നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍; മെയ് 07, 2021

സംസ്ഥാനത്ത് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പുതുക്കി. 2021 ല്‍ ആഗോള വ്യാപാരം വര്‍ധിക്കുമെന്ന് മൂഡീസ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ലോക്ഡൗണിലും പ്രവര്‍ത്തിക്കും. കര്‍ണാടകയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഗ്രോഫേഴ്‌സില്‍ നിക്ഷേപം നടത്താനൊരുങ്ങി സൊമാറ്റോ. മെയ് 15 നകം പ്രൈവസി പോളിസി മാറ്റം വരുത്തുമെന്ന തീരുമാനം വാട്‌സാപ്പ് റദ്ദാക്കി. തുടര്‍ച്ചയായി മൂന്നാംദിനവും ഉയര്‍ച്ചയോടെ വിപണി. ഇന്ന് നിങ്ങളറിഞ്ഞിരിക്കേണ്ട ബിസിനസ് വാര്‍ത്തകള്‍ ചുരുക്കത്തില്‍.

Update:2021-05-07 20:22 IST

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി

സംസ്ഥാനത്തെ ലോക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പുതുക്കി. പുതിയ തീരുമാനം അനുസരിച്ച് റസ്റ്ററന്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ രാത്രി 7.30വരെ പ്രവര്‍ത്തിക്കാം. പാഴ്‌സലും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. സെബിയുടെ അംഗീകാരമുള്ള ബാങ്കുകള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ധനകാര്യ സേവന സ്ഥാപനങ്ങള്‍, കാപിറ്റല്‍ ആന്‍ഡ് ഡെബ്റ്റ് മാര്‍ക്കറ്റ് സര്‍വീസുകള്‍ക്കും കോ-ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. സമയം ക്രമീകരിക്കണം.
ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു: സംസ്ഥാനത്ത് 38,460 പുതിയ കേസുകള്‍

കോവിഡ് വ്യാപനം സംസ്ഥാനത്തും ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 38,460 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. 4,02,650 പേരാണ് സംസ്ഥാനത്ത് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയിലുള്ളത്.
കര്‍ണാടകയിലും 14 ദിവസം ലോക്ഡൗണ്‍
കര്‍ണാടകയിലും രണ്ടാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 10 ന് രാവിലെ ആറു മണി മുതല്‍ 24 ന് രാവിലെ 6 മണി വരെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആയിരിക്കും.
ഗ്രോഫേഴ്‌സില്‍ നിക്ഷേപം നടത്താനൊരുങ്ങി സൊമാറ്റോ

ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സൊമാറ്റോ ഇ-ഗ്രോസറി സ്‌റ്റോറായ ഗ്രോഫേഴ്‌സില്‍ 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി ദേശീയ റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഗ്രോഫേഴ്‌സില്‍ ഓഹരി സ്വന്തമാക്കുക വഴി ഓണ്‍ലൈന്‍ ഗ്രോസറി രംഗത്തെ വലിയ കാല്‍വയ്പാകും സൊമാറ്റോ നടത്തുക.
2021 ല്‍ ആഗോള വ്യാപാരം 7-9% വളരും: മൂഡീസ്
2021 ല്‍ ആഗോള വ്യാപാരം 7-9 ശതമാനം വര്‍ധിക്കുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ് അറിയിച്ചു. 2020 ല്‍ 9% സങ്കോചമാണ് മേഖല നേരിട്ടത്. 2021 ല്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും 2022 ന് മുമ്പ് വ്യാപാര അളവ് കോവിഡ് കാലത്തിനുമുമ്പുള്ള നിലയിലെത്തില്ലെന്നും മൂഡീസ് പറഞ്ഞു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ ലോക്ഡൗണിലും പ്രവര്‍ത്തിക്കും
ലോക്ഡൗണിലും എന്‍ബിഎഫ്‌സികള്‍ക്ക് പ്രവര്‍ത്തനാനുമതി. സംസ്ഥാനത്തെ ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്സി) ലോക്ഡൗണ്‍ കാലയളവില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ ഓഫ് നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതിനായുള്ള അനുമതി ലഭിച്ചതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
മെയ് 15 നകം പ്രൈവസി പോളിസി  മാറ്റം വരുത്തുമെന്ന തീരുമാനം വാട്‌സാപ്പ് റദ്ദാക്കി
മെയ് 15 നകം പ്രൈവസി പുനക്രമീകരണം നടത്തുമെന്ന വാട്‌സാപ് പ്രഖ്യാപനം കമ്പനി പിന്‍വലിച്ചു. ഏറെ വിവാദമുണ്ടാക്കിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് വാട്‌സാപ്പിന്റെ പുതിയ തീരുമാനം. മാതൃ കമ്പനിയായ ഫെയ്സ്ബുക്കുമായി ഡാറ്റ പങ്കിടുന്നുവെന്ന ഉപയോക്തൃ ആശങ്കയെ തുടര്‍ന്ന് വാട്ട്സാപ്പിന് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു.
വാക്‌സിന്‍ എടുത്തവര്‍ മാത്രം തിരികെ ജോലിയില്‍ പ്രവേശിച്ചാല്‍ മതിയെന്ന് സൗദി
കോവിഡ് -19 ന് പ്രതിരോധ കുത്തിവയ്പ് സ്വീകരിച്ചാല്‍ മാത്രമേ ജീവനക്കാരെ നേരിട്ട് ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ അനുവദിക്കുകയുള്ളൂവെന്ന് സൗദി അറേബ്യ അറിയിച്ചു. പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ മടങ്ങിവരുന്നതിന് കുത്തിവയ്പ്പ് ഒരു നിര്‍ബന്ധിത വ്യവസ്ഥയായി മാറുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യാന്തര തലത്തിലെ അനുകൂല സംഭവവികാസങ്ങളും ഇന്ത്യന്‍ കമ്പനികളുടെ താരതമ്യേന മികച്ച സാമ്പത്തിക പാദഫലങ്ങളും കൂടി ചേര്‍ന്നതോടെ തുടര്‍ച്ചയായി മൂന്നാംദിവസവും ഇന്ത്യന്‍ ഓഹരി വിപണി സൂചിക ഉയര്‍ന്നു. ജര്‍മനിയുടെ മികച്ച സാമ്പത്തിക സൂചകങ്ങളുടെ പിന്‍ബലത്തില്‍ യൂറോപ്യന്‍ ഓഹരികള്‍ നല്ല പ്രകടനം കാഴ്ചവെച്ചു. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ അതിവേഗം പുറത്തുകടക്കുന്നുവെന്ന സൂചനകളും ആഗോള ഓഹരി വിപണികളുടെ മുന്നേറ്റത്തിന് സഹായിച്ചു.
കേരള കമ്പനികളുടെ പ്രകടനം
നിറ്റ ജലാറ്റിന്റെ ഓഹരി വില ഇന്ന് ഏഴ് ശതമാനത്തിലേറെ ഉയര്‍ന്ന് 201.60 രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്ന് വന്‍ കുതിപ്പാണുണ്ടായത്. 16 ശതമാനത്തോളം ഉയര്‍ന്ന് 9.32 രൂപയിലെത്തി. കല്യാണ്‍ ജൂവല്ലേഴ്സിന്റെ ഓഹരി വില നാല് ശതമാനത്തോളം ഇന്ന് വര്‍ധിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരി വില നാല് ശതമാനത്തിലേറെ മുന്നേറിയപ്പോള്‍ ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക് ഓഹരി വിലകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല





കോവിഡ് അപ്‌ഡേറ്റ്‌സ് - May 07, 2021

കേരളത്തില്‍ ഇന്ന്

രോഗികള്‍:38460

മരണം:54​

ഇന്ത്യയില്‍ ഇതുവരെ

രോഗികള്‍ :21,491,598​

മരണം: 234,083​

ലോകത്തില്‍ ഇതുവരെ

രോഗികള്‍: 155,655,853​

മരണം: 3,252,119

 


 


Tags:    

Similar News