ചക്ക മുതല്‍ കശുവണ്ടി വരെ; കയറ്റുമതിയുടെ സാധ്യതകള്‍ തേടി കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം

അമേരിക്കയിലെ ഡിമാന്റ് പ്രയോജനപ്പെടുത്തണം

Update:2024-08-05 14:13 IST

exports

കേരളത്തിന്റെ തനതായ കാര്‍ഷികോല്‍പ്പങ്ങള്‍ക്ക് വിദേശവിപണിയിലെ വ്യാപാരസാധ്യതകള്‍ കണ്ടെത്താനുള്ള പദ്ധതികള്‍ സജീമാക്കി കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം കോഴിക്കോട് സംഘടിപ്പിച്ച ശില്‍പ്പശാല കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വഴികാട്ടിയായി. അഗ്രികള്‍ച്ചര്‍ ആന്റ് പ്രൊസസ്ഡ് ഫൂഡ് എക്‌സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് അതോറിറ്റി (അപേഡ), കേരള കാര്‍ഷിക വകുപ്പ്, ജെ.എസ്.ഡബ്ല്യു പോര്‍ട്ട്,  കസ്റ്റംസ് എന്നിവരുടെ കൂടി പങ്കാളിത്തത്തോടെയാണ് ശില്‍പ്പശാല നടന്നത്. ചക്ക, കൈതച്ചക്ക, കശുവണ്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ വിപണികളില്‍ വലിയ ഡിമാന്റ് ഉണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും ശില്‍പ്പശാലയില്‍ സംസാരിച്ച 'അപേഡ' ബംഗളുരു മേഖലാ മേധാവി യു.ധര്‍മ്മറാവു ചൂണ്ടിക്കാട്ടി. നിലവില്‍ അപേഡ അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങള്‍, കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം എന്നിവ കയറ്റുമതിക്കാര്‍ക്ക് പ്രയോജനപ്പെടുത്താനാകും.

ടെസ്റ്റിംഗ് ലാബ് അത്യാവശ്യം

കേന്ദ്ര സര്‍ക്കാരിന്റെ ഒരു ജില്ല, ഒരു ഉല്‍പ്പന്നം പദ്ധതിയില്‍ കോഴിക്കോട് ജില്ല ശ്രദ്ധകേന്ദ്രീകരിക്കുന്നത് കാര്‍ഷികോല്‍പ്പന്നങ്ങളുടെയും ചെരുപ്പിന്റെയും കയറ്റുമതിയിലാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ പെട്ടെന്ന് നശിക്കുന്നവയായതിനാല്‍ കയറ്റുമതിക്കാര്‍ ഒട്ടേറെ പ്രതിസന്ധികളാണ് നേരിടുന്നതെന്ന് കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി സി.ടി മുന്‍ഷിദ് അലി 'ധനം ഓണ്‍ലൈനോ'ട് പറഞ്ഞു. വിദേശ രാജ്യങ്ങളിലേക്ക് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നതിന് മുമ്പ് വിശദമായ ലാബ് പരിശോധന ആവശ്യമാണ്. ഇതിനുള്ള സൗകര്യം ഇവിടെയില്ല. ബാംഗ്ലൂരിലോ മറ്റോ അയച്ച് റിപ്പോര്‍ട്ട് ലഭിക്കാന്‍ മൂന്നു ദിവസമെങ്കിലും എടുക്കും. ഈ പ്രതിസന്ധി പരിഹരിക്കാന്‍ കാലിക്കറ്റ് യുണിവേഴ്‌സിറ്റിയിലെ ഹെല്‍ത്ത് സയന്‍സ് വകുപ്പുമായി സഹകരിച്ച് ടെസ്റ്റിംഗ് ലാബ് ആരംഭിക്കാന്‍ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ധാരണാപത്രം തയ്യാറാക്കിയതായി മുന്‍ഷിദ് അലി വ്യക്തമാക്കി.

പാലക്കാട് വേണം ഹോട്ട് ട്രീറ്റ്‌മെന്റ് പ്ലാന്റ്

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മാങ്ങ വിദേശത്തേക്ക് കയറ്റി അയക്കുന്നുണ്ടെങ്കിലും പാലക്കാട് ജില്ലയിലെ മുതലമടയില്‍ നിന്നാണ് ഇന്ത്യയില്‍ മാങ്ങയുടെ സീസണ്‍ ആരംഭിക്കുന്നത്. മാങ്ങയും പെട്ടെന്ന് കേടുവരുന്നവയായതിനാല്‍ കൃത്യസമയത്ത് വിദേശത്ത് എത്തിക്കാന്‍ കര്‍ഷകരും കയറ്റുമതിക്കാരും പാടുപെടുകയാണെന്ന് മുന്‍ഷിദ് അലി പറഞ്ഞു. മാങ്ങയില്‍ കീടനാശിനികളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കേണ്ടതുമുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതു പോലെ ഹോട്ട് ട്രീറ്റ്‌മെന്റ് പ്ലാന്റ് കേരളത്തിലും ആവശ്യമാണ്. ഇത് പാലക്കാട് ജില്ലയില്‍ ആരംഭിക്കണമെന്ന് കേരള എകസ്‌പോര്‍ട്ടേഴ്‌സ് ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതിയിലൂടെ വരുമാനമുണ്ടാക്കുകയെന്നതിനപ്പുറം കര്‍ഷകര്‍ ഉള്‍പ്പടെ ഉല്‍പ്പാദന,വിപണന മേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരുടെ സംരക്ഷണം കൂടി കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറത്തിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കപ്പല്‍,വിമാന ചാര്‍ജ്ജ് കുറക്കണം

അടിക്കടിയുള്ള കപ്പല്‍വിമാന ചാര്‍ജ് വര്‍ധന കയറ്റുമതിയെ സാരമായി ബാധിക്കുന്നുണ്ടെന്ന് കേരള എക്‌സ്‌പോര്‍ട്ടേര്‍സ് ഫോറം പ്രസിഡണ്ട് കെ.എം. ഹമീദലി ചൂണ്ടിക്കാട്ടി. ഇതിനായി അടിയന്തിരമായി കേന്ദ്ര സര്‍ക്കാര്‍ ' ഫ്രീറ്റ് സ്റ്റാട്ട്യൂട്ടറി റെഗുലേറ്ററി അതോറിറ്റി' രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ശില്‍പ്പശാലയില്‍ ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡണ്ട് എ. സുധീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത് ബാബു, മംഗലാപുരം പോര്‍ട്ട് സീനിയര്‍ ഡി..ജി.എം. നവനീത് കുമാര്‍ ഫെഡറല്‍ ബാങ്ക് ഡപ്യൂട്ടി വൈസ് പ്രസിഡണ്ട് അരൂണ്‍ തോമസ്, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം കാര്‍ഗോ മേധാവി വിവേക് പാലി, ഇന്ത്യന്‍  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് സ്‌പൈസ് റിസര്‍ച്ച് ഓഫീസര്‍ ലിജോ തോമസ്, ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ പി. ശ്രീലേഖ, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് സൈഫുന്നിസ്സ എന്നിവര്‍ സംസാരിച്ചു.

Tags:    

Similar News