ലോകകപ്പ് ടിവിയില്‍ കാണിച്ച് 'കടത്തിലായി', പൈസ തിരിച്ചു തരണമെന്ന് സ്റ്റാര്‍ ഗ്രൂപ്പ്
പരസ്യ വരുമാനത്തിന്റെ 90 ശതമാനത്തിലധികം വരുന്നത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ്
അമേരിക്കയിലും വെസ്റ്റ്ഇന്‍ഡീസിലുമായി നടന്ന ഐ.സി.സി ട്വന്റി-20 ലോകകപ്പ് നടത്തിപ്പ് തങ്ങളുടെ സാമ്പത്തിക ഭദ്രതയെ ബാധിച്ചെന്ന പരാതിയുമായി ഡിസ്‌നി സ്റ്റാര്‍ ഗ്രൂപ്പ്. ലോകകപ്പ് സംപ്രേക്ഷണം ചെയ്ത വകയില്‍ വന്ന നഷ്ടം നികത്തുന്നതിന് അന്താരഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സ്റ്റാര്‍ ഗ്രൂപ്പിന്റെ ആവശ്യം.
ടി.വി സംപ്രേക്ഷണ കരാര്‍ പ്രകാരം ഐ.സി.സിക്ക് നല്‍കേണ്ട തുകയില്‍ നിന്ന് 830 കോടി രൂപയുടെ ഡിസ്‌കൗണ്ട് വേണമെന്നാണ് കമ്പനിയുടെ ആവശ്യം. ഇതുസംബന്ധിച്ച ആവശ്യവുമായി അവര്‍ ഐ.സി.സിക്ക് കത്തയച്ചു. യു.എസ്.എയിലും വിന്‍ഡീസിലുമായി ലോകകപ്പ് നടന്നതാണ് സ്റ്റാറിന് തിരിച്ചടിയായി മാറിയത്.
തിരിച്ചടിയായത് സമയപ്രശ്‌നം
പരസ്യ വരുമാനത്തിന്റെ 90 ശതമാനത്തിലധികം വരുന്നത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ്. ഇന്ത്യന്‍ സമയം അര്‍ധരാത്രിയും പുലര്‍ച്ചെയുമൊക്കെയായിരുന്നു മല്‍സരങ്ങള്‍ നടന്നത്. ഇതുമൂലം പ്രേക്ഷകരുടെ എണ്ണം വല്ലാതെ കുറഞ്ഞു. പരസ്യ വരുമാനവും ഇടിഞ്ഞു.
ഇന്ത്യ-കാനഡ മല്‍സരം അടക്കം ഹൈവോള്‍ട്ടേജ് പോരാട്ടങ്ങളില്‍ ചിലത് മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതും വരുമാനത്തില്‍ കുറവുണ്ടാകാന്‍ കാരണമായി. ലോകകപ്പില്‍ 16 ടീമുകള്‍ കളിക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ മല്‍സരങ്ങളില്‍ നിന്നാണ് വരുമാനത്തിന്റെ സിംഹഭാഗവും വരുന്നത്.
മാര്‍ക്കറ്റിംഗിലെ പോരായ്മകള്‍
ലോകകപ്പിന് ആദ്യമായി അമേരിക്ക വേദിയായത് ഇത്തവണയായിരുന്നു. നടത്തിപ്പിലെ പ്രശ്‌നങ്ങളും മാര്‍ക്കറ്റിംഗ് രീതികളിലെ പാളിച്ചയും മൂലം ഐസിസിക്ക് മാത്രം 167 കോടി രൂപ നഷ്ടമുണ്ടായിരുന്നു. താല്‍ക്കാലിക സ്റ്റേഡിയങ്ങള്‍ ഒരുക്കിയാണ് യു.എസില്‍ ഇത്തവണ ലോകകപ്പ് സംഘടിപ്പിച്ചത്. ഐ.സി.സിയുടെ പുതിയ ചെയര്‍മാനായി ജയ്ഷാ വരുന്നതോടെ നഷ്ടപരിഹാര പരാതിയില്‍ തീരുമാനമുണ്ടാകുമെന്നാണ് ഡിസ്‌നി സ്റ്റാര്‍ ഗ്രൂപ്പിന്റെ പ്രതീക്ഷ.