ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍; ജനുവരി 27, 2021

ഇന്ത്യ 11.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്. കാര്‍ഷിക വായ്പ 19 ലക്ഷം കോടി ആയി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കൊപ്രയുടെ താങ്ങുവില കൂട്ടി. മൂന്നാം പാദ അറ്റാദായത്തില്‍ 18.2 ശതമാനം വര്‍ധനവ് നേടി ജ്യോതി ലാബ്‌സ്. സംസ്ഥാനങ്ങള്‍ക്കുള്ള പതിമൂന്നാം ജിഎസ്ടി നഷ്ടപരിഹാര ഗഡു വിതരണം ചെയ്തു. തുടര്‍ച്ചയായ നാലാം ദിവസവും സൂചികകള്‍ താഴോട്ട്. ഇന്ന് നിങ്ങളറിയേണ്ട ബിസിനസ് വാര്‍ത്തകള്‍

Update: 2021-01-27 13:56 GMT
ഇന്ത്യ 11.5 ശതമാനം വളര്‍ച്ച നേടുമെന്ന് ഐഎംഎഫ്
'ആഗോള വളര്‍ച്ചാ നിരക്ക് 5.5 ശതമാനമാകും, ഇന്ത്യ 11.5 ശതമാനം വളര്‍ച്ച നേടും.' പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനങ്ങളുമായി രാജ്യാന്തര നാണയ നിധി (ഐഎംഎഫ്). 2021 ല്‍ ആഗോള സമ്പദ്വ്യവസ്ഥയില്‍ 5.5 ശതമാനം വളര്‍ച്ചയുണ്ടാകും. ഇന്ത്യയില്‍ അതിവേഗ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു. വാക്‌സിന്റെ വരവ് വ്യാപാര പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ കാരണമായിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടുന്നു.
ബജറ്റില്‍ കാര്‍ഷിക വായ്പ 19 ലക്ഷം കോടി ആയി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
2021-22 വര്‍ഷത്തെ ബജറ്റില്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്പാ ലക്ഷ്യം ഏകദേശം 19 ലക്ഷം കോടി രൂപയായി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ 15 ലക്ഷം കോടി കാര്‍ഷിക വായ്പാ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയുടെ വായ്പാ ലക്ഷ്യം സര്‍ക്കാര്‍ എല്ലാ വര്‍ഷവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത്തവണ 2021-22ല്‍ ലക്ഷ്യം 19 ലക്ഷം കോടി ആയി ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റ് ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
പതിമൂന്നാം ജിഎസ്ടി നഷ്ടപരിഹാര ഗഡു വിതരണം ചെയ്തു
ജി എസ് ടി നഷ്ടപരിഹാരത്തിലെ കുറവ് നികത്തുന്നതിന്, കേന്ദ്ര ധനമന്ത്രാലയത്തിന്റെ പതിമൂന്നാമത് ഗഡുവായ 6000 കോടി രൂപ വിതരണം ചെയ്തു. ഇതില്‍ 5,516.60 കോടി രൂപ ജി എസ് ടി കൗണ്‍സില്‍ അംഗങ്ങളായ 23 സംസ്ഥാനങ്ങള്‍ക്കും 483.40 കോടി രൂപ നിയമസഭയുള്ള 3 കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കു(ഡല്‍ഹി, ജമ്മുകാശ്മീര്‍, പുതുച്ചേരി)മാണ് നല്‍കിയത്.
മൂന്നാം പാദ അറ്റാദായത്തില്‍ 18.2 ശതമാനം വര്‍ധനവ് നേടി ജ്യോതി ലാബ്‌സ്
രാജ്യത്തെ മുന്‍നിര എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്‌സ് കഴിഞ്ഞ ത്രൈമാസത്തില്‍ 18.2 ശതമാനം വര്‍ധനവോടെ 53.2 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇക്കാലയളവില്‍ അറ്റ വില്‍പന 13.3 ശതമാനം വര്‍ധനവോടെ 477 കോടി രൂപയിലും എത്തി. ഉപഭോക്താക്കളുടെ തിരിച്ചു വരവ് കമ്പനിയുടെ പ്രകടനത്തിലും പ്രതിഫലിക്കുന്നുണ്ടെന്നാണ് നിഗമനം. കഴിഞ്ഞ മൂന്നു ത്രൈമാസങ്ങളിലായി കമ്പനി 163.4 കോടി രൂപയുടെ അറ്റാദായമാണു കൈവരിച്ചിട്ടുള്ളത്. ഇക്കാലത്തെ അറ്റ വില്‍പന 7.3 ശതമാനം വര്‍ധിച്ച് 1414 കോടി രൂപയിലും എത്തിയിട്ടുണ്ട്.
ഹിന്ദുസ്താന്‍ യുണിലിവര്‍; അറ്റാദായം 19 ശതമാനം കൂടി
ഹിന്ദുസ്താന്‍ യുണിലിവര്‍ ലിമിറ്റഡ് ഡിസംബര്‍ പാദത്തിലെ സാമ്പത്തിക ഫലം ബുധനാഴ്ച്ച പുറത്തുവിട്ടു. ഒക്ടോബര്‍ - നവംബര്‍ ത്രൈമാസപാദം 1,927 കോടി രൂപയാണ് കമ്പനി അറ്റാദായം നേടിയത്. വര്‍ധനവ് 18.87 ശതമാനം. മുന്‍ സാമ്പത്തികവര്‍ഷം ഇതേ കാലത്ത് 1,616 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനവും കൂടിയിട്ടുണ്ട്. 11,682 കോടി രൂപയാണ് ഇനത്തില്‍ കമ്പനി കണ്ടെത്തിയത്. 
കൊപ്രയുടെ താങ്ങുവില കൂട്ടി
കൊപ്രയുടെ താങ്ങുവില കൂട്ടി കേന്ദ്ര മന്ത്രിസഭ തീരുമാനം. മില്ലിംഗ് കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 375 രൂപയും ഉണ്ട കൊപ്രയുടേത് 300 രൂപയും കൂട്ടി. ഇതോടെ കൊപ്രയുടെ വില ക്വിന്റലിന് യഥാക്രമം 10335 രൂപയും 10600 രൂപയുമാകും. അഗ്രികള്‍ച്ചറല്‍ കോസ്റ്റസ് ആന്റ് പ്രൈസസ് കമ്മീഷന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് തീരുമാനം.
സ്വര്‍ണ വിലയില്‍ ഇന്ന് കുറവ്
കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 4,575 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക് 36,600 രൂപയാണ്.
തുടര്‍ച്ചയായ നാലാം ദിവസവും സൂചികകള്‍ താഴോട്ട്
തുടര്‍ച്ചയായ നാലാം ദിവസും സൂചികകള്‍ താഴോട്ട്. സെന്‍സെക്സ് 937.66 പോയ്ന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ 47,409.93 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 271.40 പോയ്ന്റ് ഇടിഞ്ഞ് 13967.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 1053 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 141 ഓഹരി വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ 1809 ഓഹരികള്‍ക്ക് കാലിടറി. എഫ്എംസിജി മേഖല മാത്രമാണ് ഇന്ന് പിടിച്ചു നിന്നത്. വന്‍കിട വിദേശ നിക്ഷേപകര്‍ മാറി നിന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായത്. ബാങ്കിംഗ്, ഫാര്‍മ ഓഹരികള്‍ക്കാണ് ഇന്ന് വലിയ തിരിച്ചടിയേറ്റത്.
Exchange Rates: Jan 25, 2020

ഡോളര്‍ 72.97
പൗണ്ട് 100.03 
യുറോ 88.40 
സ്വിസ് ഫ്രാങ്ക് 82.28
കാനഡ ഡോളര്‍ 57.27
ഓസിസ് ഡോളര്‍ 56.20
സിംഗപ്പൂര്‍ ഡോളര്‍ 54.97
ബഹ്‌റൈന്‍ ദിനാര്‍ 193.56
കുവൈറ്റ് ദിനാര്‍ 241.06 
ഒമാന്‍ റിയാല്‍ 189.76 
സൗദി റിയാല്‍ 19. 45
യുഎഇ ദിര്‍ഹം 19.87

കമ്മോഡിറ്റി വിലകള്‍- Jan 27, 2021

കുരുമുളക് (ഗാര്‍ബിള്‍ഡ്) : 345.00(kg)
കുരുമുളക് (അണ്‍ ഗാര്‍ബിള്‍ഡ്): 325.00

ഏലക്ക: 1575.95 (Kg)

റബര്‍ : കൊച്ചി
റബര്‍ 4 ഗ്രേഡ് : 15100
റബര്‍ 5 ഗ്രേഡ് : 14400 

റബര്‍ : കോട്ടയം
റബര്‍ 4 ഗ്രേഡ് : 15100
റബര്‍ 5 ഗ്രേഡ് : 14400

സ്വര്‍ണം : 4575 , ഇന്നലെ :4605
വെള്ളി : 66.20, ഇന്നലെ : 66.50


Tags:    

Similar News