രാജ്യത്തെ പ്രതിദിന കേസുകള്‍ കുറഞ്ഞുവെങ്കിലും മരണസംഖ്യ ഉയര്‍ന്നുതന്നെ
24 മണിക്കൂറിനിടെ 4,172 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്
രാജ്യത്തെ പ്രതിദിന കേവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവെങ്കിലും മരണസംഖ്യ ഉയര്‍ന്നുതന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,172 പേര്‍ക്കാണ് രാജ്യത്ത് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. അതേസമയം 41 ദിവസങ്ങള്‍ക്ക് ശേഷം പ്രതിദിന കേസുകള്‍ രണ്ട് ലക്ഷത്തില്‍ താഴെയെത്തിയതിന് പിന്നാലെ വീണ്ടും രണ്ട് ലക്ഷത്തിന് മുകളിലെത്തി. ഇന്നലെ 2,08,921 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഇതോടെ 2,71,57,795 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് കണ്ടെത്തിയത്. 3,11,388 പേരാണ് ഇതുവരെ കോവിഡിനെ തുടര്‍ന്ന് മരണപ്പെട്ടത്.
അതേസമയം രാജ്യത്ത് രോഗമുക്തി നിരക്ക് 89.66 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2,95,955 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. രോഗികളുടെ എണ്ണം കുറയുന്നതും രോഗമുക്തി വര്‍ധിക്കുന്നതും രാജ്യത്തിന് ആശ്വാസകരമാണ്. ഇത് ആക്ടീവ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമാകും.
തമിഴ്‌നാട്ടിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 34,285 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം ബാധിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തമിഴ്‌നാടിന് പിന്നിലുള്ളത്.
അതേസമയം വാക്‌സിന്‍ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ വാക്‌സിനുകളെത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ കമ്പനികളായ മോഡേണയും ഫൈസറും. മോഡേണയുടെ സിംഗിള്‍ ഡോസ് വാക്‌സിന്‍ അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഫൈസര്‍ 2021 ല്‍ തന്നെ അഞ്ച് കോടി ഷോട്ടുകള്‍ നല്‍കാന്‍ തയാറാണെങ്കിലും കാര്യമായ നിയന്ത്രണ ഇളവുകള്‍ ആവശ്യപ്പെടുന്നുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.