കൈവിട്ട് കോവിഡ് വ്യാപനം: കേരളത്തില്‍ കോവിഡ് പ്രതിരോധം പാളുന്നുവോ?

സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് ആശങ്കകള്‍ക്കൊപ്പം ചില ചോദ്യങ്ങളും ഉയര്‍ത്തുന്നു

Update: 2021-08-26 10:09 GMT

മൂന്നര മാസത്തെ ഇടവേളയ്ക്കു ശേഷം കേരളത്തില്‍ വീണ്ടും 30,000 മുകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ആഗസ്ത് 25ന് സംസ്ഥാനത്ത് പുതിയ 24,296 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ രാജ്യത്തെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 37,593 കേസുകളായിരുന്നു. അതായത് രാജ്യത്തെ മൊത്തം പുതിയ കോവിഡ് കേസുകളുടെ ഏകദേശം 65 ശതമാനം കേരളത്തിന്റെ മാത്രം സംഭാവന! കോവിഡ് പ്രതിരോധത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനമെന്ന പേരില്‍ രാജ്യാന്തര മാധ്യമങ്ങള്‍ വരെ പ്രകീര്‍ത്തിച്ച കേരളമാണ് ഇപ്പോള്‍ രാജ്യത്ത് ഈ വിധം നില്‍ക്കുന്നത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ അയല്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകളും കോളെജുകളും തുറക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ കേരളം പ്രതിദിന കോവിഡ് വ്യാപന നിരക്ക് നിയന്ത്രണത്തിലാക്കാന്‍ വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടിവരുമോയെന്ന കാര്യം ചര്‍ച്ച ചെയ്യുന്നു.

കോവിഡിന്റെ കാര്യത്തില്‍ കേരളത്തില്‍ സംഭവിക്കുന്നതെന്ത്?
രാജ്യത്ത് ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ആദ്യഘട്ടം മുതല്‍ കര്‍ശന നിയന്ത്രണങ്ങളാണ് രോഗ വ്യാപനം തടയാന്‍ സ്വീകരിച്ചിരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം പൊലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും അതിശക്തമായ രംഗത്തിറങ്ങിയതോടെ ജനങ്ങള്‍ പ്രത്യക്ഷത്തില്‍ ചങ്ങലയില്ലായെങ്കിലും ചങ്ങലക്കിട്ട സ്ഥിതിയിലായി. 17 മാസമായി ഇത്തരത്തില്‍ കര്‍ശന നിയന്ത്രണം തുടരുമ്പോഴും കോവിഡ് വ്യാപനം വരുതിയിലാക്കാന്‍ സാധിക്കുന്നില്ല.

വാക്‌സിനേഷന്‍ വളരെ നല്ല രീതിയില്‍ പുരോഗമിക്കുന്ന ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇന്നലെ ടി പി ആര്‍ സംസ്ഥാന ശരാശരിക്ക് മുകളിലാണ്! മാത്രമല്ല കോവിഡ് പോസിറ്റീവായി പത്തുദിവസം കഴിഞ്ഞിട്ടും പലരും നെഗറ്റീവാകാത്ത സ്ഥിതിയുമുണ്ട്. 45 വയസിനുമുകളില്‍ പ്രായമുള്ള ഭൂരിഭാഗം പേരും രണ്ട് ഡോസ് വാക്‌സിനെടുത്ത ഗ്രാമപഞ്ചായത്തുകള്‍ വരെ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍ ആയിരിക്കുകയാണ്.

കേരളത്തില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും ആഘോഷങ്ങളും കാരണമായെങ്കില്‍ ഓണാഘോഷം ഇപ്പോഴത്തെ കോവിഡ് കേസ് വര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം. പൊതുചടങ്ങുകള്‍ ഒഴിവാക്കപ്പെടുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തപ്പോഴും ഓണവുമായി ബന്ധപ്പെട്ട സ്വകാര്യ ചടങ്ങുകളും ഗൃഹ സന്ദര്‍ശനങ്ങളും കോവിഡ് വ്യാപനത്തിന് ഇടയാക്കി.

രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ ഇനി കോവിഡ് വരില്ലെന്ന മട്ടില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ കാറ്റില്‍ പറത്തുന്നതും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. ഓണത്തോടനുബന്ധിച്ച് ഷോപ്പിംഗിന് കുട്ടികളെ കൂടെ കൂട്ടിയത്, കുഞ്ഞുങ്ങളിലെ രോഗബാധ കൂട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ രോഗം പിടിപ്പെട്ട കുട്ടികളില്‍ പലരും മരുന്നുകളോട് പ്രതികരിക്കാതെ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടന്ന കേസുകളും കേരളത്തിലുണ്ട്. കോവിഡ് മാറിയതിനുശേഷവും കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കോവിഡ് നിയന്ത്രണത്തിനായി ഇതുവരെ കേരളം സ്വീകരിച്ചിരുന്ന രീതികള്‍ തെറ്റായിരുന്നുവെന്ന വിധത്തില്‍ വിമര്‍ശനവും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അതിനിടെ കേരളത്തിലെ രോഗവ്യാപനത്തിന് കാരണം വകഭേദം സംഭവിച്ച കൊറോണ വൈറസ് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോയെന്ന സംശയവും ബലപ്പെടുന്നുണ്ട്.
കേരളം ഇന്ത്യയ്ക്കുള്ള സൂചനയോ?
കേരളത്തിലെ കോവിഡ് കേസുകള്‍ ഉയരുന്നതിനെ രാജ്യം ആശങ്കയോടെയാണ് നോക്കുന്നത്. ഓണത്തോടെയാണ് രാജ്യത്തെ ഉത്സവസീസണുകളുടെ തുടക്കം. ദീപാവലി, ദസ്സറ ആഘോഷങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. കേരളത്തിലെ കോവിഡ് കേസ് വര്‍ധനയുടെ പശ്ചാത്തലത്തില്‍, ഈ ഉത്സവ സീസണുകള്‍ രാജ്യത്ത് കോവിഡ് മൂന്നാംതരംഗത്തിന് ആക്കം കൂട്ടുമെന്ന ഭീതി പരക്കുന്നുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കോവിഡ് മൂന്നാംതരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തിലാകുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതിനിടെ രാജ്യത്ത് മൂന്നാംതരംഗം ആരംഭിച്ചുവെന്നും വാക്‌സിനേഷനും രോഗപ്രതിരോധ ശേഷി കൂടിയതും കാരണം രണ്ടാം തരംഗം പോലെ രൂക്ഷത അനുഭവപ്പെടാത്തതാണെന്നും ചൂണ്ടിക്കാട്ടുന്ന വിദഗ്ധരുമുണ്ട്.

കേരളത്തില്‍ നിലവില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 30,000ത്തിന് മുകളിലാണെങ്കിലും യഥാര്‍ത്ഥ കണക്കുകള്‍ അതിലേറെയായിരിക്കാനാണിട. ഇന്നലെ 1.65 ലക്ഷം പേരെയാണ് പരിശോധിച്ചത്. പരിശോധന നിരക്ക് കൂടുന്തോറും പ്രതിദിന രോഗബാധയും കൂടിയേക്കും. വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ ഒക്ടോബറിലാണ് മൂന്നാംതരംഗം മൂര്‍ധന്യത്തിലെത്തുന്നതെങ്കില്‍ സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാകും. ഇനിയും സമ്പൂര്‍ണ അടച്ചിടലിലേക്ക് കേരളം പോയാല്‍ സാധാരണക്കാരുടെ ജീവിതം വീണ്ടും വഴിമുട്ടും. രോഗവ്യാപനം ചെറുക്കാന്‍ പുതിയ മോഡലുകള്‍ കേരളം തേടേണ്ടിയിരിക്കുന്നു.


Tags:    

Similar News