ഫ്രീ മൊബൈല്‍ ഡാറ്റ, ഫ്രീ പാര്‍ക്കിംഗ്, ട്രാഫിക് പിഴയില്‍ ഇളവ്; യു.എ.ഇ ദേശീയദിനത്തില്‍ വമ്പന്‍ ഓഫറുകള്‍
അവധി ദിനങ്ങള്‍ ആഘോഷമാക്കി പ്രവാസികള്‍
അറബ് എമിറേറ്റുകള്‍ ഉല്‍സവച്ഛായയിലാണ്. രാജ്യത്തിന്റെ 53-ാമത് ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഏഴ് എമിറേറ്റുകളിലും വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ഡിസംബര്‍ 2,3 തീയ്യതികളില്‍ നടക്കുന്ന ആഘോഷത്തിന് മുമ്പ് വാരാന്ത്യ അവധി കൂടി ലഭിച്ചതോടെ പ്രവാസികള്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ നാലു ദിവസത്തിന്റെ അവധി ലഭിച്ചതിന്റെ സന്തോഷത്തിലാണ്. 2,3 ദിവസങ്ങളിൽ ശമ്പളത്തോടു കൂടിയുള്ള അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാലു ദിവസം ഒന്നിച്ച് കിട്ടിയതോടെ പ്രവാസികളില്‍ പലരും വെള്ളിയാഴ്ച തന്നെ നാട്ടിലേക്ക് വിമാനം കയറി. നാട്ടില്‍ പോകാത്തവര്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. യു.എ.ഇ സര്‍ക്കാരിന്റെ ഔദ്യോഗിക ദേശീയദിനാഘോഷം ഇത്തവണ അല്‍ഐനിലാണ് നടക്കുന്നത്.
ഫ്രീ മൊബൈല്‍ ഡാറ്റ, ഫ്രീ പാര്‍ക്കിംഗ്
ദേശീയ ദിനത്തില്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ച് വിവിധ കമ്പനികള്‍ രംഗത്തുണ്ട്. പ്രമുഖ മൊബൈല്‍ ദാതാക്കളായ ഡു വരിക്കാര്‍ക്ക് 53 ജിബി ഡാറ്റയാണ് സൗജന്യമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസംബര്‍1,2,3 തീയ്യതികളില്‍ ദുബൈയിലെ പബ്ലിക് പാര്‍ക്കിംഗുകളിലെ മള്‍ട്ടി സ്റ്റോറി ടെര്‍മിലുകളില്‍ ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യാത്രകള്‍ സുഗമമാക്കാന്‍ ദുബൈ മെട്രോയുടെയും ട്രാമിന്റെയും സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഡിസംബര്‍ 3 വരെ പുലര്‍ച്ചെ ഒരു മണിവരെ സര്‍വീസ് നടത്തും.
ട്രാഫിക് പിഴയില്‍ ഇളവ്
അജ്മാനിലും ഉമുല്‍ ഖുവൈനിലും ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാഫിക് ഫൈനുകളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. 50 ശതമാനം ഇളവാണ് നല്‍കുന്നത്. അബുദബി, അല്‍ഐന്‍ എന്നിവിടങ്ങളിൽ ഡിസംബര്‍ 2,3 തിയ്യതികളില്‍ ട്രക്കുകള്‍ക്ക് നിരോധനമുണ്ട്.
ബീച്ചുകളില്‍ നിയന്ത്രണം
ആഘോഷങ്ങള്‍ അക്രമരഹിതമാകാന്‍ ചില മുന്‍ കരുതലുകള്‍ യു.എ.ഇ പോലീസ് സ്വീകരിച്ചിട്ടുണ്ട്. ജുമൈറ ബീച്ച് 2,3, ഉമ്മുസുഖീം ബീച്ച് 1,2 എന്നീ ബിച്ചുകളില്‍ കുടുംബങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം. പാര്‍ക്കുകളുടെ സമയങ്ങളിലും മാറ്റങ്ങളുണ്ട്. സബീല്‍, അല്‍സഫ, മംസാര്‍, മുഷറിഫ് പാര്‍ക്കുകള്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണിവരെ തുറക്കും. മറ്റു പാര്‍ക്കുകളില്‍ ഉച്ചക്ക് 12 മണി വരെയാണ് പ്രവേശനം. ഷാര്‍ജ, കല്‍ബ, ഖോര്‍ഫുക്കാന്‍ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളില്‍ ഡിസംബര്‍ 1,2 തിയ്യതികളില്‍ പ്രവേശനം സൗജന്യമാണ്. ഷാര്‍ജയില്‍ ദേശീയ ദിനാഘോഷം ഈ മാസം 21 തന്നെ ആരംഭിച്ചിട്ടുണ്ട്. ഷോപ്പിംഗ് ഫെസ്റ്റിവലും വിവിധ സാംസ്‌കാരിക പരിപാടികളുമാണ് അവിടെ നടന്നു വരുന്നത്.
ആഘോഷമാക്കാന്‍ വെടിക്കെട്ടും
മൂന്നു ദിവസങ്ങളില്‍ വിവിധ എമിറേറ്റുകളിൽ ആഘോഷങ്ങള്‍ക്ക് പൊലിമ കൂട്ടാന്‍ വെടിക്കെട്ടും ഒരുക്കിയിട്ടുണ്ട്. ദുബൈയില്‍ ഗ്ലോബല്‍ വില്ലേജ്, ഫെസ്റ്റിവെല്‍ സിറ്റി, അല്‍ സീഫ്, ബീച്ചുകള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ വൈകുന്നേരങ്ങളില്‍ വെടിക്കെട്ട് ഒരുക്കും. മറ്റു എമിറേറ്റുകളിലും ഇതിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.