വീട് പണിയാനും വാടക കൊടുക്കാനും പണം കേന്ദ്രസര്‍ക്കാര്‍ തരും; മോദിയുടെ സ്വപ്‌ന പദ്ധതി വരുന്നു

അഞ്ചുവര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയാണ് ഭവന നിര്‍മാണ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്

Update:2024-08-10 12:15 IST
എല്ലാവര്‍ക്കും ഭവനമെന്ന സ്വപ്‌നം ലക്ഷ്യമാക്കിയുള്ള പ്രധാന്‍മന്ത്രി ആവാസ് യോജന 2.0യ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പി.എം.എ.വൈ-യു പദ്ധതിയില്‍പ്പെടുത്തി ഒരു കോടി ഭവനങ്ങളുടെ നിര്‍മാണത്തിന് സാമ്പത്തിക സഹായം നല്‍കും.
വീട് വാങ്ങിക്കുന്നതിനൊപ്പം വാടക കൊടുക്കുന്നതിനും ഈ പദ്ധതിയില്‍ തുക വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ വാടക നല്‍കാനുള്ള പദ്ധതിയെക്കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ല. നഗരങ്ങളിലെ മധ്യവര്‍ഗ കുടുംബങ്ങളെ ലക്ഷ്യംവച്ചാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് 10 ലക്ഷം കോടി രൂപയാണ് ഭവന നിര്‍മാണ പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. 2.30 ലക്ഷം കോടി രൂപ ഈ പദ്ധതിയിലൂടെ സബ്‌സിഡിയായി നല്‍കും.
മധ്യവര്‍ഗത്തിന്റെ അതൃപ്തി മാറ്റാന്‍
ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങളുടെ പ്രതിഷേധം ബി.ജെ.പിക്ക് വലിയ തിരിച്ചടി സമ്മാനിച്ചിരുന്നു. ഗ്രാമീണ ഇന്ത്യയ്‌ക്കൊപ്പം മധ്യവര്‍ഗ സമൂഹത്തിന്റെ പ്രതിഷേധം തണുപ്പിക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിനു പിന്നിലുണ്ട്. രാജ്യത്തൊരിടത്തും സ്വന്തമായി വീടുകളില്ലാത്തവര്‍ക്കാണ് പി.എം.എ.വൈ-യു പദ്ധതിയില്‍ അപേക്ഷിക്കാവുന്നത്.
സബ്‌സിഡി സ്‌കീം
ഇന്ററസ്റ്റ് സബ്‌സിഡി സ്‌കീം (ഐ.എസ്.എസ്) പ്രകാരം സാമ്പത്തികമായി പിന്നോക്കം നില്‍കുന്നവര്‍, താഴ്ന്ന വരുമാനക്കാര്‍ എന്നിവര്‍ക്കാണ് ഈ സ്‌കീം വഴി ആനുകൂല്യം ലഭിക്കുന്നത്. 25 ലക്ഷം രൂപ വരെ ലോണെടുക്കുന്ന 35 ലക്ഷം രൂപ വരെ മൂല്യമുള്ള വീടുകള്‍ നിര്‍മിക്കുന്നതിനോ വാങ്ങുന്നതിനോ പലിശയില്‍ 4 ശതമാനം സബ്‌സിഡി ലഭിക്കും. ലോണെടുക്കുന്ന തുകയിലെ ആദ്യത്തെ 8 ലക്ഷം രൂപയ്ക്കാകും ഈ ആനുകൂല്യം ലഭിക്കുക. 12 വര്‍ഷം വരെയാകും സബ്‌സിഡി ലഭിക്കുക. 1.80 ലക്ഷം രൂപ വരെ ഇത്തരത്തില്‍ സബ്‌സിഡിയായി ലഭിക്കും.
2015 ജൂണില്‍ ആരംഭിച്ച പ്രധാനമന്ത്രി ആവാസ് യോജന അര്‍ഹരായ എല്ലാ നഗര ഗുണഭോക്താക്കള്‍ക്കും അടിസ്ഥാന സൗകര്യങ്ങളോടെയുള്ള വീടുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇത്.
ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പി.എം.എ.വൈ പദ്ധതിക്കായി 80,671 കോടി രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ മാസം നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച സമ്പൂര്‍ണ ബജറ്റിലും ഇതിനായി തുക മാറ്റിവച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 4.21 കോടി വീടുകളുടെ പൂര്‍ത്തീകരണം ഉറപ്പാക്കിയെന്ന് ധനമന്ത്രി അവകാശപ്പെട്ടിരുന്നു.
Tags:    

Similar News