ദുബൈയിലേക്ക് ഒളിച്ചോടിയതല്ല, തൊഴുത്തില്‍കുത്ത് നടത്തിയത് നിക്ഷേപര്‍; തുറന്നു പറച്ചിലുമായി ബൈജു രവീന്ദ്രന്‍
പ്രശ്‌നത്തിലകപ്പെട്ട ശേഷം ആദ്യമായാണ് ബൈജു രവീന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നത്
സ്ഥാപനത്തിന്റെ വീഴ്ചയില്‍ ഭയന്ന് ദുബൈയിലേക്ക് ഒളിച്ചോടിയെന്ന ആരോപണം ശരിയല്ലെന്നും കമ്പനിയെ തിരിച്ചുകൊണ്ടു വരുമെന്നും വ്യക്തമാക്കി സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സി.ഇ.ഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍.
ദുബായിലേക്ക് ഒളിച്ചോടിയതല്ല പിതാവിന്റെ ചികിത്സയ്ക്കായി ദീര്‍ഘനാള്‍ ഇവിടെ ചെലവഴിക്കേണ്ടി വന്നതാണെന്നും വായ്പക്കാര്‍ക്ക് നല്‍കാനുള്ള പണം തിരിച്ചടയ്ക്കുമെന്നും ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട ശേഷം ആദ്യമായാണ് ബൈജു രവീന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. 44കാരനായ ബൈജു രവീന്ദ്രന്‍ 2023ലാണ് ദുബൈയിലേക്ക് കടക്കുന്നത്.
നിക്ഷേപര്‍ക്കെതിരെ വാളെടുത്ത്
കമ്പനിക്കെതിരെയുള്ള പാപ്പരത്ത നടപടികള്‍ തുടരുകയാണെങ്കില്‍ വായ്പക്കാര്‍ക്ക് പണം തിരിച്ചു കിട്ടില്ലെന്നും തനിക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചാല്‍ പണം മുഴുവന്‍ തിരിച്ചു നല്‍കാനാകുമെന്നും ബൈജു പറയുന്നു. 140 മില്യണ്‍ ഡോളര്‍ തിരിച്ചു നല്‍കിയിട്ടുണ്ട്. വായ്പയായി നൽകിയ 1.2 ബില്യണ്‍ ഡോളറും തിരിച്ചു വേണമെന്നാണ് വായ്പക്കാര്‍ ആവശ്യപ്പെടുന്നത്. ആ പണം മുഴുവന്‍ അന്നേ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിക്കുകയോ നിക്ഷേപിക്കുകയോ ചെയ്തിരുന്നു. കുറച്ചധികം കാലത്തേക്ക് അത് തിരിച്ചു നല്‍കാന്‍ സാധിക്കില്ല. ചിലര്‍ ഇത് അവസരമായി കണ്ട് എടുക്കാനാണ് ശ്രമിക്കുന്നതെന്നും ബൈജു രവീന്ദ്രന്‍ കുറ്റപ്പെടുത്തി.
കമ്പനി പ്രശ്‌നത്തിലാകുന്നതിന്റെ ആദ്യ സൂചനകള്‍ കണ്ടപ്പോള്‍ തന്നെ നിക്ഷേപകര്‍ ഉപേക്ഷിച്ചു പോവുകയാണുണ്ടായത്. കമ്പനിയുടെ മാനേജ്‌മെന്റ് മാറണമെന്ന് ആവശ്യപ്പെട്ടത് കൃത്യമായ പദ്ധതികളില്ലാതെയാണ്.
കമ്പനിയുടെ മിക്ക ഏറ്റെടുക്കലുകളും നിക്ഷേപകരുടെ നേതൃത്വത്തിലാണ് നടന്നത്. 40 ഓളം രാജ്യങ്ങളില്‍ സാന്നിധ്യമറിയിക്കണമെന്നായിരുന്നു നിക്ഷേപകര്‍ ആഗ്രഹിച്ചത്. കമ്പനി 1.20 ബില്യണ്‍ ഡോളര്‍ സമാഹരിച്ചപ്പോള്‍ നിക്ഷേപകര്‍ ആഘോഷിച്ചു. കമ്പനി വിപുലീകരണം നടത്തിയപ്പോള്‍ സപ്പോര്‍ട്ട് ചെയ്ത നിക്ഷേപകര്‍ പക്ഷെ ചെറിയൊരു പ്രശനം വന്നപ്പോള്‍ കമ്പനിയെ വിട്ട് ഓടിപ്പോയി. 2021 മുതല്‍ കമ്പനി പ്രശ്‌നത്തിലായിട്ടും പണം നിക്ഷേപിച്ചുകൊണ്ടിരുന്നത് പ്രമോട്ടര്‍മാര്‍ മാത്രമാണ്. കഴിഞ്ഞ നാലഞ്ച് വര്‍ഷമായി നിക്ഷേപകരായ പ്രോസസ് ഒറ്റ പൈസ പോലും മുടക്കിയില്ലെന്നും ബൈജു പറയുന്നു.
തിരിച്ചു വരും ശക്തമായി
പാപ്പരത്ത പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ വലിയ തിരിച്ചു വരവു നടത്താനാകുമെന്ന പ്രതീക്ഷയും ബൈജു രവീന്ദ്രന്‍ പങ്കുവച്ചു. ഉപകമ്പനികളെ പ്രശ്‌നം ബാധിച്ചില്ല. കമ്പനികൾ സംയോജിതമായി 5,000 കോടി രൂപ വരുമാനം നേടുന്നുണ്ട്. എന്നാല്‍ പ്രധാന ബിസിനസ് ഇപ്പോള്‍ പൂജ്യത്തിലായി. അപ്പോഴും 20 കോടിയോളം കുട്ടികളാണ് ബൈജൂസിന്റെ പ്ലാറ്റ്‌ഫോമിലേക്ക് ഓരോ മാസവും എത്തുന്നത്.
ഇപ്പോള്‍ നടക്കുന്ന നിയമ നടപടികളുടെ ഫലം എന്തായാലും അധ്യാപനവുമായി മുന്നോട്ടു പോകുമെന്നും കമ്പനിയുടെ മൂല്യം ഉയരുമ്പോള്‍ നിക്ഷേപകര്‍ വീണ്ടും തിരിച്ചു വരുമെന്നും ബൈജു രവീന്ദ്രന്‍ പറയുന്നു.