ഇന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; സെപ്റ്റംബര്‍ 11, 2020

Update: 2020-09-11 13:05 GMT

കമ്പനികളെ ആകര്‍ഷിക്കാന്‍ 1,70,000 കോടിയുടെ പദ്ധതി അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് ആഘാതത്തില്‍ നിന്ന് രാജ്യത്തെ വ്യവസായ മേഖലയെ കരകയറ്റാന്‍ വന്‍കിട പദ്ധതികള്‍ കേന്ദ്രം ആസുത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിര്‍മാണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് വിവിധ കമ്പനികളെ ആകര്‍ഷിക്കുന്നതിനായി മാത്രം 23 ബില്യണ്‍ ഡോളറി(1,70,000 കോടി രൂപ)ന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതികളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓട്ടോമൊബൈല്‍, സോളാര്‍ പാനല്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍, തുണിവ്യവസായം, ഭക്ഷ്യ സംസ്‌കരണം, മരുന്ന് നിര്‍മാണം തുടങ്ങിയ മേഖലകളിലെ കമ്പനികള്‍ക്കാകും ആനുകൂല്യങ്ങള്‍ എത്തുക.

ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ കൊണ്ടുവന്ന പിഎല്‍ഐ ആനുകൂല്യ പദ്ധതിക്കു കീഴില്‍ തന്നെയാണ് ഇതും രൂപകല്പനചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടനെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായെത്തും.  വന്‍ നിക്ഷേപങ്ങള്‍ ആഖര്‍ഷിക്കാനാകുന്ന സൗരോര്‍ജം, ഇലക്ട്രോണിക്സ് മേഖലകളെ മുന്‍ നിര്‍ത്തിയുള്ള പദ്ധതി രാജ്യത്തിന് ഗുണംചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ സാമ്പത്തിക ഉന്നമനത്തിന് സാധ്യതയുള്ള എല്ലാ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മുമ്പ് ചൈനയില്‍ നിന്നും ലവന്‍ തോതില്‍ ഇറക്കുമതി ചെയ്തിരുന്ന ഫര്‍ണീച്ചര്‍, പ്ലാസ്റ്റിക്, കളിപ്പാട്ടം, താങ്ങാവുന്ന കണ്‍സ്യൂമര്‍ ഗുഡ്‌സ് വിഭാഗം എന്നീ മേഖലകളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കും. ഇത്തരത്തില്‍ മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ശക്തി പകരും. സാംസംഗ്, ആപ്പിള്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ രാജ്യത്തെ മൊബൈല്‍ നിര്‍മാണ പ്ലാന്റുകള്‍ നിര്‍മിക്കുന്നതിന് 1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇതിനോകം തന്നെ വാഗ്ദാനംചെയ്തിട്ടുണ്ട്. രാജ്യത്ത് സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനം തന്നെ ഇത്തരത്തില്‍ സാധ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ 26 സ്ഥാനങ്ങള്‍ പിന്നോട്ട് പോയി ഇന്ത്യ

ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചിക പട്ടികയിലും താഴേക്ക് പോയി ഇന്ത്യ. കഴിഞ്ഞ വര്‍ഷത്തേതിനെക്കാള്‍ 26 സ്ഥാനം താഴെപ്പോയി ഇന്ത്യ 105-ാം സ്ഥാനത്തെത്തി. പോയ വര്‍ഷം ഇന്ത്യ 79-ാം സ്ഥാനത്തായിരുന്നു. കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ലോക സാമ്പത്തിക സ്വാതന്ത്ര്യം സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സിംഗപ്പൂരും ഹോങ്കോംഗുമാണ് ആഗോള സാമ്പത്തിക സ്വാതന്ത്ര്യ സൂചികയില്‍ ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. 162 രാജ്യങ്ങളുടെ നയങ്ങളും സ്ഥാപനങ്ങളും വിശകലനം ചെയ്താണ് സാമ്പത്തിക സ്വാതന്ത്ര്യ സൂചിക റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. പട്ടികയില്‍ 124-ാം സ്ഥാനത്തുള്ള ചൈനയേക്കാള്‍ മുന്നിലുണ്ടെന്നതാണ് ഇന്ത്യക്ക് ആശ്വാസം. ന്യൂസിലന്‍ഡ്, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎസ്, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ജോര്‍ജിയ, കാനഡ, അയര്‍ലന്‍ഡ് എന്നിവരാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റു രാജ്യങ്ങള്‍.റിപ്പോര്‍ട്ടില്‍ മറ്റു രാജ്യങ്ങള്‍ ജപ്പാന്‍(20), ജര്‍മനി(21), ഇറ്റലി(51) ഫ്രാന്‍സ്(58) മെക്‌സികോ(68) റഷ്യ(89) എന്നിങ്ങനെയാണ് .

അന്താരാഷ്ട്ര വ്യാപരത്തില്‍ കൂടുതല്‍ തുറന്ന ഇടപെടല്‍, വിപണികളിലെ പുത്തന്‍ പരിഷ്‌കാരങ്ങള്‍ എന്നിവ ഇന്ത്യയിലെ സാമ്പത്തിക സ്വാതന്ത്ര്യം വര്‍ധിപ്പിക്കാനുള്ള സാധ്യതകളാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയിലെ നിയമവ്യവസ്ഥയും സ്വത്തവകാശവും 5.17-ല്‍ നിന്ന് 5.06 പോയിന്റായി  കുറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ വ്യാപാരം നടത്താനുള്ള സ്വാതന്ത്ര്യം 6.08-ല്‍ നിന്ന് 5.71 ആയി. വായ്പ, തൊഴില്‍, ബിസിനസ് എന്നിവയിലെ നിയന്ത്രണം 6.63-ല്‍ നിന്ന് 6.53 ആയും ഇടിഞ്ഞു.

വ്യക്തിപരമായി തിരഞ്ഞെടുക്കുന്നതിനുള്ള ഘട്ടങ്ങള്‍, വിപണികളില്‍ പ്രവേശിക്കുന്നതിനുള്ള കഴിവ്, സ്വകാര്യ ഉടമസ്ഥതയിലുള്ള സ്വത്തിന്റെ സുരക്ഷ, നിയമവാഴ്ച തുടങ്ങിയ കാര്യങ്ങളാണ് വിശകലനം ചെയ്യുക. ആഫ്രിക്കന്‍ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗൊ, സിംബാവെ, റിപ്പബ്ലിക് ഓഫ് കോംഗൊ, അള്‍ജീരിയ, ഇറാന്‍, അംഗോള, ലിബിയ, സുഡാന്‍, വെനിസ്വേല എന്നീ രാജ്യങ്ങളാണ് പട്ടികയിലെ ഏറ്റവും അവസാന പത്ത് സ്ഥാനക്കാര്‍.

ടൂറിസം മോഖല തിരിച്ചുവരാന്‍ ഇളവനുവദിക്കണമെന്ന് ഫിക്കി

ഒക്ടോബര്‍ മുതല്‍ ടൂറിസം മേഖലയില്‍ ഉണര്‍വ് വരുമെന്ന സൂചനകള്‍ പുറത്തു വരുകയാണ്. എന്നാല്‍ മേഖലയുടെ അതിജീവനത്തിന് നിലവില്‍ ടൂറിസം മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി). ഇത് സംബന്ധിച്ച് ഫിക്കി സംസ്ഥാനസര്‍ക്കാരിന് നിവേദനം നല്‍കി.

ലോക്ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ കേരളത്തിലെ ടൂറിസം മേഖല സ്തംഭനാവസ്ഥയില്‍ തുടരുകയാണ്. പിന്നീട് മറ്റ് പല മേഖലകള്‍ക്കും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും ടൂറിസം മേഖലയ്ക്ക് ഇത്തരം ഇളവുകളൊന്നും നല്‍കിയിട്ടില്ല.

കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ടൂറിസം മേഖലക്ക് സംസ്ഥാന സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചത് ഈ മേഖലക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ കോവിഡ് ഇളവുകള്‍ക്കൊപ്പം മറ്റു സംസ്ഥാനങ്ങള്‍ അവതരിപ്പിച്ച പദ്ധതികളും കേരളത്തില്‍ വരണം. രാജസ്ഥാന്‍ സര്‍ക്കാര്‍ ടൂറിസം മേഖലയുടെ പ്രവര്‍ത്തനത്തിനായി വിപുലമായ സുരക്ഷാ-ശുചിത്വ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. ടൂറിസം സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കെ ടൂറിസം മേഖലയില്‍ അണ്‍ലോക്കിംഗ് നടപടികള്‍ ഉണ്ടാകേണ്ടത് ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പതിനായിരങ്ങളുടെ ഉപജീവനത്തിനും കേരള ടൂറിസത്തിന്റെ അതിജീവനത്തിനും അതിപ്രധാനമാണെന്നും ഫിക്കി ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന എല്ലാ സുരക്ഷാ മുന്‍കരുതലുകളും മാര്‍ഗനിര്‍ദേശങ്ങളും പ്രോട്ടോകോളുകളും പാലിച്ച് ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഈ മേഖലയിലെ സംരംഭകര്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ടൂറിസം കമ്മിറ്റി കണ്‍വീനര്‍ യൂ സി റിയാസ് ടൂറിസം മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച നിവേദനത്തില്‍ വ്യക്തമാക്കുന്നു.

ഭവനവായ്പയ്ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ; ആശ്വാസമായി ട്വീറ്റ്

ഭവനവായ്പയ്ക്ക് പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് എസ്ബിഐ ബാങ്ക്. മൂന്നുതരത്തിലാണ് ആനുകൂല്യം ലഭിക്കുകയെന്ന് എസ്ബിഐയുടെ ഏറ്റവും പുതിയ വിജ്ഞാപന ട്വീറ്റില്‍ പറയുന്നു. മാത്രമല്ല പ്രൊസസിംഗ് ചാര്‍ജുകളും ഒഴിവാക്കിയിട്ടുണ്ട്. ഉയര്‍ന്ന സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് പലിശ നിരക്കില്‍ 0.10ശതമാനം കിഴിവ്(30 ലക്ഷത്തിനുമുകളില്‍ ഒരുകോടി രൂപവരെ വായ്പയെടുക്കുന്നവര്‍ക്ക്). എസ്ബിഐ യോനോ ആപ്പുവഴി വായ്പയ്ക്ക് അപേക്ഷിച്ചാല്‍ പലിശയില്‍ അധികമായി 0.5ശതമാനം കുറവുംനേടാമെന്നാണ് അറിയിപ്പ്. 

റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ള പുതിയ വായ്പകളുടെ പലിശ നിരക്ക് 6.65ശതമാനമാണ്. നിലവില്‍ ഭവനവായ്പയ്ക്ക് ശമ്പള വരുമാനക്കാരില്‍നിന്ന് 6.95 ശതമാനംമുതല്‍ 7.45ശതമാനംവരെയാണ് പലിശ ഈടാക്കുന്നത്. സ്വയം തൊഴില്‍ ചെയ്യുന്നവരില്‍നിന്ന് ഇത് 7.10ശതമാനം മുതല്‍ 7.60ശതമാനംവരെയുമാണ്.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ആര്‍ബിഐ റിപ്പോ നിരക്ക് നാലുശതമാനത്തിലേയ്ക്ക് കുറച്ചതോടെ കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് ഭവനവായ്പയ്ക്ക് ബാങ്കുകള്‍ ഈടാക്കുന്നത്.

വ്യവസായ മന്ത്രി ഇ പി ജയരാജന് കോവിഡ്

വ്യവസായമന്ത്രി ഇ.പി.ജയരാജനു കോവിഡ് പോസിറ്റീവ്. സമ്പര്‍ക്കത്തിലൂടെയാണോ രോഗം പിടിപെട്ടത് എന്നതില്‍ വ്യക്തത വന്നിട്ടില്ല. അദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. അദ്ദേഹവുമായി കമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ വിശദായ ലിസ്റ്റ് പരിശോധിക്കുകയാണ്. കണ്ണൂരിലെ വസതിയില്‍ നിരീക്ഷണത്തിലായിരുന്നു. മന്ത്രിയുടെ ഓഫിസ് ജീവനക്കാരില്‍ 4 പേരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.

ഇ പി ജയരാജന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പരിയാരം മെഡിക്കല്‍ കോളജിലെ ഡോക്റ്റര്‍മാരുടെ നിഗമനം. സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ ഇ. പി ജയരാജന്‍. ധനമന്ത്രി ടി.എം.തോമസ് ഐസക്കിനായിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. എങ്കിലും കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടിലേക്കെത്തിയിട്ടില്ല.

കൊറോണ തടയാന്‍ കിമ്മിന്റെ 'ഷൂട്ട് ടു കില്‍' ഉത്തരവ്

കൊറോണ വൈറസ് രാജ്യത്തേക്കു പ്രവേശിക്കുന്നതു തടയാന്‍ ഉത്തര കൊറിയയില്‍ 'ഷൂട്ട് ടു കില്‍' ഉത്തരവ് പുറപ്പെടുവിച്ചെന്നു യുഎസ്. അതിര്‍ത്തി കടന്നെത്തുന്നവരില്‍ ആര്‍ക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാല്‍ അവരെ വെടിവച്ചുകൊല്ലാനാണ് ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഉത്തരവെന്ന് യുഎസ് ഫോഴ്‌സസ് കൊറിയ കമാന്‍ഡറെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം വൈറലാണ് ഈ വാര്‍ത്ത. ലോകമെമ്പാടും കോവിഡ് പടരുന്നതിനിടെയും ഉത്തര കൊറിയയില്‍ ഒരു പോസിറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കിം അവകാശപ്പെടുന്നത്. വൈറസ് പടരുന്നത് തടയുന്നതിനായി ചൈനയുമായുള്ള അതിര്‍ത്തി ജനുവരിയില്‍ അടച്ചിരുന്നു. ചൈനീസ് അതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ വരെയുള്ള ദൂരം ബഫര്‍ സോണാക്കി നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്.

കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു

കേരളത്തില്‍ വെള്ളിയാഴ്ച സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ 11 ന് പവന് 120 രൂപ കുറഞ്ഞ് 37800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാമിന് ഗ്രാമിന് 4725 രൂപയാണ് ഇന്നത്തെ നിരക്ക്. ഓഗസ്റ്റ് 11 ന് ഇത് 5472 രൂപയായിരുന്നു. ജൂലൈ 11 ന് 4582 രൂപയും. ഇന്നലെ സ്വര്‍ണ വില പവന് 80 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയിരുന്നു. ഓഗസ്റ്റ് മാസത്തില്‍ ഇതേ സമയം വന്‍ വിലക്കൂടുതലിലാണ് സ്വര്‍ണം വിറ്റ് പോയിരുന്നത്. ഓഗസ്റ്റ് ഏഴ് എട്ട് തീയതികളില്‍ റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണം വിറ്റു പോയിരുന്നത്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്.

ഓഹരി വിപണിയില്‍ നേരിയ നേട്ടം

വാരാന്ത്യത്തില്‍ നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍. സെന്‍സെക്സ് 14 പോയ്ന്റ് ഉയര്‍ന്ന്, വെറും 0.04 ശതമാനം, 38,854.5 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിക്ക് ഇന്ന് 15 പോയ്ന്റ് അഥവാ 0.13 ശതമാനം നേട്ടമുണ്ടാക്കാനാണ് സാധിച്ചത്. നിഫ്റ്റി 11,464ല്‍ ക്ലോസ് ചെയ്തു.
സെന്‍സെക്സ് സൂചിക കമ്പനികളില്‍ 10 എണ്ണം നേട്ടമുണ്ടാക്കിയപ്പോള്‍ 20 എണ്ണത്തിന്റെ വിലയിടിഞ്ഞു. എസ്ബിഐ ഓഹരി വില രണ്ട് ശതമാനത്തോളം ഉയര്‍ന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് വില രണ്ടുശതമാനത്തോളം താഴുകയും ചെയ്തു.

ഓഹരി വിപണിയുടെ ആഴ്ചയിലെ പ്രകടനമെടുത്താല്‍ സെന്‍സെക്സ് 1.29 ശതമാനവും നിഫ്റ്റി 1.15 ശതമാനവും വര്‍ധിച്ചു. ബിഎസ്ഇ സ്മോള്‍, മിഡ് കാപ് സൂചികകള്‍ യഥാക്രമം 0.52 ശതമാനവും 0.58 ശതമാനവും ഉയര്‍ന്നു.നിഫ്റ്റി സെക്ടര്‍ സൂചികകള്‍ എടുത്താല്‍ ഐറ്റി സ്റ്റോക്കുകളാണ് ഇന്ന് ഏറെ മുന്നേറി. സ്ട്രെഡ്സ് ഫാര്‍മയുടെ ഓഹരി വില ഇന്ന് 13 ശതമാനത്തോളമാണ് ഉയര്‍ന്നത്. രണ്ടുമാസത്തിനുള്ളില്‍ ഈ ഓഹരി വില 64 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്.

കേരള കമ്പനികളുടെ പ്രകടനം

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നിലമെച്ചപ്പെടുത്തി. കേരളം ആസ്ഥാനമായുള്ള മൂന്ന് ബാങ്കുകളുടെ ഓഹരി വിലകള്‍ ഇന്ന് നിലമെച്ചപ്പെടുത്തി. എന്‍ ബി എഫ് സികളില്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില മാത്രമാണ് താഴ്ച രേഖപ്പെടുത്തിയത്.

കമ്മോഡിറ്റി വിലകള്‍

സ്വര്‍ണം :  4725 രൂപ (one gram )

വെള്ളി :   67.98 രൂപ (one gram)

ക്രൂഡ് ഓയ്ല്‍ :  2743.00 Per 1 BBL

കുരുമുളക് :  328.00 രൂപ (1 kg)

റബ്ബര്‍ :  1345 രൂപ (1 kg)

ഏലം : 1538 (1 kg)

കൊറോണ അപ്‌ഡേറ്റ്‌സ്

കേരളത്തില്‍ ഇന്ന്

രോഗികള്‍: 2988, മരണം:14

ഇതുവരെ:  രോഗികള്‍:  27,877, മരണം: 398

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍:4,562,414 മരണം: 76,271

ലോകത്ത് ഇതുവരെ

രോഗികള്‍: 28,161,885, മരണം: 909,479

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News