. റെക്കോര്‍ഡ് പണപ്പെരുപ്പത്തിന്റെയും നിരക്ക് വര്‍ധനവിന്റെയും പശ്ചാത്തലത്തില്‍ ആഗോള വിപണികളെല്ലാം തന്നെ ഇടിവിലേക്ക് വീണിരുന്നു. ഒരു ഘട്ടത്തില്‍ വ്യാപാരത്തിനിടെ 54,587 എന്ന താഴ്ന്ന നിലയിലേക്ക് വീണ ബെഞ്ച് മാര്‍ക്ക് സൂചിക സെന്‍സെക്സ് ഒടുവില്‍ 867 പോയ്ന്റ് അഥവാ 1.56 ശതമാനം ഇടിഞ്ഞ് 54,835 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 272 പോയ്ന്റ് അഥവാ 1.63 ശതമാനം ഇടിഞ്ഞ് 16,411 ല്‍ എത്തി. ഈ ആഴ്ച സെന്‍സെക്സ് സൂചിക 3.9 ശതമാനം (2,226 പോയിന്റ്) ഇടിവാണ് നേരിട്ടത്. നിഫ്റ്റി സൂചിക നാല് ശതമാനവും ഇടിഞ്ഞു.
സാമ്പത്തിക, ഐടി ഓഹരികളാണ് കൂടുതല്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടത്. ബജാജ് ഫിനാന്‍സ് 4.8 ശതമാനം ഇടിഞ്ഞപ്പോള്‍ ബജാജ് ഫിന്‍സെര്‍വ് 3.5 ശതമാനം ഇടിഞ്ഞു. ആക്‌സിസ് ബാങ്ക് 4 ശതമാനം ഇടിഞ്ഞു. നെസ്ലെ ഇന്ത്യയും മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു. വിപ്രോ, എച്ച്ഡിഎഫ്‌സി, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, അള്‍ട്രാടെക് സിമന്റ്, ടൈറ്റന്‍, ടിസിഎസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയ ഓഹരികളും ഇടിവ് നേരിട്ടു. അതേസമയം ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ എന്നിവയുടെ ഓഹരി വില രണ്ട് ശതമാനം വീതം ഉയര്‍ന്നു. ഐടിസി, എസ്ബിഐ, എന്‍ടിപിസി എന്നിവയും നേട്ടമുണ്ടാക്കി.
വിശാല വിപണികളും കനത്ത നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 2 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇയിലെ 2,500-ലധികം ഓഹരികളില്‍ 850 എണ്ണം മാത്രമാണ് ഇന്ന് പച്ചയില്‍ വ്യാപാരം അവസാനിപ്പിച്ചത്. മേഖലാതലത്തില്‍ മെറ്റല്‍, റിയല്‍റ്റി സൂചികകള്‍ 3 ശതമാനം വീതം ഇടിഞ്ഞു. ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകള്‍ രണ്ട് ശതമാനം വീതവും ാട്ടോ, ബാങ്കെക്‌സ്, ഹെല്‍ത്ത് കെയര്‍ സൂചികകള്‍ 1.7 ശതമാനം വീതവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി കുത്തനെ ഇടിഞ്ഞപ്പോള്‍ അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സിഎസ്ബി ബാങ്കിന്റെ ഓഹരി വില 9.8 ശതമാനവും എഫ്എസിടിയുടെ ഓഹരി വില 8.18 ശതമാനവും കുതിച്ചുയര്‍ന്നു. ഈസ്റ്റേണ്‍ ട്രെഡ്സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍ എന്നിവയാണ് ഇന്ന് ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍. അതേസമയം ആസ്റ്റര്‍ ഡി എം, ഫെഡറല്‍ ബാങ്ക്, ഹാരിസണ്‍സ് മലയാളം, കിറ്റെക്സ്, മണപ്പുറം ഫിനാന്‍സ്, പാറ്റ്സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ ഓഹരി വിലയില്‍ 2-4 ശതമാനം ഇടിവുണ്ടായി.
സോമാറ്റോ ഓഹരി നിക്ഷേപകരുടെ 87,800 കോടി രൂപയോളം നഷ്ടപ്പെടുത്തിയതായി കണക്കുകള്‍
കോവിഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ നഷ്ടക്കണക്കുകള്‍ വീണ്ടും പുറത്ത്. ഓഹരിയുടമകള്‍ക്ക് 87,800 കോടി രൂപ നഷ്ടമാക്കിയതായാണ് പുതിയ റിപ്പോര്‍ട്ട്. 65 ശതമാനത്തോളമാണ് ഓഹരി ഇടിവ് നേരിട്ടത്. വെള്ളിയാഴ്ച ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 57.65 രൂപയിലെത്തി.